കാസര്‍കോട്: ഉപ്പളയില്‍ വീടിന് നേരെ നടന്ന വെടിവെപ്പിന് പിന്നില്‍ 14കാരനായ കുട്ടിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഓണ്‍ലൈന്‍ ഗെയിമുകളുടെ സ്വാധീനത്തിലാണ് കുട്ടി എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. ഉപ്പള ഹിദായത്ത് നഗറിലെ പ്രവാസിയായ അബൂബക്കറിന്റെ വീടിനെയാണ് വെടിവെച്ചത്. സംഭവം നടന്ന സമയത്ത് കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. ആദ്യം കാറിലെത്തിയ നാലംഗസംഘമാണ് വെടിയുതിര്‍ത്തതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണം പുരോഗമിച്ചതോടെ സംഭവം പൂര്‍ണമായും വ്യത്യസ്തമാണെന്ന് തെളിഞ്ഞു.
വെടിവെപ്പില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് ഫോറന്‍സിക് പരിശോധനയും സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. യാതൊരു ബാഹ്യ തെളിവുകളും കണ്ടെത്താനായില്ല. തുടര്‍ന്ന് കുട്ടിയെ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്.
ചോദ്യം ചെയ്യലില്‍ കുട്ടി തന്നെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തതാണെന്ന് സമ്മതിച്ചു. ഓണ്‍ലൈന്‍ ഗെയിമിലെ നിര്‍ദേശങ്ങളനുസരിച്ച് ഈ പ്രവൃത്തി നടത്തിയതാണെന്ന് കുട്ടി പറഞ്ഞു. കുട്ടിയില്‍ നിന്ന് തോക്കും തിരകളും പൊലീസ് പിടിച്ചെടുത്തു.
തോക്ക് എവിടെ നിന്നാണ് ലഭിച്ചതെന്നും കുട്ടിയെ ഇത്രയധികം സ്വാധീനിച്ചത് ഏത് ഗെയിമാണെന്നും സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. രക്ഷിതാക്കള്‍ക്കും കൗണ്‍സിലിംഗ് നല്‍കാനുള്ള നടപടികളും പരിഗണനയിലുണ്ട്
.
0 Comments