LATEST

6/recent/ticker-posts

അയ്യപ്പ സംഗമത്തിന് തിരിതെളിഞ്ഞു; മുഖ്യമന്ത്രിയുടെ കാറിൽ വെള്ളാപ്പള്ളിയും, ചടങ്ങിന് ആശംസ നേർന്ന് യോ​ഗി


 *പത്തനംതിട്ട* ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പമ്പാ മണപ്പുറത്ത് ആഗോള അയ്യപ്പ സംഗമത്തിന് തിരിതെളിഞ്ഞു. തന്ത്രി മഹേഷ് മോഹനരര് നിലവിളക്കിൽ തിരിതെളിയിച്ചു. ചടങ്ങിനായി മുഖ്യമന്ത്രി പിണറായി വിജയനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഒരേ വാഹനത്തിലാണ് എത്തിയത്. മുഖ്യമന്ത്രിയുടെ വാഹനത്തിലായിരുന്നു ഇരുവരും വേദിയിലേക്ക് എത്തിയത്‌. 3500 പ്രതിനിധികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ രജിസ്റ്റര്‍ചെയ്തവര്‍ക്ക് പാസ് മുഖേനയാണ് പ്രവേശനം.

ശബരിമല വികസന മാസ്റ്റര്‍ പ്ലാന്‍, ശബരിമല കേന്ദ്രീകരിച്ചുള്ള ആധ്യാത്മിക ടൂറിസം, തീര്‍ഥാടന തിരക്ക് നിയന്ത്രണം അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകളും നടക്കും. മാസ്റ്റര്‍പ്ലാന്‍ ചര്‍ച്ച മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറും ആധ്യാത്മിക ടൂറിസം ചര്‍ച്ച പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായരും തിരക്ക് നിയന്ത്രണത്തെക്കുറിച്ചുള്ള ചര്‍ച്ച റിട്ട. ഡിജിപി ജേക്കബ് പുന്നൂസും നയിക്കും. സംഗമത്തിന്റെ പേരില്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നെന്ന് ആരോപിച്ച് യുഡിഎഫും ബിജെപിയും സംഘപരിവാര്‍ സംഘടനകളും പങ്കെടുക്കുന്നില്ല. പന്തളം കൊട്ടാരം പ്രതിനിധികളും സംഗമത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്.
അതേസമയം ബിജെപി നേതാവും യുപി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് അയ്യപ്പ സംഗമത്തിന് ആശംസകളറിയിച്ചിട്ടുണ്ട്. മന്ത്രി വി.എന്‍.വാസവന്‍ യോഗിയെ സംഗമത്തിന് ക്ഷണിച്ചിരുന്നു. ഇതിന് മറുപടിയായുള്ള കത്തിലാണ് യോഗി ആദിത്യനാഥ് ആശംസകളറിയിച്ചത്.

'ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാനുള്ള ക്ഷണത്തിന് നന്ദി. പുരാതന ഇന്ത്യന്‍ ജ്ഞാനവും പാരമ്പര്യങ്ങളും പ്രചരിപ്പിക്കേണ്ടത് ആവശ്യമാണ്. അഗോള അയ്യപ്പ സംഗമത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഈ സമ്മേളനം അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ വിജയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' യോഗി ആദിത്യനാഥ് കത്തിൽ കുറിച്ചു. 


Post a Comment

0 Comments