ജനറൽ സീറ്റുകളിൽ എസ്.എഫ്.ഐക്ക് സമാഗ്രാധിപത്യം
ചെങ്കോട്ടയിളകി, യു.ഡി.എസ്.എഫിന്‍റേത് ചരിത്രനേട്ടം
കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എം.എസ്.എഫ്, കെ.എസ്.യു സഖ്യത്തിന്‍റേത് ചരിത്രനേട്ടം. സര്‍വകലാശാല ചരിത്രത്തിലാദ്യമായാണ് യു.ഡി.എസ്.എഫിന് ജില്ലാ റപ്പുകള്‍ ലഭിക്കുന്നത്. കാസര്‍കോട്, വയനാട് പ്രതിനിധികളായാണ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ വിജയിച്ചത്. കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടീവായി ഫിദ എം.ടി.പിയും വയനാട് ജില്ലാ എക്‌സിക്യൂട്ടീവായി മുഹമ്മദ് നിഹാലുമാണ് വിജയിച്ചത്. ഒരു വോട്ടിനാണ് ഫിദ വിജയിച്ചത്. നറുക്കെടുപ്പിലൂടെയാണ് മുഹമ്മദ് നിഹാല്‍ വിജയിച്ചത്. എംഎസ്എഫ്-കെഎസ്‌യു മുന്നണി ചെങ്കോട്ട പിളര്‍ത്തിയെന്നാണ് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഫേസ്ബുക്കില്‍ കുറിച്ചത്.
എന്നാൽ അഞ്ച് ജനറൽ സീറ്റുകളിലും എസ്.എഫ്.ഐ ആധിപത്യം തുടർന്നു. എസ്.എഫ്.ഐയുടെ നന്ദജ് ബാബുവിനെ ചെയർപേഴ്സണായി തെരഞ്ഞെടുത്തു. തുടർച്ചയായ ഇരുപത്തിയാറാം വർഷമാണ് എസ്.എഫ്.ഐ സർവകലാശാല യുണിയൻ ഭരണം നിലനിർത്തുന്നത്.
വലിയ സംഘർഷത്തിനിടെയാണ് കണ്ണൂർ സർവകലാശാലയിൽ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്. ബുധനാഴ്ച രാവിലെ യൂണിയൻ തെരഞ്ഞെടുപ്പ് ആരംഭിച്ചതിനു പിന്നാലെഎസ്.എഫ്.ഐ പ്രവർത്തകരും എം.എസ്.എഫ്, കെ.എസ്.യു പ്രവർത്തകർ ഉൾപ്പെടുന്ന യു.ഡി.എസ്.എഫും തമ്മിൽ സംഘർഷങ്ങൾ ഉണ്ടായിരുന്നു.
കാസർകോട് എം.ഐ.സി കോളേജിലെ യു.യു.സി സഫ്വാനെ എസ്.എഫ്.ഐ പ്രവർത്തകർ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ചാണ് തർക്കമുണ്ടായത്.കോടതി ഉത്തരവുണ്ടായിട്ടും പൊലീസ് സംരക്ഷണം നൽകിയില്ലെന്നും, വോട്ട് ചെയ്യാനെത്തിയ യു.യു.സിമാരെ തടയുകയാണെന്നും യു.ഡി.എസ്.എഫ് ആരോപിച്ചു. എന്നാല്‍ ആരോപണം എസ്.എഫ്.ഐ നിഷേധിച്ചു.
വാശിയേറിയ തെരഞ്ഞെടുപ്പിനിടെ എസ്.എഫ്.ഐ പ്രവർത്തകർ ബാലറ്റ് തട്ടിപ്പറിച്ചെന്ന പരാതിയുമായി യു.ഡി.എസ്.എഫുകാർ രംഗത്തെത്തി. വിദ്യാർഥികളുടെ ഉന്തിലും തള്ളിലും തുടങ്ങിയ സംഘർഷം കൂട്ടത്തല്ലിലേക്കും ഏറ്റുമുട്ടലിലേക്കും നീങ്ങി. തുടർന്ന്, വിദ്യാർഥികളെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശുകയായിരുന്നു. ചെടിച്ചട്ടി വലിച്ചെറിഞ്ഞും വടി ഉപയോഗിച്ചും വിദ്യാർഥികൾ ചേരിതിരിഞ്ഞത് ഏറെ നേരം സംഘർഷാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
0 Comments