LATEST

6/recent/ticker-posts

ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യ കാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു


ന്യൂഡല്‍ഹി: ഇന്ത്യയുടെ 53 -ാമത് ചീഫ് ജസ്റ്റിസായി സൂര്യ കാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ച്ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസായിരുന്ന ബി.ആര്‍. ഗവായ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് സൂര്യകാന്ത് ചീഫ് ജസ്റ്റിസാകുന്നത്. 65 വയസ്സ് തികയുന്ന 2027 ഫെബ്രുവരി 9 വരെ ഏകദേശം 15 മാസക്കാലം അദ്ദേഹം ഈ പദവിയില്‍ തുടരും. സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് ആണ് സൂര്യകാന്തിനെ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. സുപ്രീം കോടതിയിലെ ഏറ്റവും സീനിയര്‍ ആയ ജഡ്ജിനെയാണ് ചീഫ് ജസ്റ്റിസായി നിശ്ചയിക്കുക.

സത്യപ്രതിജ്ഞാച്ചടങ്ങില്‍ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരും വിവിധ കക്ഷി നേതാക്കളും പങ്കെടുത്തു. ആറ് വിദേശ രാജ്യങ്ങളിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു. ഹരിയാണയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകുന്ന ആദ്യവ്യക്തികൂടിയാണ് സൂര്യകാന്ത്.

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയത് ശരിവെച്ചതുള്‍പ്പെടെ ഒട്ടേറെ സുപ്രധാന വിധികള്‍ക്കു പിന്നിൽ ജസ്റ്റിസ് സൂര്യകാന്ത് ഉള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ചാണ്. രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ചുകൊണ്ട് ഇത്തരം കേസുകളിലെ എഫ്‌ഐആറുകളില്‍ തുടര്‍നടപടികള്‍ പാടില്ലെന്ന് വിധിച്ച ബെഞ്ചിലും ജസ്റ്റിസ് സൂര്യകാന്തുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍, ബിഹാര്‍ എസ്‌ഐആറിന്റെ ഭാഗമായി കരട് പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷം പേരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ഉത്തരവ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2022-ലെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച അന്വേഷിക്കാന്‍ മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ നിയോഗിച്ച ബെഞ്ചില്‍ ജസ്റ്റിസ് സൂര്യ കാന്തും അംഗമായിരുന്നു.

ഹരിയാണയിലെ ഹിസാറിനടുത്തുള്ള പെട്വാഡ് ഗ്രാമത്തിലെ സാധാരണ കര്‍ഷക കുടുംബത്തിലായിരുന്നു ജസ്റ്റിസ് സൂര്യ കാന്തിന്റെ ജനനം. ബെഞ്ചില്ലാത്ത സ്‌കൂളില്‍ വെറും നിലത്തിരുന്നു പഠിച്ച ഇദ്ദേഹം പത്താംക്ലാസ് ബോര്‍ഡ് പരീക്ഷയെഴുതാന്‍ ഹാന്‍സിയിലേക്ക് പോയപ്പോഴാണ് ആദ്യമായി ഒരു ചെറുപട്ടണം കാണുന്നത്. റോഹ്തക്കിലെ മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയില്‍നിന്നാണ് നിയമബിരുദം നേടിയത്. ആദ്യം ജില്ലാ കോടതികളിലും പിന്നീട് പഞ്ചാബ്, ഹരിയാണ ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്ത അദ്ദേഹം 38-ാം വയസ്സില്‍ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അഡ്വക്കേറ്റ് ജനറലുമായി.

2004-ല്‍ 42-ാം വയസ്സിലാണ് ജസ്റ്റിസ് സൂര്യ കാന്ത് പഞ്ചാബ്, ഹരിയാണ ഹൈക്കോടതിയില്‍ ജഡ്ജിയായത്. 2011-ല്‍ കുരുക്ഷേത്ര സര്‍വകലാശാലയില്‍നിന്ന് വിദൂരപഠനത്തിലൂടെ നിയമത്തില്‍ ബിരുദാനന്തരബിരുദവും നേടി. പതിന്നാല് വര്‍ഷം ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സൂര്യകാന്ത്, 2018-ല്‍ ഹിമാചല്‍പ്രദേശില്‍ ചീഫ് ജസ്റ്റിസായി. 

Post a Comment

0 Comments