LATEST

6/recent/ticker-posts

വയനാട് ഉരുൾപൊട്ടലിൽ വീട് ലഭിക്കാതെ ദുരന്തബാധിതർ; സർക്കാർ ഇതുവരെ ചെലവഴിച്ചത് 113.58 കോടി മാത്രം; ദുരിതാശ്വാസ നിധിയിൽ 772.11 കോടി


കൽപ്പറ്റ: വയനാട് മുണ്ടക്കൈ - ചൂരൽമല ഉരുൾദുരന്ത ബാധിതർക്കായി ഇതുവരെ സംസ്ഥാന സർക്കാർ ഇതുവരെ ചിലവഴിച്ചത് 113.58 കോടി രൂപ മാത്രം. ഇന്നേക്ക് ദുരന്തമുണ്ടായി ഒരു വർഷം പിന്നിടുമ്പോഴും ദുരന്തബാധിതർ ഇപ്പോഴും ദുരന്തമുഖത്ത് തന്നെ നിൽക്കുകയാണ്. ഇവർക്ക് നിർമിച്ചു നൽകുമെന്ന് പറഞ്ഞിരുന്ന വീടും ടൗണ്ഷിപ്പുമെല്ലാം ഇപ്പോഴും പൂർത്തിയായിട്ടില്ല. കോടികൾ കയ്യിൽ ഇരുന്നിട്ടും പ്ലാനുൾപ്പെടെയുള്ള എല്ലാം ഏറെ വൈകിയാണ് നടന്നത്. എത്രയും വേഗം നിർമിച്ചുനൽകേണ്ട വീടുകൾ ഇപ്പോഴും ലഭ്യമായിട്ടില്ല. വാടക വീടുകളിൽ താമസിക്കുന്ന പലരുടെയും വാടകയും സർക്കാർ നൽകുന്നിലെന്ന പരാതിയും ഉയരുന്നുണ്ട്.


സംസ്ഥാന സർക്കാരിന് പൊതുജനങ്ങൾ നൽകിയ ആകെ സംഭാവനയായി നൽകിയത് 772.11 കോടി രൂപയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ഇത്രയും തുക വന്നത്. ദുരന്തം നടന്ന 2024 ജൂലൈ 30 മുതലുള്ള കണക്കാണിത്. ഇതിൽ വിവിധ ആവശ്യങ്ങൾക്കായി ഇതുവരെ ചെലവിട്ടത് 91.74 കോടി രൂപയുമാണ്. ബാക്കി 21.84 കോടി രൂപ ചിലവഴിച്ചത് സംസ്ഥാന ദുരിതാശ്വാസ നിധിയിൽ നിന്നാണ്. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൊതുജനങ്ങളിൽ നിന്നും സർക്കാർ ജീവനക്കാരിൽ നിന്നുമായി ആകെ 455.54 കോടി രൂപയാണ് കിട്ടിയത്. ബാക്കിയുള്ള 316.57 കോടി രൂപ ടി.പി.എ അക്കൗണ്ടിലേക്ക് നേരിട്ട് വന്നതാണ്. വിവിധ മേഖലകളിലായി 1,200 കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് സംസ്ഥാന സർക്കാർ കണക്കാക്കിയിരിക്കുന്നത്. എൽസ്റ്റൺ എസ്റ്റേറ്റിൽ ഭൂമി ഏറ്റെടുത്തതിന് 43.77 കോടി രൂപയും മരിച്ചവരുടെ കുടുംബാംഗങ്ങൾക്കായി (220) 13.3 കോടി രൂപയും നൽകി. 


വീടിന് പകരം 15 ലക്ഷം രൂപ വീതം 104 പേർക്ക് 15.6 കോടി രൂപ ധനസഹായം നൽകി. ജീവിതോപാധിയായി 1133 പേർക്ക് 10.1 കോടിയും ടൗൺഷിപ്പ് സ്‌പെഷ്യൽ ഓഫിസ് പ്രവർത്തനത്തിന് 20 കോടിയും അനുവദിച്ചു. അടിയന്തര സഹായമായി 1.3 കോടിയും വാടകയിനത്തിൽ 4.3 കോടിയും നൽകി. പരുക്ക് പറ്റിയവർക്ക് 18.86 ലക്ഷവും ശവസംസ്‌കാര ചടങ്ങുകൾക്കായി 17.4 ലക്ഷവും, ഉറ്റവർ നഷടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം 2.1 കോടി, കുടുംബശ്രീ വഴിയുള്ള ഉപജീവനപിന്തുണ പദ്ധതി 3.62 കോടിയും നൽകിയതടക്കമാണ് 113.58 കോടി ചിലവിട്ട കണക്ക്. എന്നാൽ ഏറ്റവും പ്രധാനമായ ടൗൺഷിപ്പും വീടുകളും എപ്പോൾ ലഭിക്കുമെന്നാണ് ദുരന്ത ബാധിതർ ചോദിക്കുന്നത്.

Post a Comment

0 Comments