ആലപ്പുഴ: കഴിഞ്ഞ ദിവസം നടത്തിയ വർഗീയ പ്രസ്താവനയിൽ വിശദീകരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്നെ വേട്ടയാടുന്ന സ്ഥിതിവിശേഷമാണുള്ളത്. കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയാനുള്ളത് പറയും. ജനറൽ സെക്രട്ടറിയുടെ കസേരയിലിരുത്തിയ സമുദായത്തിന് വേണ്ടിയാണ് താനിതെല്ലാം പറയുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഞാനൊരു സാധാരണക്കാരനാണ്. പക്ഷേ, സാമൂഹ്യനീതിക്ക് വേണ്ടി ഞാൻ പറയും. അത് ഇന്നും പറയും നാളെയും പറയും. എന്റെ കോലം കത്തിച്ചാലും കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും ഞാൻ പറയാനുള്ളത് പറയും. 24 മണിക്കൂറും ജാതി മാത്രം പറയുകയും ജാതിക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എന്നെ ജാതിക്കോമരമെന്ന് പറയുന്നത്.
എന്നെ സമുദായം ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റുന്നതിൽ കവിഞ്ഞ് അതിനപ്പുറത്തൊരു കസേരയും ഞാനാഗ്രഹിച്ചിട്ടില്ല. കേരളത്തിൽ നിന്ന് ഒമ്പത് എംപിമാരെയാണ് ഇടതും വലതുമായി നാമനിർദേശം ചെയ്തിട്ടുള്ളത്. അതിൽ പേരിനുപോലുമൊരു പിന്നാക്കക്കാരനില്ല. കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗത്തിന് പരിഗണന കൊടുത്തില്ല എന്ന് പറഞ്ഞപ്പോൾ മുസ്ലീങ്ങളെല്ലാം എനിക്കെതിരായ ഇറങ്ങി. നവോത്ഥാന സംരക്ഷണ സമിതിയിൽ നിന്ന് മാറ്റണമെന്നാണ് അവരുടെ ആവശ്യം. ഇവരാരുമല്ലല്ലോ എന്നെ അവിടെയിരുത്തിയത്. അതുകൊണ്ട് പോടാ പുല്ലെയെന്ന് ഞാനും പറഞ്ഞു.
ഈഴവരുടെ സംഘടിതശക്തിയെ തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ജനാധിപത്യത്തിൽ നമുക്കും വേണ്ടെ അധികാരത്തിലുള്ള അവകാശം. അത് ഇടതുപക്ഷവും, വലതുപക്ഷവും തന്നില്ലെങ്കിൽ അത് തുറന്നുപറഞ്ഞ ഞാൻ വർഗീയവാദിയാണോയെന്നും അദ്ദേഹം ചോദിച്ചു. പറയാതിരുന്നാൽ ഇതൊക്കെ ആരാണ് തരാൻ പോകുന്നത്-വെള്ളാപ്പള്ളി ചോദിച്ചു.
0 Comments