ഉത്തരകാശി: ഉത്തരാഖണ്ഡ് ദുരന്തത്തില്‍ പരിസ്ഥിതി ദുർബല മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ തിരിച്ചടിയായെന്ന് പരിസ്ഥിതി വിദഗ്ധർ. കേന്ദ്രസർക്കാരിന്‍റെ ചാർധാം ഹൈവേ പദ്ധതിയിലെ നിർമ്മാണ പ്രവൃത്തികളും ഖീർ ഗംഗ നദീതീരം കേന്ദ്രീകരിച്ച് നടത്തിയ നിർമ്മാണ പ്രവർത്തികളും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. ഭഗീരഥി എക്കോ സെൻസിറ്റീവ് മേഖലയിലെ നിർമ്മാണത്തിനെതിരെ പരിസ്ഥിതി സ്നേഹികൾ നിയമ പോരാട്ടം നടത്തിയെങ്കിലും കമ്പനി സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി വാങ്ങിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങൾ നടത്തിയത്. പ്രദേശത്ത് ഹെലിപാഡ് നിർമ്മിച്ചതും പരിസ്ഥിതിക്ക് ദോഷമാകാമാമെന്നാണ് വിദഗ്ധർ പറയുന്നത്.
ദുരന്തത്തിന് നേര്‍ സാക്ഷികളായവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് അനുഭവങ്ങൾ പങ്കുവെച്ചു. അവര്‍ പറയുന്നത് കൊടുങ്കാറ്റും, ഇടിമുഴക്കവുമുണ്ടായി. മലവെള്ളപ്പാച്ചിൽ എത്തിയത് അപ്രതീക്ഷിതമായാണ്. ദുരന്ത ശേഷം പ്രദേശത്ത് ഒറ്റപ്പെട്ടുപോയ സ്ഥിതി ഉണ്ടായി. കരസേനയെത്തിയാണ് രക്ഷപ്പെടുത്തിയത്. ജീവിതത്തിലേക്ക് തിരികെ വരുമെന്ന് കരുതിയില്ല എന്നാണ് രക്ഷപ്പെട്ട രാം തിരത്തും, ബബിതയും പറയുന്നത്.
ദുരന്തത്തില്‍ നിരവധി പേരെയാണ് കാണാതായിരിക്കുന്നത്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. 28 മലയാളികൾ ഇവിടെ പെട്ടുകിടക്കുന്നുണ്ട്. എയര്‍ലിഫ്റ്റിങ് അടക്കമുള്ള മാര്‍ഗങ്ങൾ ഉപയോഗിച്ച് കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കും. ദുരന്തത്തിൽ എത്ര പേർ പെട്ടുവെന്ന കൃത്യമായ കണക്കില്ലെന്നും പ്രദേശത്ത് ഒന്നിലധികം മേഘവിസ്ഫോടനങ്ങൾ ഉണ്ടായി,റോഡ് തകർന്നത് രക്ഷാപ്രവർത്തനത്തിന് തടസമായി എന്നും ഉത്തരകാശി എസിപി ജനക് പവാർ പറഞ്ഞു.
0 Comments