കാസർകോട്: കാസർകോട് റിമാൻഡ് പ്രതി ജയിലിനുള്ളിൽ മരിച്ച നിലയിൽ. ദേളി സ്വദേശി മുബഷിറാണ് മരിച്ചത്. 2016 ലെ പോക്സോ കേസിൽ ഈ മാസമാണ് മുബഷിർ അറസ്റ്റിലായത്. കാസർകോട് സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിലിരിക്കെയാണ് മരണം.
ഇന്ന് രാവിലെ ജയിലിലെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് കാസർകോട് ജനറൽ ആശുപത്രിയിലെത്തിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇന്നലെ ചില ആരോഗ്യപ്രശ്നങ്ങൾ മുബഷിറിന് ഉണ്ടായിരുന്നുവെന്നും തുടർന്ന് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയിരുന്നതായും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
2016 ലെ പോക്സോ കേസിൽ പ്രതിയായിരുന്നു മുബഷിർ. ഇയാൾ ഒളിവിലായിരുന്നുവെന്നും പിന്നീട് വിദേശത്തേക്ക് ഉൾപ്പടെ കടന്നെന്നും 20 ദിവസം മുമ്പ് തിരിച്ചെത്തിയപ്പോളാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു. ഇയാൾക്ക് എതിരെ ലോൺ പെൻഡിങ് വാറൻ്റ് ഉണ്ടായിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം മുബഷിറിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. ജയിലിൽ വെച്ച് സഹതടവുകാരും വാർഡന്മാരും മർദിച്ചുവെന്നും കുടുംബം പറഞ്ഞു. ജയിലിൽ മാതാവും സഹോദരനും കാണാൻ പോയപ്പോൾ മർദിച്ച കാര്യം പറഞ്ഞെന്നും മരണത്തിൽ അന്വേഷണം വേണമെന്നും കുടുംബം ആരോപിച്ചു.
0 Comments