മസ്കറ്റ്: ഒമാനിലേക്ക് ഇന്ത്യന്‍ സഞ്ചാരികളെ എത്തിക്കാന്‍ ലക്ഷ്യമിട്ട് ഒമാന്‍ ടൂറിസം മന്ത്രാലയം ഇന്ത്യന്‍ നഗരങ്ങളില്‍ നടത്തിയ കാംപെയിന് ലഭിച്ചത് മികച്ച പ്രതികരണം. ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ നടന്ന പ്രചരണ പരിപാടികളില്‍ നൂറില്‍ അധികം ഇന്ത്യന്‍ കമ്പനികള്‍ പങ്കാളികളായി. ഇന്ത്യയിലെ വിനോദ സഞ്ചാര മേഖലയിലെ പങ്കാളികള്‍ക്ക് ഹോട്ടലുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, എയര്‍ലൈനുകള്‍, മന്ത്രാലയ പ്രതിനിധികള്‍ എന്നിവരുമായി ബന്ധപ്പെടാനുള്ള അവസരവും ഇവിടെ ഒരുക്കിയിരുന്നു.
ഒമാനില്‍ നിന്നുള്ള ഇരുന്നൂറിലേറെ ട്രാവല്‍ ആന്‍ഡ് ടൂറിസം സ്ഥാപനങ്ങളും ഈ പരിപാടിയില്‍ പങ്കാളികളായി. ടൂറിസം പ്രചരണത്തിന്റെ ഭാഗമായി ന്യൂ ഡല്‍ഹിയില്‍ എത്തിയ ഒമാന്‍ പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അസ്സാന്‍ ഖാസ്സിം മുഹമ്മദ് അല്‍ ബുസൈദിയും കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തും കൂടിക്കാഴ്ച നടത്തി. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പ്രതിനിധികളും പങ്കെടുത്തു. ഇന്ത്യക്കാര്‍ക്ക് വിവാഹ പരിപാടികള്‍ നടത്താനും സമ്മേളനങ്ങള്‍ പ്രദര്‍ശനങ്ങള്‍ എന്നിവ നടത്താനും ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സജ്ജമാണെന്ന് ഒമാന്‍ ടൂറിസം പ്രതിനിധികള്‍ അറിയിച്ചു. ഇതിനെ കുറിച്ച് ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ കൃത്യമായ പ്രചാരണ പരിപാടികള്‍ നടത്തും.
അഞ്ച് റിയാലിന് പത്ത് ദിവസത്തെ ടൂറിസ്റ്റ് വിസ, ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍, മൂന്ന് മണിക്കൂറില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള വിമാനയാത്ര, കുറഞ്ഞ നിരക്കിലെ താമസം, പൈതൃക കേന്ദ്രങ്ങള്‍, ബീച്ചുകള്‍ തുടങ്ങിയവയാണ് ഒമാനിലേക്ക് ഇന്ത്യക്കാരെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍.
കൊച്ചിയില്‍ നിന്നും വെറും രണ്ടര മണിക്കൂര്‍ പറന്നാല്‍ എത്തുന്ന അതിമനോഹരമായ രാജ്യമാണ് ഒമാന്‍. മലയാളിക്ക് പരിചിതമാണെങ്കിലും ഏതൊരു സഞ്ചാരിയെയും ആശ്ചര്യപ്പെടുത്തുന്ന കാഴ്ചകള്‍ ഒമാനില്‍ കാത്തിരിപ്പുണ്ടെന്നുള്ള കാര്യം പലര്‍ക്കുമറിയില്ല. അതിമനോഹരമായ ബീച്ചുകള്‍, മലനിരകള്‍, മണല്‍തീരങ്ങള്‍, മരുപ്പച്ചകള്‍ തുടങ്ങി അനന്തമായ കാഴ്ചകളാണ് ഒമാനിലുള്ളത്. സാഹസിക വിനോദസഞ്ചാരത്തിന് ലോകോത്തര നിലവാരമുള്ള ഡെസ്റ്റിനേഷനുകളും ഈ അറബ് രാജ്യത്തുണ്ട്.
രാജ്യത്തിന്റെ വലിയൊരു വിഭാഗവും മരുഭൂമിയാണെങ്കിലും പച്ചപ്പ് നിറഞ്ഞ മലനിരകളും മലനിരകളും കടലുമൊക്കെ ഒമാനിലെ കാഴ്ചകളെ മനോഹരമാക്കുന്നു. മണല്‍തീരങ്ങളിലെയും മലമുകളിലെയും ക്യാമ്പിങ്ങ് മറക്കാനാകാത്ത അനുഭവമാണ് സഞ്ചാരികളില്‍ സൃഷ്ടിക്കുക. ഒമാനിലെ കടല്‍തീരങ്ങള്‍ സ്‌കൂബ ഡൈവിങ്, സ്നോര്‍ക്കലിങ്, കയാക്കിങ്, സര്‍ഫിങ് പോലുള്ള സാഹസികതകള്‍ക്ക് മികച്ച ഇടമാണ്. അപൂര്‍വമായ മത്സ്യസമ്പത്തും പവിഴപ്പുറ്റും നിറഞ്ഞ ഒമാന്‍തീരത്തെ സ്‌കൂബക്കാഴ്ചകള്‍ മായികമാണ്.
0 Comments