*പാലക്കാട്* : ലൈംഗികാരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പാലക്കാട്ടെത്തി. 38 ദിവസത്തിന് ശേഷമാണ് രാഹുൽ പാലക്കാട് എത്തുന്നത്. ആഗസ്റ്റ് 17ന് പാലക്കാട് നിന്നും പോയ എം.എൽ.എക്കെതിരെ 20നാണ് ലൈംഗികാരോപണം ഉയർന്നത്. തിരിച്ചെത്തിയ രാഹുൽ വൈകാതെ മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.
കോൺഗ്രസിന്‍റെ പ്രാഥമികാംഗത്വത്തിൽനിന്നും സസ്പെൻഡ് ചെയ്തിട്ടും രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാനാണ് പാലക്കാട്ടെ ഒരു വിഭാഗം നേതാക്കളുടെ തീരുമാനം. നിയമസഭയിൽ ആദ്യ ദിവസം എത്തിയ രാഹുൽ പിന്നീടുള്ള ദിവസങ്ങളിൽ വിട്ടുനിൽക്കുകയായിരുന്നു. മണ്ഡലത്തിൽ സജീവമാകാൻ ഒരുങ്ങുന്നതിന്‍റെ ആദ്യ പടിയെന്ന നിലയിലാണ് പാലക്കാട്ടെത്തിയത്.
രാഹുൽ പാലക്കാട് എത്തുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നതിനിടെയാണ് എം.എൽ.എ മണ്ഡലത്തിലെത്തുന്നത്. രാഹുൽ വന്നാൽ പ്രതിഷേധിക്കുമെന്ന് ഡി.വൈ.എഫ്.ഐയും ബി.ജെ.പിയും നേരത്തെ വ്യക്തമാക്കിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ എത്തുമെന്ന റിപ്പോർട്ടുകൾക്കിടെ ശനിയാഴ്ച എം.എൽ.എ ഓഫിസിന് മുന്നിൽ ബി.ജെ.പി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പൊതു പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും രാഹുലിനെ തുരത്തി ഓടിക്കുമെന്നുമെന്നും ബി.ജെ.പി പ്രവർത്തകർ പ്രതികരിച്ചു.
വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ശബരിമലയിൽ ദർശനം നടത്തി. പുലർച്ചെ നട തുറന്നപ്പോൾ നിർമാല്യം തൊഴുതതിന് ശേഷം 7.30ന്റെ ഉഷപൂജയിലും രാഹുൽ പങ്കെടുത്തു. പമ്പയിൽനിന്ന് കെട്ടുനിറച്ചാണ് രാഹുൽ അയ്യപ്പസന്നിധിയിലെത്തിയത്. സുഹൃത്തുക്കൾക്കൊപ്പമാണ് മല ചവിട്ടിയത്. എം.എൽ.എ ബോർഡുവെച്ച കാറിൽ പത്തനംതിട്ട അടൂരിലെ വീട്ടിൽ നിന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ശബരിമല ദർശനത്തിനായി പുറപ്പെട്ടത്.
ഈ മാസം 15ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിലപാടിനെ അവഗണിച്ച് രാഹുൽ നിയമസഭയിൽ എത്തിയിരുന്നു. സഭ തുടങ്ങി 18-ാം മിനിറ്റിൽ എംഎൽഎ ബോർഡില്ലാത്ത കാറിന്‍റെ മുൻ സീറ്റിലിരുന്ന് രാഹുൽ നിയമസഭയുടെ കവാടം കടന്നു. ചരമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പ്രസംഗിച്ചു കൊണ്ടിരിക്കെ, സഭയ്ക്കകത്തെത്തി പുതിയ സീറ്റിലിരുന്നു. പ്രത്യേക ബ്ലോക്കിലായ രാഹുലിന്‍റെ അടുത്തേക്ക് കോൺഗ്രസുകാർ ആരും എത്തിയില്ല.
0 Comments