ന്യൂഡൽഹി: കോവിഡിന്റെ സംഹാര താണ്ഡവം അവസാനിച്ചെങ്കിലും അതിന്റെ അപായ അലയൊലികൾ അടങ്ങുന്നില്ല. ലോകമെമ്പാടും കോവിഡാനന്തര കാലത്തെക്കുറിച്ചുള്ള പലവിധ പഠനങ്ങൾ പുരോഗമിക്കുന്നുണ്ട്.
അതിനിടെ, യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കോവിഡ് ബാധിതരെ വാർധക്യം പെട്ടെന്ന് പിടികൂടുന്നതായി പറയുന്നു. സ്ത്രീകളെയാണത് കൂടുതലായി ബാധിക്കുന്നത്. രക്തക്കുഴലുകൾക്ക് കട്ടി കൂടുന്നത് അടക്കമുള്ള കാരണങ്ങൾ മൂലമാണിതെന്ന് ഗവേഷകർ പറയുന്നു. കോവിഡ് അണുബാധ സ്ത്രീകളുടെ രക്തക്കുഴലുകള്‍ക്ക് അഞ്ച് വര്‍ഷത്തെ പ്രായം കൂട്ടുന്നുണ്ടെന്നും അത് സ്ത്രീകളെ പെട്ടെന്ന് വാര്‍ദ്ധക്യത്തിലേക്ക് തള്ളിയിടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സ്ട്രോക്കിനും ഹൃദയാഘാതത്തിനുമുള്ള സാധ്യതകൂടുന്നതായും ഗവേഷകര്‍ പറയുന്നുണ്ട്.
'ലോങ് കോവിഡ്' എന്ന് വിളിക്കപ്പെടുന്ന കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചശേഷം ശ്വാസതടസ്സം, ക്ഷീണം തുടങ്ങിയ സ്ഥിരമായ ലക്ഷണങ്ങൾ അനുഭവിച്ച സ്ത്രീകൾക്കാണ് കൂടുതൽ വാർധക്യബാധ. കോവിഡ് ബാധിച്ച പലർക്കും മാസങ്ങളോ വർഷങ്ങളോ നീളുന്ന ലക്ഷണങ്ങൾ അവശേഷിക്കുന്നുണ്ട്. എന്നാലും, ഈ ലക്ഷണങ്ങൾ സൃഷ്ടിക്കാൻ ശരീരത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് പാരിസ് യൂനിവേഴ്സിറ്റി ഗവേഷക സംഘത്തിലെ റോസ മരിയ ബ്രൂണോ പറഞ്ഞു.
ആസ്‌ട്രേലിയ, ബ്രസീൽ, യൂറോപ്പ് എന്നിവയുൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള 2400 ആളുകളിൽ ഗവേഷണം നടത്തിയാണ് കണ്ടെത്തൽ. അതിൽ പകുതിയോളം സ്ത്രീകളായിരുന്നു. പ്രായത്തിനനുസരിച്ച് രക്തക്കുഴലുകൾ കട്ടിയാകുമെങ്കിലും കോവിഡ് ബാധ ഈ പ്രക്രിയയെ ത്വരിതപ്പെടുത്തും. അത് പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയ അസുഖങ്ങൾ വരാനുള്ള സാധ്യത വർധിപ്പിക്കും. 60 വയസ്സുള്ള സ്ത്രീകളിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത മൂന്ന് ശതമാനം വർധിച്ചെന്നും ഗവേഷണത്തിൽ കണ്ടെത്തി. പുരുഷന്മാരെ ഈ ദുര്യോഗം കാര്യമായി ബാധിക്കുന്നില്ലെന്നും കണ്ടെത്തലിലുണ്ട്.
0 Comments