LATEST

6/recent/ticker-posts

സിദ്ദിഖിനായി രാജ്യം മുഴുവൻ വലവിരിച്ച് പോലീസ്; എല്ലാ സംസ്ഥാനങ്ങളിലും പത്രങ്ങളിൽ സിദ്ദിഖിന്റെ ഫോട്ടോ പതിച്ച അറിയിപ്പും ഫോൺ നമ്പറും

 




തിരുവനന്തപുരം: നടൻ സിദ്ദിഖിനെ കണ്ടെത്താൻ കടുത്ത നടപടികൾ സ്വീകരിക്കാൻ നിർബന്ധിതരായി പോലീസ്. എല്ലാ സംസ്ഥാനങ്ങളിലും തിരച്ചിൽ നോട്ടിസ് പത്രങ്ങളിൽ പരസ്യമായി പ്രസിദ്ധീകരിക്കാൻ നിർദേശം നൽകി ഡിജിപി. എല്ലാ സംസ്ഥാനങ്ങളിലെയും ഡിജിപിമാർക്ക് ഇതെകുറിച്ചുള്ള അറിയിപ്പ് ഇമെയിൽ അയച്ചു. സിദ്ദ്ഖ് മറ്റേതെങ്കിലുമൊരു സംസ്ഥാനത്ത് കാലുകുത്തിയാൽ ഉടനെ തിരിച്ചറിയാനാണിത്. ഇതോടൊപ്പം അന്വേഷണസംഘത്തി​ന്റെ ഫോൺ നമ്പറും പത്രങ്ങൾക്ക് നൽകിയിട്ടുണ്ട്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ പത്രങ്ങളിൽ കൊടുക്കാൻ ഇന്നലെ തന്നെ സിദ്ദിഖിന്റെ ഫോട്ടോ പതിച്ച അറിയിപ്പും ഫോൺ നമ്പറും കൈമാറി.



സിദ്ദിഖിനെ തേടി ചെന്നൈയിലും ബെംഗളൂരുവിലും പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. രണ്ടാം ദിവസവും പിടി കൊടുക്കാതെ സിദ്ദിഖ് ഒളിവിൽ തുടരുന്നതിനിടെ, മുഖം രക്ഷിക്കാനാണു പൊലീസ് നീക്കം.


റോഡ് മാർഗം കേരളത്തിൽ നിന്നു രക്ഷപ്പെടാതിരിക്കാൻ അതിർത്തികളിൽ പരിശോധനാ സംഘത്തെ നിയോഗിച്ചു. സിദ്ദിഖിനെ കണ്ടെന്നു പറഞ്ഞ് പത്തിലധികം ഫോൺ കോളുകൾ വന്നതിനെ തുടർന്ന് ഇന്നലെ രാത്രി ഇവിടെയെല്ലാം പരിശോധന നടത്തി. പുലർച്ചെ വർക്കലയിൽ ഹോട്ടലിൽ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് അവിടെയും പൊലീസ് പരിശോധന നടത്തി.


കൊച്ചിയിൽ വളരെ സമ​​ഗ്രമായ രീതിയിലുള്ള അന്വേഷണമാണ് പോലീസ് നടത്തിയത്. ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റുകൾ പോലും പരിശോധനയിൽ ഉൾപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ചില നടൻമാരുടെ ഫാം ഹൗസുകളും ഫ്ലാറ്റുകളും വീടുകളും അന്വഷണവിധേയമാക്കി. ഡ്രൈവർമാരുടെയും സിനിമാമേഖലയിലെ ഉന്നതരുടെയും വരെ ഫോണുകൾ പരിശോധനയ്ക്ക് വിധേയമാക്കി. ഫീൽഡിൽ 10 പേരടങ്ങുന്ന പോലീസ് സംഘവും സൈബർ സംഘത്തിന്റെ മറ്റൊരു 10 പേരും സജീവമായി പരിശോധനയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.

Post a Comment

0 Comments