LATEST

6/recent/ticker-posts

ഡോളറിനെതിരെ ആദ്യമായി 90 കടന്നു; രൂപയുടെ മൂല്യത്തിൽ റെക്കോഡ് ഇടിവ്



ന്യൂഡൽഹി: ഇന്ത്യൻ രൂപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവ്. അമേരിക്കൻ ഡോളറിനെതിരെ ചരിത്രത്തിലാദ്യമായി മൂല്യം 90 കടന്നു. ബുധനാഴ്ച വ്യാപാരം ആരംഭിച്ചതിനു പിന്നാലെ രൂപയുടെ മൂല്യം ഡോളറിനെതിരെ 90.13 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 89.9475 എന്ന റെക്കോഡാണ് പിന്നിലായത്.

ഡോളറിന്റെ ഡിമാന്‍ഡ് കൂടിയതും വിപണിയില്‍നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുന്നതും ഇന്ത്യ-യുഎസ് വ്യാപാര ഇടപാടുകളിലെ അനിശ്ചിതത്വവുമാണ് കറൻസിയുടെ മൂല്യം തകർന്നതിൽ പ്രധാന കാരണങ്ങളായത്. ഊഹക്കച്ചവടക്കാര്‍ തുടര്‍ച്ചയായി ഡോളര്‍ വാങ്ങിക്കൂട്ടുന്നതും രൂപക്ക് സമ്മര്‍ദമായി. ഡോളറിനെതിരെ 89.96 രൂപ നിലവാരത്തിലായിരുന്നു ചൊവ്വാഴ്ചത്തെ ക്ലോസിങ്. തിങ്കളാഴ്ച 89.53 രൂപയായിരുന്നു മൂല്യം.

യു.എസുമായുള്ള വ്യാപാര കരാറിൽ ഇതുവരെ തീരുമാനമൊന്നും ഉണ്ടാകാത്തത് രൂപയെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. വിദേശ നിക്ഷേപകരുടെ പിൻവലിയലും രൂപയുടെ മൂല്യത്തകർച്ചക്ക് കാരണമായിട്ടുണ്ട്. വെള്ളിയാഴ്ച, ആർ‌.ബി.‌ഐ നയപ്രഖ്യാപനം വരുന്നതോടെ രൂപയുടെ തകർച്ച തടയാൻ കേന്ദ്ര ബാങ്ക് ഇടപെടുമോ എന്ന കാര്യത്തിൽ വ്യക്തത വരും. ഇന്ത്യ-യു.എസ് വ്യാപാര കരാർ യാഥാർഥ്യമാകുമ്പോൾ മൂല്യത്തകർച്ച അവസാനിക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ.

രൂപയുടെ മൂല്യം 85 ൽ നിന്ന് 90 ലേക്ക് എത്താൻ കേവലം ഒരു വർഷത്തിൽ താഴെ സമയമാണ് എടുത്തത്. ഇന്ത്യയുടെ വിദേശ അക്കൗണ്ടുകളിൽ വർദ്ധിച്ചുവരുന്ന സമ്മർദ്ദത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഈ വർഷം വിദേശ നിക്ഷേപകർ ഏകദേശം 17 ബില്യൺ ഡോളറിന്റെ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ചുവെന്നാണ് കണക്കുകൾ. നേരിട്ടുള്ള വിദേശ നിക്ഷേപം ദുർബലമായിട്ടുമുണ്ട്.

അതേസമയം രൂപയുടെ മൂല്യത്തകര്‍ച്ച സമ്പദ്‌വ്യവസ്ഥക്ക് ഗുണകരമാണെന്ന് നീതി ആയോഗ് മുന്‍ വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറയുന്നു. കയറ്റുമതി വര്‍ധിപ്പിക്കാനും വിദേശനാണ്യ വരുമാനം കൂട്ടാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Post a Comment

0 Comments