പത്തനംതിട്ട: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണത്തില്‍ സാമ്പത്തിക ദുരുപയോഗം നടന്നെന്ന വാദം തള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. സമാഹരിച്ച ഫണ്ടില്‍ നിന്ന് ഒരു രൂപയില്‍ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം താന്‍ രാജിവെക്കാമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ വെല്ലുവിളിച്ചു.
ഓപ്പണ്‍ ചലഞ്ചാണ് വെക്കുന്നത്. ഒരു രൂപ പിന്‍വലിച്ചു എന്ന് തെളിയിച്ചാല്‍ ഈ നിമിഷം രാജി വയ്ക്കാം. സാമ്പത്തിക കുറ്റവാളിയായി തന്നെ ചിത്രീകരിക്കാന്‍ ശ്രമം നടക്കുകയാണ്. ഇപ്പോള്‍ 88,68,277 രൂപ അക്കൗണ്ടിലുണ്ട്. 780 കോടി സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഒരു വീട് നിര്‍മ്മിച്ച് നല്‍കിയോയെന്നും ഡിവൈഎഫ്‌ഐ നിര്‍മ്മിച്ച ഒരു വീട് കാണിച്ചു തരാമോയെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.
അന്തരീക്ഷത്തില്‍ നിന്നും സൃഷ്ടിച്ചെടുത്ത വാര്‍ത്തയാണ് പ്രചരിക്കുന്നത്. 27 ദിവസം വയനാട്ടില്‍ തങ്ങള്‍ ചെലവഴിച്ചു. മനസ്സ് വിറങ്ങലിച്ച നിരവധി കാഴ്ചകളാണ് വയനാട്ടില്‍ കണ്ടത്. എട്ട് ലക്ഷം രൂപ വിലമതിക്കുന്ന 30 വീടുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. 50 ആളുകള്‍ക്ക് വാടക വീടുകള്‍ ഒരുക്കിക്കൊടുക്കും എന്ന് പറഞ്ഞു. പണം നേരിട്ട് സമാഹരിക്കേണ്ട എന്നാണ് തീരുമാനിച്ചിരുന്നത്. വിവാഹത്തിന് സദ്യ വിളമ്പിയും മീന്‍ വിറ്റും പണം സമാഹരിച്ചു. ക്യാമ്പില്‍ ഒരു പ്രതിനിധി പോലും വയനാട് പ്രവര്‍ത്തനത്തെ വിമര്‍ശിച്ചില്ല. ബാങ്ക് സ്റ്റേറ്റ്‌മെന്റ് ആര്‍ക്കും പരിശോധിക്കാമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

0 Comments