LATEST

6/recent/ticker-posts

ദോഹയിലെ ഇസ്രയേൽ ആക്രമണം: ഖത്തർ സുരക്ഷാ ഓഫിസർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു; അനവധി പേർക്ക് പരുക്ക്






ദോഹ∙ ദോഹയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഖത്തർ ആഭ്യന്തര സുരക്ഷാ സേനയായ ലഖ്​വിയയിലെ ഓഫിസറും ഹമാസ് അംഗങ്ങളും ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ അനവധി പേർക്ക് പരുക്കേറ്റു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് അധികൃതർ. 



ഖത്തറിൽ യുഎസിനെ ലക്ഷ്യമിട്ട് ഇറാൻ, ഹമാസിനെ ലക്ഷ്യമിട്ട് ഇസ്രയേൽ; നടുക്കം വിട്ടുമാറാതെ പ്രവാസ ലോകം
ഖത്തറിൽ ഉഗ്രസ്ഫോടനം തുടർച്ചയായ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ, ആക്രമണത്തിന് പിന്നിൽ ഇസ്രയേൽ


ഖത്തറിൽ ഉഗ്രസ്ഫോടനം; തുടർച്ചയായ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ, ആക്രമണത്തിന് പിന്നിൽ ഇസ്രയേൽ
ഡ്യൂട്ടിയിലായിരുന്ന വാറന്റ് കോർപ്പറൽ ബാദർ സാദ് മുഹമ്മദ് അൽ ഹുമൈദി അൽ ദോസരിയാണ് കൊല്ലപ്പെട്ട ലഖ്​വിയ ഓഫിസർ. ഹമാസിന്റെ ഗാസയിലെ മുൻ തലവൻ ഖലീൽ അൽ ഹയ്യയുടെ മകൻ ഹമ്മാം ഖലീൽ അൽ ഹയ്യയും ഹമാസിന്റെ നാല് നെഗോഷ്യേറ്റർമാരുമാണ് കൊല്ലപ്പെട്ട മറ്റുള്ളവർ. ആക്രമണത്തിൽ പരുക്കേറ്റവരിൽ സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. പരുക്കേറ്റവർ ആശുപത്രികളിൽ ചികിത്സയിലാണ്. 


ഇന്നലെ പ്രാദേശിക സമയം മൂന്നര മണിയോടെയാണ് ഖത്തറിന്റെ സാംസ്കാരിക കേന്ദ്രമായ കത്താറ കൾചറൽ വില്ലേജിന് സമീപത്തെ ലഗ്താഫിയ ഏരിയയിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോയിലെ അംഗങ്ങൾ താമസിക്കുന്ന കെട്ടിടത്തിന് നേർക്ക് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഗാസ വെടിനിർത്തൽ സംബന്ധിച്ച സമാധാന ചർച്ചകൾ ഖത്തറിന്റെ നേതൃത്വത്തിൽ ദോഹയിൽ പുരോഗമിക്കുന്നതിനിടെയാണ് ഇസ്രയേലിന്റെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ഇസ്രയേലിന്റെ ആക്രമണം രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഖത്തർ ആരോപിച്ചു. ഗാസ വെടിനിർത്തൽ ചർച്ചകളെ ആക്രമണം പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. 

ഒക്ടോബർ 7-ലെ ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രായേൽ പ്രതിരോധ സേന പ്രസ്താവനയിൽ വ്യക്തമാക്കി. 'സുവ്യക്തമായ ആക്രമണം' എന്നാണ് ഐഡിഎഫ് ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ, ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം ഇസ്രയേലിനാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

ഇസ്രായേലിന്റെ ആക്രമണം "ഭീരുത്വപരമായ രാജ്യാന്തര നിയമങ്ങളുടെ ലംഘനമായ, കുറ്റകൃത്യം" ആണെന്ന് ഖത്തർ വിശേഷിപ്പിച്ചു. വെടിനിർത്തൽ ചർച്ചകൾ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ആക്രമണമെന്ന് ഖത്തർ ആരോപിച്ചു. ആക്രമണത്തെക്കുറിച്ചുള്ള വിവരം അമേരിക്ക മുൻകൂട്ടി അറിയിച്ചുവെന്ന റിപ്പോർട്ടുകൾ ഖത്തർ തള്ളി. സ്ഫോടനശബ്ദം കേട്ടതിന് ശേഷമാണ് അമേരിക്കയിൽ നിന്ന് ഫോൺ വന്നതെന്ന് ഖത്തർ പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ, റഡാറുകൾക്കും വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും കണ്ടെത്താൻ കഴിയാത്ത ആയുധങ്ങളാണ് ഇസ്രയേൽ ഉപയോഗിച്ചതെന്നും ഖത്തർ ആരോപിച്ചു. 

തങ്ങളുടെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ഖത്തർ അറിയിച്ചു.


ഇസ്രായേലിന്റെ ആക്രമണം നെതന്യാഹുവിന്റെ തീരുമാനമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാൻ കഠിനാധ്വാനം ചെയ്യുന്ന ഒരു പരമാധികാര രാജ്യമായ ഖത്തറിനുള്ളിൽ ഏകപക്ഷീയമായി ബോംബാക്രമണം നടത്തുന്നത് ഇസ്രയേലിന്റെയോ അമേരിക്കയുടെയോ ലക്ഷ്യങ്ങളെ സഹായിക്കില്ലെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. അതേസമയം, ഗാസയിൽ ദുരിതമനുഭവിക്കുന്നവരുടെ പേരിൽ ലാഭം കൊയ്യുന്ന ഹമാസിനെ ഇല്ലാതാക്കുന്നത് നല്ലൊരു ലക്ഷ്യമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇസ്രയേലിന്റെ ആക്രമണമുണ്ടായെങ്കിലും ഗാസയിലെ വെടിനിർത്തൽ ചർച്ചകളുമായി മുന്നോട്ട് പോകുമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനി വ്യക്തമാക്കി. മധ്യസ്ഥശ്രമങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ തടവുകാരെ മോചിപ്പിക്കാനും മേഖലയിൽ സമാധാനം കൊണ്ടുവരാനും ഖത്തർ തുടർന്നും പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഇസ്രായേലിന്റെ ആക്രമണത്തിൽ ഫ്രാൻസ്, ബ്രിട്ടൻ, ജർമനി, തുർക്കി, യുഎഇ, സൗദി, ഈജിപ്ത്, ഇറാഖ്, കുവൈത്ത്, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ പ്രതിഷേധിച്ചു. ഖത്തറിന് പിന്തുണ നൽകുന്നതായും ഈ രാജ്യങ്ങൾ അറിയിച്ചു. ആക്രമണം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും മേഖലയിൽ കൂടുതൽ സംഘർഷങ്ങൾക്ക് ഇത് വഴിവയ്ക്കുമെന്നും മുന്നറിയിപ്പ് നൽകി. യുഎൻ സെക്രട്ടറി ജനറലും ഈ ആക്രമണത്തെ അപലപിച്ചു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഖത്തറിൽ മിസൈൽ ആക്രമണം നടക്കുന്നത്. ജൂണിൽ ഇസ്രായേലും ഇറാനും തമ്മിൽ 12 ദിവസം നീണ്ടുനിന്ന സംഘർഷത്തിന് ശേഷം ഖത്തറിലെ അൽ ഉദൈദ് യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ റോക്കറ്റാക്രമണം നടത്തിയിരുന്നു. ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പ്രതികാരമെന്ന നിലയിലായിരുന്നു ആ ആക്രമണം.

Post a Comment

0 Comments