സ്വകാര്യ ബസുകൾ 8ന് പണിമുടക്കും. ലിമിറ്റഡ് സ്റ്റോപ് ബസുകളുടെയും ദീർഘദൂര ബസുകളുടെയും പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകുക, അർഹതപ്പെട്ട വിദ്യാർഥികൾക്ക് മാത്രം യാത്രാസൗജന്യം ലഭ്യമാക്കുകയും നിരക്ക് കാലോചിതമായി വർധിപ്പിക്കുകയും ചെയ്യുക, ബസ് തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക, ഇ ചലാൻ വഴി അമിത പിഴ ചുമത്തുന്നത് ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. അംഗീകരിച്ചില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവയ്ക്കുമെന്ന് ബസുടമ സംയുക്ത സമിതി അറിയിച്ചു.
15 വർഷം മുൻപ് 34,000 സ്വകാര്യ ബസുകൾ ഉണ്ടായിരുന്ന സംസ്ഥാനത്ത്, ഗതാഗത വകുപ്പിന്റെ അശാസ്ത്രീയ നയം കാരണം 8000 ആയി ചുരുങ്ങി. കാലങ്ങളായി സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ് ബസുകളുടെയും ദീർഘദൂര ബസുകളുടെയും പെർമിറ്റ് അതേപടി പുതുക്കി നൽകേണ്ടതില്ലെന്നും ഈ പെർമിറ്റ് കെഎസ്ആർടിസിക്ക് നൽകണമെന്നുമുള്ള സർക്കാർ വിജ്ഞാപനം ഹൈക്കോടതി അസ്ഥിരപ്പെടുത്തിയിട്ടും സർക്കാർ അനുകൂല തീരുമാനം എടുത്തിട്ടില്ല.
വിദ്യാർഥികളുടെ യാത്രാ നിരക്ക് 13 വർഷമായി വർധിപ്പിച്ചിട്ടില്ല. സ്വകാര്യ ബസുകളിലും കെഎസ്ആർടിസിയിലും ഒരുപോലെ സ്പോട്ട് ടിക്കറ്റ് സമ്പ്രദായം നടപ്പാക്കണം. ബസ് തൊഴിലാളികൾക്ക് പിസിസി നിർബന്ധമാക്കുന്നത്, അവർ സാമൂഹിക ദ്രോഹികളാണെന്ന പൊതുബോധം സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കൂ. കൂടാതെ ജോലി ചെയ്യാൻ ജീവനക്കാരില്ലാത്ത സാഹചര്യമുണ്ടാകും. കുറ്റം എന്തെന്നു ബോധ്യപ്പെടുത്താതെയും ഹിയറിങ് നടത്താതെയും അമിത പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ഭാരവാഹികളായ ഹംസ ഏരിക്കുന്നൻ, പി.കെ.മൂസ, എം.സി.കുഞ്ഞിപ്പ, പക്കീസ കുഞ്ഞിപ്പ, പാസ് മാനു എന്നിവർ പറഞ്ഞു.

0 Comments