താമരശേരി ചുരത്തിലെ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ഉണ്ടായ തടസം നീക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
ഇന്ന് റോഡിലെ മണ്ണും പാറയും മരവും നീക്കം ചെയ്ത ശേഷമെ ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാൻ സാധിക്കൂ.
ഇന്നലെ രാത്രി ഏറെ വൈകിയും തടസ്സം നീക്കാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും പൂർത്തിയാവാൻ ഇനിയും സമയമെടുക്കും. നിലവിൽ കാൽനട പോലും തടസപ്പെട്ട അവസ്ഥയാണ് ഉള്ളത്.
ഗതാഗതം പൂർണമായി നിലച്ചു.മണ്ണിടിച്ചിലിനെ തുടർന്ന് ചുരത്തിൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയതിൽ കുഴപ്പങ്ങൾ ഇല്ല എന്ന് കണ്ടെത്തി.
മണ്ണും പാറക്കെട്ടുകളും നീക്കം ചെയ്ത് ഉച്ചയോടെ ഗതാഗതം പുനസ്ഥാപിക്കാനാവുമെന്ന് അറിയിച്ചിട്ടുണ്ട്.ഇന്ന് രാവിലെ മുതൽ അടിവാരത്തും ലക്കിടിയിലും വാഹനങ്ങടെ നീണ്ട നിരയാണ്
ഇന്നലെ (ചൊവ്വാഴ്ച) രാത്രി ഏഴോടെയാണ് ചുരം ഒമ്പതാം വളവ് വ്യൂപോയന്റിനടുത്ത് മണ്ണും പാറക്കൂട്ടങ്ങളും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീണ് ഗതാഗതം പൂർണമായും തടസപ്പെട്ടത്. നിലവിൽ ആംബുലൻസിന് പോലും കടന്നുപോകാൻ കഴിയാത്ത വിധം ഗതാഗതം നിലച്ചിരിക്കുകയാണ്.
ആംബുലൻസ് അടക്കമുള്ള അത്യാവശ്യ വാഹനങ്ങൾ കടന്നുപോകാനുള്ള തരത്തിൽ പാറകൾ പൊട്ടിച്ചും മണ്ണും മരവും നീക്കം ചെയ്യാനാണ് ആദ്യ ശ്രമം നടത്തുന്നത്. യാത്രക്കാർ മറ്റു ചുരം പാതകൾ ഉപയോഗിക്കണമെന്ന് പൊലിസ് അറിയിച്ചു.
വയനാട്ടിലേക്കും തിരിച്ചും താമരശ്ശേരി ചുരം വഴിയുള്ള യാത്ര പൂർണമായും നിലച്ച അവസ്ഥയാണ് ഉള്ളത്. വയനാട് എത്തേണ്ട വാഹനങ്ങൾ താമരശേരി ചുങ്കത്തു നിന്നും തിരിഞ്ഞ് ബാലുശ്ശേരി - പേരാമ്പ്ര, കുറ്റ്യാടി ചുരം വഴി തിരിച്ചുവിട്ടു.
അതേസമയം, താമരശ്ശേരി ചുരത്തിൽ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ഇതുവഴിയുള്ള ഗതാഗതത്തിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. വാഹനങ്ങൾ കുറ്റ്യാടി ചുരം വഴിയോ നാടുകാണി ചുരം വഴിയോ തിരിഞ്ഞുപോകണം.
കുറ്റിയാടി ചുരത്തിലും വാഹനത്തിരക്ക് മൂലം ഇന്നലെ രാത്രി മുതലേ ഗതാഗത തടസം നേരിടുന്നുണ്ട്.
0 Comments