LATEST

6/recent/ticker-posts

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാർ അറസ്റ്റിൽസിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി അം​ഗമാണ് എ. പത്മകുമാർ


തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാർ അറസ്റ്റിൽ. ഇന്ന് രാവിലെയാണ് പത്മകുമാര്‍ എസ്‌ഐടിക്ക് മുന്നില്‍ ചോദ്യംചെയ്യലിനായി ഹാജരായത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി അം​ഗമാണ് എ. പത്മകുമാർ.

നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാവാൻ രണ്ടുതവണ നോട്ടീസ് നൽകിയിരുന്നുവെങ്കിലും പല കാരണങ്ങൾ പറഞ്ഞ് പത്മകുമാർ സമയം നീട്ടിചോദിക്കുകയായിരുന്നു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെ ചോദ്യം ചെയ്ത എല്ലാവരുടെ മൊഴിയിലും പത്മകുമാറിന്റെ പേരുണ്ട്. ഈ സാഹചര്യത്തിൽ കൂടിയായിരുന്നു പ്രത്യേക അന്വേഷണ സംഘം പത്മകുമാറിനെ ചോദ്യം ചെയ്തത്. തിരുവനന്തപുരത്ത രഹസ്യകേന്ദ്രത്തില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യൽ.

സ്വർണപ്പാളി കേസിൽ ബോർഡിൻ്റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് എസ്ഐടിയുടെ പ്രാഥമിക കണ്ടെത്തൽ. കേസില്‍ എട്ടാം പ്രതിയായി എ. പത്മകുമാര്‍ അധ്യക്ഷനായ 2019ലെ ബോര്‍ഡിനെ പ്രതി ചേര്‍ത്തിരുന്നു. ബോർഡിൻ്റെ അറിവോടെയാണ് പാളികൾ ഇളക്കിയെടുത്ത് പോറ്റിക്ക് കൊടുത്തത് എന്നാണ് എസ്ഐടി തയ്യാറാക്കിയ എഫ്ഐആർ. അറസ്റ്റിലായ മുരാരി ബാബു ഉൾപ്പെടെ ഉദ്യോഗസ്ഥരും ബോർഡ് തീരുമാനം എന്നാണ് മൊഴി നൽകിയത്. 2019ൽ പത്മകുമാറിന്റെ സഹായികളായി നിന്ന മറ്റു ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. പോറ്റിക്ക് ശബരിമലയിൽ പത്മകുമാർ സർവ്വ സ്വാതന്ത്ര്യം കൊടുത്തിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. ആദ്യം അന്വേഷിച്ച ദേവസ്വം വിജിലൻസും ബോർഡിൻ്റെ പങ്ക് കണ്ടെത്തിയിരുന്നു.


എന്‍. വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടീസ് നല്‍കിയത്. ഇതോടെ അന്വേഷണം ഇനി പത്മകുമാറിനെ കേന്ദ്രീകരിച്ചാണെന്ന് സൂചനയുണ്ടായിരുന്നു. എന്‍. വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരിക്കെ പത്മകുമാറായിരുന്നു ബോര്‍ഡ് പ്രസിഡന്റ്.

ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എന്‍. വാസു തുടങ്ങിയവരാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇതുവരെ അറസ്റ്റിലായത്.

Post a Comment

0 Comments