കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും വർധന. ഗ്രാമിന് 40 രൂപയാണ് ഇന്ന് വർധിച്ചത്. 9105 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില വർധിച്ചത്. പവന്റെ വിലയിൽ 320 രൂപയുടെ വർധനയുണ്ടായി. 72,840 രൂപയായാണ് വില വർധിച്ചത്. കഴിഞ്ഞ ദിവസം സ്വർണവില ഗ്രാമിന് 45 രൂപ വർധിച്ചിരുന്നു. 9065 രൂപയായാണ് സ്വർണവില വർധിച്ചത്. പവന് 360 രൂപയുടെ വർധനവാണ് ഉണ്ടായത്. വില 72,520 രൂപയായാണ് ബുധനാഴ്ച വില വർധിച്ചത്. അതേസമയം, ആഗോളവിപണിയിൽ ഇന്നും വില കുറഞ്ഞു. യു.എസ് പേറോൾ ഡാറ്റക്കായി നിക്ഷേപകർ കാത്തിരിക്കുന്നതാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം. ലോകവിപണിയിൽ സ്പോട്ട് ഗോൾഡിന്റെ വിലയിൽ 0.3 ശതമാനം നഷ്ടം രേഖപ്പെടുത്തി. ഔൺസിന് 3,346.47 ഡോളറായാണ് വില കുറഞ്ഞത്. യു.എസ് ഗോൾഡ് ഫ്യൂച്ചറിന്റെ വിലയും ഇടിഞ്ഞു. 0.1 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. 3,357.20 ഡോളറായാണ് സ്വർണവില കുറഞ്ഞത്. 3,320 ഡോളറിനും 3,360 ഡോളറിനുമിടയിലാണ് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. നിലവിൽ യു.എസിലെ വിവിധ സാമ്പത്തിക സൂചകങ്ങൾ സംബന്ധിച്ച വിവരങ്ങൾക്കായി നിക്ഷേപകർ കാത്തിരിക്കുകയാണ്. ഇത് വരുന്നതിനനുസരിച്ച് സ്വർണവിലയിലും മാറ്റമുണ്ടാകും. ഇന്ത്യൻ ഓഹരി വിപണികളിൽ ഇന്നത്തെ പ്രതികരണം സമ്മിശ്രമാണ്. ബോംബെ സൂചിക സെൻസെക്സ് നഷ്ടത്തിൽ വ്യാപാരം തുടങ്ങിയപ്പോൾ ദേശീയ സൂചിക നിഫ്റ്റിയിൽ 59 പോയിന്റ് നേട്ടമുണ്ടായി. 25,000 പോയിന്റിന് മുകളിലാണ് നിഫ്റ്റിയിൽ വ്യാപാരം നടത്തുന്നത്. യു.എസ്-ഇന്ത്യ വ്യാപാര കരാർ യാഥാർഥ്യമാകാനുള്ള സാധ്യത വരും ദിവസങ്ങളിൽ വിപണിക്ക് കരുത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിയറ്റ്നാമുമായി യു.എസ് വ്യാപാര കരാറിലെത്തിയതും വിപണിക്ക് കരുത്താകും.

0 Comments