ബെംഗളൂരു കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തി മുങ്ങിയ എ ആൻഡ് എ ചിറ്റ് ഫണ്ട് ഉടമ ടോമി എ. വർഗീസും ഭാര്യ ഷൈനി ടോമിയും കെനിയയിലേക്കു കടന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച മുംബൈ വഴി ടൂറിസ്റ്റ് വീസയിലാണ് പോയത്. ഇവർക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്നും പൊലീസ് പറഞ്ഞു.കൂടെ ആരെങ്കിലും പോയിട്ടുണ്ടോ എന്നറിയാൻ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നീക്കം നടത്തുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇരുവരും ബെംഗളൂരുവിൽ നിന്നു മുങ്ങിയത്. എറണാകുളത്ത് വച്ചാണ് ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ആയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.അതിനിടെ, പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്നലെ വൈകിട്ടു വരെ പൊലീസിൽ പരാതി നൽകിയവരുടെ എണ്ണം 410 ആയി. ഇതിൽ ഒന്നര കോടി രൂപ വരെ സ്ഥിര നിക്ഷേപമുള്ളവരും ഉണ്ട്. ആയിരത്തോളം അംഗങ്ങൾ ചിട്ടി കമ്പനിയിൽ ഉള്ളതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ വന്നേക്കും. 100 കോടിയിലേറെ രൂപയുടെ തട്ടിപ്പു നടന്നതായാണ് പൊലീസിന്റെ നിഗമനം. ബെംഗളൂരു രാമമൂർത്തിനഗർ പൊലീസാണ് കേസെടുത്തത്. 5 കോടിക്കു മുകളിലുള്ള തട്ടിപ്പു കേസായതിനാൽ സിഐഡിയും അന്വേഷിക്കും. ബെംഗളൂരുവിലെ ഇവരുടെ വീട് പകുതി വിലയ്ക്ക് ഒരു മാസം മുൻപ് വിറ്റതായി പൊലീസ് പറഞ്ഞു.

0 Comments