ഗ്രീൻലൻഡിലേക്ക് കൂടുതൽ സൈനികർ
കോപ്പൻ ഹേഗൻ
ഗ്രീൻലൻഡിനായുള്ള അവകാശവാദങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിക്കുകയും എതിർക്കുന്ന രാജ്യങ്ങൾക്ക് അധികതീരുവ ചുമത്തുകയുംചെയ്തതിനു പിന്നാലെ ഗ്രീൻലൻഡിൽ കൂടുതൽ സൈനികരെ വിന്യസിച്ച് യൂറോപ്യൻ രാജ്യങ്ങൾ. ബ്രിട്ടൻ, നെതർലൻഡ്‌സ്, ഫിൻലൻഡ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലെ സൈനികരാണ് ദ്വീപിലെത്തിയത്.
ഗ്രീൻലൻഡിൽ അതിക്രമിച്ച് കയറിയാൽ അനുമതി കൂടാതെ വെടിയുതിർക്കാൻ തങ്ങളുടെ സൈനികർക്ക് ഡെൻമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അധികനികുതി ചുമത്താനുള്ള ട്രംപിന്റെ തീരുമാനത്തെ യൂറോപ്യൻ രാജ്യങ്ങൾ ശക്തമായി എതിർത്തിരുന്നു."
*പ്രവാസികളുടെ
വോട്ടുചേർക്കലിലും തടസ്സം ; വിദേശത്ത് ജനിച്ചവർക്ക് കുരുക്ക് തുടരുന്നു*
തിരുവനന്തപുരം
പുതിയ പാസ്‌പോർട്ടുള്ള പ്രവാസികൾക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് സാങ്കേതിക തടസം. പാസ്‌പോർട്ട് നമ്പർ രേഖപ്പെടുത്തുന്നതിലെ സോഫ്റ്റ്‌വെയർ നിയന്ത്രണമാണ് വോട്ടർമാരെ വെട്ടിലാക്കുന്നത്. വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഫോം 6 എ പ്രകാരം വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാൻ പാസ്‌പോർട്ട് വിവരങ്ങൾ നിർബന്ധമാണ്.
പഴയ പാസ്‌പോർട്ടുകളിൽ ഒരു ഇംഗ്ലീഷ് അക്ഷരവും ഏഴ് അക്കങ്ങളുമാണുണ്ടായിരുന്നത്. ഈ മാതൃകയിലുള്ള വിവരങ്ങളേ പോർട്ടലിൽ സ്വീകരിക്കൂ. രണ്ട് അക്ഷരങ്ങളും ആറ് അക്കങ്ങളുമുള്ള പുതിയ പാസ്‌പോർട്ട് നമ്പറുകൾ അപേക്ഷയോടൊപ്പം നൽകാനാകുന്നില്ല. പ്രശ്നം കേന്ദ്ര കമീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഉടൻ പരിഹരിക്കുമെന്നുമാണ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വാദം.
*വിദേശത്ത് ജനിച്ചവർക്ക് കുരുക്ക് തുടരുന്നു*
വിദേശത്ത് ജനിച്ച ഇന്ത്യൻ പൗരന്മാരുടെ വോട്ടവകാശത്തിലുള്ള കുരുക്ക് തുടരുന്നു. രക്ഷിതാക്കളുടെ പാസ്‌പോർട്ട് വിവരങ്ങൾ ഉപയോഗിച്ച് വോട്ടുചേർക്കാൻ നിയമപരമായി അനുവാദമുണ്ടായിട്ടും കമീഷന്റെ വെബ്‌സൈറ്റിൽ സാങ്കേതിക സൗകര്യം ഒരുക്കിയിട്ടില്ല. ജനിച്ച രാജ്യം രേഖപ്പെടുത്തേണ്ട കോളത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാന– കേന്ദ്രഭരണ പ്രദേശങ്ങളുടെ ഓപ്ഷൻ മാത്രമാണുള്ളത്."
*"വിയത്‌നാം കമ്യൂണിസ്റ്റ് പാർടി കോൺഗ്രസിന് തുടക്കം*
ഹാനോയ്
വിയത്‌നാം കമ്യൂണിസ്റ്റ് പാർടിയുടെ പതിനാലാം കോൺഗ്രസിന് ഹാനോയിയിലെ വിയത്‌നാം നാഷണൽ കൺവൻഷൻ സെന്ററിൽ തുടക്കമായി. 1586 പ്രതിനിധികളാണ് 25 വരെ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. അഞ്ചുവർഷത്തേക്ക് നയിക്കേണ്ട കേന്ദ്രകമ്മിറ്റിയെയും പൊളിറ്റ്‌ബ്യൂറോയെയും പാർടി കോൺഗ്രസ് തെരഞ്ഞെടുക്കും.
വിയത്‌നാം പുരോഗതിയുടെ പുതുയുഗത്തിലേക്ക് കടക്കുകയാണെന്നും ആധുനികവത്കരണത്തിലൂടെയും ഭരണപരിഷ്‌കാരങ്ങളിലൂടെയും എല്ലാ ജനങ്ങൾക്കിലേക്കും ഭരണനേട്ടങ്ങൾ എത്തിക്കാനാണ് ശ്രമമെന്നും വിദേശ സഹമന്ത്രി ലീതി തു ഹാങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 46 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. 20 ശതമാനം തീരുവയാണ് നിലവിലുള്ളത്. ഇൗ പ്രതികൂല സാഹചര്യത്തിലും കയറ്റുമതി 28 ശതമാനം വർധിപ്പിക്കാൻ വിയത്‌നാമിനായി. ഉൽപ്പാദനവും കയറ്റുമതിയും കൂട്ടി സന്പദ്‌ഘനയിൽ കുതിപ്പ് നടത്താനുള്ള ശ്രമങ്ങൾക്ക് ദിശാബോധം നൽകുന്ന ചർച്ചകളും സമ്മേളനത്തിൽ നടക്കും.
പാർടി ജനറൽ സെക്രട്ടറി ഗുയേൻ ഫു ട്രോങ് 2024 ജൂലൈയിൽ അന്തരിച്ചതിനെത്തുടർന്നാണ് മുൻ പ്രസിഡന്റ് ടോ ലാമിനെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പ്രസിഡന്റ് ലുങ് കോങ്, പ്രധാനമന്ത്രി ഫാം മിൻ ചിൻ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്."
*"പോർച്ചുഗൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് മുന്നേറ്റം*
ലിസ്‌ബൺ
പോർച്ചുഗൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രാഥമിക റൗണ്ടിൽ സോഷ്യലിസ്റ്റ് പാർടി സ്ഥാനാർഥി ഹോസെ അന്റോണിയോ സെഗുറോ ഒന്നാമതെത്തി. വിജയപ്രതീക്ഷയിലായിരുന്ന തീവ്ര വലതുപക്ഷ നേതാവ് ആൻഡ്രെ വെഞ്ചുറയ്ക്ക് 23.5 ശതമാനം വോട്ടുമാത്രം നേടിയപ്പോൾ സെഗുറോയ്ക്ക് 31.1 ശതമാനം വോട്ടു ലഭിച്ചു. ആർക്കും 50 ശതമാനം വോട്ട് ലഭിക്കാത്തതിനാൽ ഫെബ്രുവരി എട്ടിന് രണ്ടാംഘട്ട വോട്ടെടുപ്പിൽ ഇരുവരും നേരിട്ട് ഏറ്റുമുട്ടും. ഞായറാഴ്‌ച നടന്ന തെരഞ്ഞെടുപ്പിൽ 11 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്.
40 വർഷത്തിനിടെ ഇതാദ്യമായാണ് പോർച്ചുഗൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാംറൗണ്ടിലേക്ക് നീളുന്നത്. സെഗുറോ വിജയിച്ചാൽ 20 വർഷത്തിനുശേഷം പോർച്ചുഗലിന് വീണ്ടും ഇടതുപക്ഷ പ്രസിഡന്റിനെ ലഭിക്കും. പോളുകൾ പ്രവചിച്ചത് വെഞ്ചുറ ആദ്യറൗണ്ടിൽ ഒന്നാമതെത്തുമെന്നാണ്. അദ്ദേഹത്തിന്റെ തീവ്ര വലതുപക്ഷ ഷെഗ പാർടിക്ക് പൊതുജന പിന്തുണ പരിമിതമായതിനാൽ കാരണം അവസാനറൗണ്ടിൽ വിജയസാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. "അമിത കുടിയേറ്റം’ അവസാനിപ്പിക്കുമെന്നായിരുന്നു വെഞ്ചുറോയുടെ പ്രധാന മുദ്രാവാക്യം.
രാജ്യത്തുടനീളം "ഇത് ബംഗ്ലാദേശ് അല്ല’, "കുടിയേറ്റക്കാരെ ക്ഷേമത്തിൽ ജീവിക്കാൻ അനുവദിക്കില്ല’ തുടങ്ങിയ വാചകങ്ങളുമായി വംശീയവിദ്വേഷ ബോർഡുകൾ സ്ഥാപിച്ചു. പോർച്ചുഗലിലെ മറ്റ് പാർടികൾക്കിടയിൽ ഇൗ പ്രചാരണം ഏറ്റെടുത്തില്ല. ലിബറൽ ഇനിഷ്യേറ്റീവ് പാർടി സ്ഥാനാർഥിയായിരുന്ന കോട്രിം ഡി ഫിഗ്വിറിഡോ വെഞ്ചുറയെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി. തന്റെ പാർടി ഒരു സ്ഥാനാർഥിയെയും പിന്തുണയ്ക്കില്ലെന്ന് മധ്യ-വലതുപക്ഷ സോഷ്യൽ ഡെമോക്രാറ്റ് നേതാവായ പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോ പറഞ്ഞു."
*"തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കൂ ; മഹാരാഷ്ട്രയിൽ
മഹാമാർച്ച്*
മുംബൈ
തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, ലേബർ കോഡുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മഹാരാഷ്ട്രയിൽ സിപിഐ എം നേതൃത്വത്തിലുള്ള ബഹുജന മാർച്ച് ആരംഭിച്ചു. ദഹാനു താലൂക്കിലെ ചരോട്ടിയിലാണ് ആയിരങ്ങൾ അണിനിരന്ന മാർച്ച് തുടങ്ങിയത്. മാർച്ച് ചൊവ്വാഴ്ച പാൽഘർ ജില്ലാ കലക്ടറേറ്റിലെത്തും. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ അനിശ്ചിതകാല ധർണ നടത്തുമെന്നു പ്രവർത്തകർ അറിയിച്ചു.
വനാവകാശ നിയമം കർശനമായി നടപ്പാക്കുക, കൃഷിഭൂമി കർഷകരുടെ പേരിലാക്കുക, സ്മാർട്ട് മീറ്റർ പദ്ധതി റദ്ദാക്കുക, വധ്വാൻ തുറമുഖപദ്ധതിയും മുർബെ തുറമുഖപദ്ധതിയും ഉപേക്ഷിക്കുക, കുടിവെള്ള– ജലസേചന സൗകര്യങ്ങൾ ഉറപ്പാക്കുക, വിദ്യാഭ്യാസം തൊഴിൽ–ആരോഗ്യ മേഖലകളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുക- തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.
എഐകെസ്, സിഐടിയു, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ, എസ്എഫ്ഐ, ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് -എന്നീ സംഘടനകളാണ് മാർച്ചിൽ അണിനിരന്നത്.
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ അശോക് ധാവ്‌ളെ, മറിയം ധാവ്‌ളെ, മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി അജിത് നവാളെ, സിഐടിയു സംസ്ഥാന സെക്രട്ടറി വിനോദ് നിക്കോളെ എംഎൽഎ തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്. പൊളിറ്റ്ബ്യൂറോ അംഗം വിജൂ കൃഷ്ണൻ ചൊവ്വാഴ്ച മാർച്ചിൽ പങ്കെടുക്കും."
*"പ്രതിഷേധിച്ച് വേദിവിട്ടു ; അവഹേളിക്കപ്പെട്ട്
തരൂരും
സുധാകരനും*
കൊച്ചി
തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ സംഗമമെന്ന പേരിൽ രാഹുൽ ഗാന്ധിയെ പങ്കെടുപ്പിച്ച് കൊച്ചിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയുടെ വേദിയിൽ അവഹേളിതരായി ശശി തരൂരും കെ സുധാകരനും. ദേശീയനേതാക്കൾ ഉൾപ്പെടെ സന്നിഹിതരായ വേദിയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ ശശി തരൂരിന്റെ പേര് പരാമർശിച്ചില്ല. രാഹുൽ വേദിയിൽ എത്തിയശേഷമുള്ള പ്രസംഗകരുടെ കൂട്ടത്തിലും തരൂരിനെ ഉൾപ്പെടുത്തിയില്ല. പ്രതിഷേധം വേദിയിൽവച്ചുതന്നെ കെ സി വേണുഗോപാലിനെയും ദീപ ദാസ്‌മുൻഷിയെയും അറിയിച്ച തരൂർ, വേദി വിട്ടിറങ്ങി.
രാഹുൽഗാന്ധി വേദിയിലേക്ക് എത്തിയപ്പോഴാണ് കെ സുധാകരൻ അവഹേളനം നേരിട്ടത്. രാഹുലിനെക്കണ്ട് എഴുന്നേറ്റ് അഭിവാദ്യം ചെയ്‌ത സുധാകരനെ, രാഹുൽ കണ്ടതായി ഭാവിച്ചില്ല. മറ്റ് നേതാക്കളെ കൈകൂപ്പിയും കൈകൊടുത്തും അഭിവാദ്യം ചെയ്‌തു. രാഹുൽ ഗാന്ധിക്ക് തൊട്ടടുത്ത കസേരയിലിരുന്ന് സംസാരിച്ച സുധാകരനെ അടുത്ത കസേരയിലേക്ക് നീക്കിയിരുത്തി, നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ രാഹുൽ വിളിച്ച് അരികിലിരുത്തി. രാഹുൽ ഗാന്ധിയോട് ചോദ്യംചോദിക്കാനുള്ള അവസരം ലഭിച്ചപ്പോൾ ‘കോൺഗ്രസ് ഭരണത്തിൽവന്നാൽ ജനങ്ങൾക്ക് എന്താണ് നേട്ടം’ എന്ന് ഒരു പ്രവർത്തക സംശയത്തോടെ ചോദിച്ചു."
*"വാജിവാഹനം കൈമാറ്റം ചെയ്യാനാകില്ല*
*‘തട്ടിപ്പിന്റെ കേന്ദ്രം തന്ത്രിയും
വി എസ് ശിവകുമാറിന്റെ സഹോദരനും’ ; മുൻ ഐപിഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ*
തിരുവനന്തപുരം
ശബരിമലയിൽ നടന്ന അഴിമതിയുടെയും തട്ടിപ്പിന്റെയും പ്രഭവകേന്ദ്രം തന്ത്രിയും മുൻ ദേവസ്വംമന്ത്രി വി എസ് ശിവകുമാറിന്റെ സഹോദരൻ വി എസ് ജയകുമാറുമാണെന്ന് മുൻ ഐപിഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. ദേവസ്വം മുൻ ചീഫ് വിജിലൻസ് ഓഫീസർ വി ഗോപാല്‍ കൃഷ്‌ണനാണ് കൈരളി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. യുഡിഎഫ് ഭരണകാലത്ത് ശബരിമലയിലെ കാണിക്ക വരുമാനത്തിൽനിന്നടക്കം വൻതോതിൽ പണം മോഷ്ടിക്കപ്പെട്ടെന്നും ഇത് വിജിലൻസ് പിടിച്ചെന്നും അദ്ദേഹം പറഞ്ഞു.
‘‘വി എസ് ജയകുമാറിനെയും തന്ത്രിയെയും സോപ്പിട്ടാൽ ഏത് ഉദ്യോഗസ്ഥനും ശബരിമലയിൽ അഴിമതി നടത്താമെന്ന അവസ്ഥയായിരുന്നു. ശബരിമലയിൽ ലേലംപിടിച്ച് കച്ചവടം നടത്തിയ 90 ശതമാനം കടകളും ദേവസ്വം ബോർഡിലെ ചില ഉദ്യോഗസ്ഥരുടേതായിരുന്നു. ജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പാത്രം അഴിമതിക്കേസ് തെളിവുകളുണ്ടായിട്ടും അന്നത്തെ ഭരണകക്ഷിയിലെ ചിലർ ഒതുക്കിതീർത്തു.
യുഡിഎഫ് കാലത്ത് കാണിക്കയെണ്ണുന്ന മൂന്ന് ദിവസവേതനക്കാർചേർന്ന് 40 ലക്ഷം രൂപ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കവെ പിടിയിലായിട്ടുണ്ട്. ദിവസം 85 ലക്ഷം മുതൽ ഒരു കോടി രൂപവരെ കാണിക്ക ലഭിക്കുമ്പോൾ 15 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ കടത്താറുണ്ടായിരുന്നു. കാണിക്ക എണ്ണുന്നത് നിരീക്ഷിക്കാൻ കാമറകൾ മാത്രം പോരാത്തതിനാൽ 50 പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കാൻ തീരുമാനിച്ചു. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ഇതിനെ ശക്തമായി എതിർത്തെങ്കിലും ഹൈക്കോടതി ഇടപെടൽ ചൂണ്ടിക്കാട്ടി വിജിലൻസ് ഉറച്ചുനിന്നതോടെ പൊലീസുകാരെ വിന്യസിച്ചു.പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം പ്രസിഡന്റായപ്പോൾ, വിജിലൻസ് ഓഫീസറായ എന്നോട് സംസാരിക്കാൻ പോലും തയ്യാറായിട്ടില്ല’’– വി ഗോപാല്‍ കൃഷ്‌ണൻ പറഞ്ഞു.
*വാജിവാഹനം കൈമാറ്റം ചെയ്യാനാകില്ല*
വാജിവാഹനം ദേവസ്വം സ്വത്തായിതന്നെ നിലനിർത്തണമെന്ന 2012 ലെ ദേവസ്വം ഉത്തരവ് മറികടന്ന് വാജി വാഹനം കൈമാറ്റം ചെയ്യാനാകില്ല. ദേവസ്വം മാന്വൽ പ്രകാരമുള്ള ഉത്തരവ് തിരുത്തണമെങ്കിൽ സുപ്രീംകോടതിയുടെ അനുമതി വേണം. വാജി വാഹനം കടത്തിയത് ഗൂഢാലോചനയുടെ ഭാഗമാണ്. കോടിക്കണക്കിന് രൂപയുടെ വാജിവാഹനം വിൽക്കാൻ വിലയുറപ്പിച്ചിട്ടാകണം കൊടിമരം ഉൾപ്പെടെ മാറ്റാൻ തീരുമാനിച്ചതെന്നും വി ഗോപാല്‍ കൃഷ്‌ണൻ പറഞ്ഞു."
*"നിയമങ്ങളല്ല അധികാരമാണ്
യുഎസിന് വലുതെന്ന് ഗുട്ടെറസ്*
ലണ്ടൻ
അന്താരാഷ്ട്ര നിയമങ്ങളെക്കാൾ തങ്ങളുടെ അധികാരസ്ഥാനത്തിനാണ് അമേരിക്ക പ്രാധാന്യം നൽകുന്നതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.
ഐക്യരാഷ്‌ട്ര സംഘടനയിലെ അംഗരാജ്യങ്ങളുടെ തുല്യത ഉൾപ്പെടെ യുഎന്നിന്റെ സ്ഥാപകതത്വങ്ങൾ ഭീഷണി നേരിടുകയാണെന്നും ഗുട്ടെറസ് ബിബിസി അഭിമുഖത്തിൽ പറഞ്ഞു. അംഗങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി വീറ്റോകൾ ദുരുപയോഗിക്കപ്പെടുന്നുണ്ട്. ശക്തരായ ആളുകളെ നേരിടാൻ ചിലപ്പോൾ ചിലർ മടിക്കും. അവരെ നേരിടുന്നില്ലെങ്കിൽ നമുക്ക് ഒരിക്കലും മെച്ചപ്പെട്ട ലോകം ലഭിക്കില്ലെന്നും ഗുട്ടെറസ് പറഞ്ഞു."
*"കറാച്ചി ഷോപ്പിംഗ് മാളിൽ വൻ തീപിടിത്തം; 14 മരണം, 70 ഓളം പേരെ കാണാതായി*
കറാച്ചി: പാകിസ്ഥാനിലെ കറാച്ചി നഗരത്തിലുള്ള ഷോപ്പിംഗ് മാളിലുണ്ടായ വൻ തീപിടിത്തത്തിൽ 14 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ തകർന്നു വീണതോടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 70 ഓളം പേർക്കായി തിരച്ചിൽ തുടരുകയാണ്.
മരണസംഖ്യ ഇനിയും വർദ്ധിക്കുമെന്നാണ് സൂചന. 1,200-ലധികം കടകൾ പ്രവർത്തിക്കുന്ന മാളിൽ തിങ്കളാഴ്ചയാണ് തീപിടിത്തമുണ്ടായത്. വായുസഞ്ചാരം കുറഞ്ഞതും കെട്ടിടങ്ങളുടെ ശാസ്ത്രീയമല്ലാത്ത നിർമ്മാണവുമാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമായത്.
ഏകദേശം 24 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനയ്ക്ക് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് സിന്ധ് പൊലീസ് മേധാവി ജാവേദ് ആലം ഓധോ അറിയിച്ചു.
സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് പാക് സർക്കാർ ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മാൾ പ്രവർത്തിച്ചിരുന്നതെന്ന് പരാതി ഉയർന്നിട്ടുണ്ട്. കാണാതായവർക്കായി സൈന്യത്തിന്റെയും സിവിൽ ഡിഫൻസിന്റെയും നേതൃത്വത്തിൽ ഊർജ്ജിതമായ തെരച്ചിൽ നടക്കുകയാണ്."
*അതിജീവിതയുടെ മരണം ; മണിപ്പുരിൽ രോഷം പടരുന്നു*
ന്യൂഡൽഹി
മണിപ്പുര്‍ കലാപത്തിനിടെ സംഘപരിവാര്‍ പിന്തുണയുള്ള മെയ്‍ത്തീ തീവ്രവാദ സംഘടന ആരംബായ് തെങ്കോലുകാര്‍ കൂട്ടബലാത്സംഗംചെയ്‍ത കുക്കി പെൺകുട്ടി നീതികിട്ടാതെ മരിച്ച സംഭവത്തിൽ രോഷം പടരുന്നു. അക്രമികൾക്കെതിരെ നടപടി വേണമെന്നും കുക്കികൾക്ക് പ്രത്യേക ഭരണസംവിധാനം വേണമെന്നുള്ള ആവശ്യവുമായി വിവിധ സംഘടനകൾ രംഗത്തെത്തി. മെയ്‌ത്തീ വിഭാഗക്കാരുമായി സഹവർത്തിത്വത്തിനുള്ള നേരിയ സാധ്യതപോലും ഇല്ലാതായെന്ന് പ്രതിനിധികൾ പ്രതികരിച്ചു.
തദ്ദേശീയ ഗോത്രനേതാക്കളുടെ പൊതുവേദി (ഐടിഎൽഎഫ്), കുക്കി സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ (കെഎസ്‌ഒ) തുടങ്ങിയ സംഘടനകൾ പെൺകുട്ടിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ‘കുക്കി വിഭാഗക്കാർ എത്ര നിർദ്ദയമായി ഇരയാക്കപ്പെടുന്നെന്ന് വ്യക്തമാക്കുന്നതാണ് യുവതിയുടെ മരണം. കുക്കി വിഭാഗക്കാരുടെ സുരക്ഷയ്‌ക്കും അന്തസ്സിനും നിലനിൽപ്പിനും പ്രത്യേക ഭരണസംവിധാനം ഏർപ്പെടുത്തുകയല്ലാതെ വേറെ വഴിയില്ല’– ഐടിഎൽഎഫ് അനുശോചനസന്ദേശത്തിൽ പറഞ്ഞു. പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവർക്ക് എതിരെ ചെറിയ നടപടി പോലും സ്വീകരിക്കാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് കെഎസ്‌ഒ ചൂണ്ടിക്കാണിച്ചു. മണിപ്പുരിൽ പലയിടത്തും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അനുശോചന, പ്രതിഷേധ പരിപാടികൾ നടന്നു."
*ഉന്നാവോ പീഡനം ;സെൻഗാറിന്‍റെ ശിക്ഷ മരവിപ്പിക്കാൻ വിസമ്മതിച്ച് കോടതി*
ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗത്തിലെ അതിജീവിതയുടെ അച്ഛന്റെ കസ്റ്റഡിമരണത്തിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന്‍റെ പത്തു വർഷത്തെ ജയിൽശിക്ഷ മരവിപ്പിക്കാൻ വിസമ്മതിച്ച് ഡൽഹി ഹൈക്കോടതി. ശിക്ഷ മരവിപ്പിക്കാൻ കാരണങ്ങളൊന്നുമില്ലെന്നു വ്യക്തമാക്കിയാണ് സെൻഗാറിന്‍റെ ഹർജി ജസ്റ്റീസ് രവീന്ദർ ദുഡേജ തള്ളിയത്.
പത്തു വർഷത്തെ ശിക്ഷയിൽ ഏഴരയ്ക്കടുത്ത് വർഷവും സെൻഗാർ കസ്റ്റഡിയിൽ ചെലവിട്ടെന്നും കേസിലെ ശിക്ഷയ്ക്കെതിരേയുള്ള സെൻഗാറിന്‍റെ അപ്പീലിൽ തീരുമാനമെടുക്കുന്നതിന് കാലതാമസം നേരിട്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
എങ്കിലും കാലതാമസത്തിന്റെ പേരിൽ ശിക്ഷ മരവിപ്പിക്കാൻ കഴിയില്ലെന്നും ശിക്ഷയ്ക്കെതിരേ സെൻഗാർ ഒന്നിലധികം ഹർജികൾ നൽകിയതാണ് കാലതാമസത്തിന് ഭാഗിക കാരണമായതെന്നും കോടതി വ്യക്തമാക്കി. സെൻഗാറിന്‍റെ ഹർജി ഫെബ്രുവരി മൂന്നിനു പരിഗണിക്കും.ഉന്നാവോ ബലാത്സംഗക്കേസിലെ അതിജീവിതയുടെ പിതാവ് 2018 ഏപ്രിൽ ഒന്പതിനാണ് പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടത്. കെട്ടിച്ചമച്ച ഒരു കേസിൽ കസ്റ്റഡിയിലായിരിക്കെയായിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്.
കേസിൽ 2020 മാർച്ച് 13നാണ് വിചാരണക്കോടതി സെൻഗാറിന് പത്തു വർഷത്തെ ശിക്ഷ വിധിച്ചത്. കസ്റ്റഡിമരണത്തിൽ കൊലപാതകക്കുറ്റം ചുമത്തിയില്ലെങ്കിലും കൊലപാതകം നടത്തണമെന്ന ഉദ്ദേശമില്ലെന്നു ചൂണ്ടിക്കാട്ടി മനഃപൂർവമല്ലാത്ത നരഹത്യയെന്ന വകുപ്പിലെ പരമാവധി ശിക്ഷയാണ് സെൻഗാറിനു വിധിച്ചത്.
ഉന്നാവോയിലെ പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ 2017ൽ പീഡിപ്പിച്ചെന്ന കേസിൽ ജീവപര്യന്തം ശിക്ഷയും സെൻഗാർ അനുഭവിച്ചുവരികയാണ്. ഈ ശിക്ഷ കഴിഞ്ഞ വർഷം ഡിസംബർ 23ന് ഹൈക്കോടതി മരവിപ്പിച്ചിരുന്നെങ്കിലും ദിവസങ്ങൾക്കുശേഷം ഡിസംബർ 29ന് സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് മരവിപ്പിച്ചിരുന്നു.
*റെയിൽവേയിൽ ടിക്കറ്റ് കാൻസലേഷനിൽ മാറ്റം; എട്ട് മണിക്കൂറിനുള്ളിൽ റദ്ദാക്കിയാൽ റീഫണ്ടില്ല*
ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റുകൾ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ പരിഷ്‌കരണങ്ങൾ ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾക്കാണ് പുതിയ നിയമം ബാധകമാകുന്നത്.
ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂർ ബാക്കിനിൽക്കെ ടിക്കറ്റ് റദ്ദാക്കിയാൽ ഒരു രൂപ പോലും റീഫണ്ടായി ലഭിക്കില്ലെന്ന് റെയിൽവേ ഉത്തരവിറക്കി. പുതുക്കിയ നിയമമനുസരിച്ച്, യാത്രയ്ക്ക് 72 മണിക്കൂർ മുതൽ 8 മണിക്കൂർ മുൻപ് വരെ ടിക്കറ്റ് റദ്ദാക്കിയാൽ ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം കാൻസലേഷൻ ചാർജായി ഈടാക്കും.
നേരത്തെ, യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റദ്ദാക്കിയാൽ 25 ശതമാനം മാത്രം ചാർജ് ഈടാക്കി ബാക്കി തുക റീഫണ്ട് നൽകുന്നതായിരുന്നു രീതി. ഇതാണ് ഇപ്പോൾ പകുതിയായി വെട്ടിക്കുറച്ചിരിക്കുന്നത്.
വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ ആർഎസി സൗകര്യം ഉണ്ടായിരിക്കില്ലെന്നും മിനിമം ചാർജ് ഈടാക്കുന്ന ദൂരം 400 കിലോമീറ്ററായിരിക്കുമെന്നും റെയിൽവേ നേരത്തെ വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തത്. ഗുവാഹത്തി-കൊൽക്കത്ത റൂട്ടിലാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള സ്ലീപ്പർ ട്രെയിനുകളിൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കാനാണ് റെയിൽവേയുടെ നീക്കം."
*ഗാസയിലേക്ക് യുഎഇയുടെ സഹായം തുടരുന്നു; ഭക്ഷ്യകിറ്റുകൾ മുതൽ ഏഴ് ആംബുലൻസുകൾ വരെ*
ദുബായ്: ഇസ്രയേൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഗാസയിലെ പലസ്‌തീൻ ജനതയ്ക്കുള്ള പിന്തുണ തുടർന്ന് യുഎഇ. ‘ഓപ്പറേഷൻ ചിവൽറസ് നൈറ്റ് 3’ന്റെ ഭാഗമായി കഴിഞ്ഞയാഴ്ച 279–-ാമത്തെ സഹായദൗത്യത്തിലൂടെ 266 ടൺ അവശ്യ സാമഗ്രികൾ എത്തിച്ചു.
ഭക്ഷ്യകിറ്റുകൾ, മരുന്നുകൾ, വൈദ്യോപകരണങ്ങൾ എന്നിവയ്ക്കൊപ്പം അടിയന്തര സേവനങ്ങൾക്കായി ഏഴ് ആംബുലൻസുകളും ഒരു വാട്ടർ ടാങ്കറും സഹായത്തിലുണ്ടായി. ഈജിപ്തിലെ അൽ അരിഷ് വഴിയാണ് സഹായം ഗാസയിലേക്ക് എത്തിച്ചത്.
15 ട്രക്കുകൾ അടങ്ങിയ ദൗത്യത്തിലൂടെ എത്തുന്ന സഹായം അൽ അരിഷിലുള്ള യുഎഇ മാനവിക സഹായ സംഘത്തിന്റെ മേൽനോട്ടത്തിൽ ക്രമബദ്ധമായി കൈമാറുകയാണ്. സഹായ സാമഗ്രികളുടെ തയ്യാറെടുപ്പ്, തരംതിരിക്കൽ, ഗതാഗത ക്രമീകരണം എന്നിവയ്ക്കായി സമഗ്രമായ പ്രവർത്തന സംവിധാനമാണ് ഇവിടെ നടപ്പാക്കുന്നത്.
ഗാസ മുനമ്പിലെ ജനങ്ങളുടെ അത്യാവശ്യങ്ങൾ നിറവേറ്റാനും ഫീൽഡ് തലത്തിലുള്ള പ്രതികരണശേഷി ശക്തിപ്പെടുത്താനുമുള്ള യുഎഇയുടെ മാനവിക ശ്രമങ്ങളുടെ ഭാഗമാണ് തുടർച്ചയായ സഹായമെന്ന് അധികൃതർ വ്യക്തമാക്കി."
*"നൊബേൽ തന്നില്ല ; ഇനി
സമാധാനത്തെക്കുറിച്ച് ബാധ്യതയില്ലെന്ന് ട്രംപ്*
ഓസ്‌ലോ
നൊബേൽ സമാധാന സമ്മാനം നിഷേധിക്കപ്പെട്ടതോടെ സമാധാനത്തിനായി പ്രവർത്തിക്കാനുള്ള തന്റെ ബാധ്യത ഇല്ലാതായെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറിനയച്ച സന്ദേശത്തിലാണ് ട്രംപിന്റെ വിശദീകരണം. ‘എട്ടിലധികം യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടും താങ്കളുടെ രാജ്യം എനിക്ക് നോബേൽ സമ്മാനം തരാത്ത സഹചര്യത്തിൽ സമാധാനത്തേക്കുറിച്ച്‌മാത്രം ചിന്തിക്കേണ്ട ബാധ്യത എനിക്കില്ല. ആ സമയം യുഎസിന് നല്ലതും ശരിയായതുമായ കാര്യങ്ങളെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ കഴിയും’ എന്നാണ് ട്രംപിന്റെ സന്ദേശം.
ഗ്രീൻലൻഡ് ഏറ്റെടുക്കാനുള്ള നീക്കത്തെ എതിർക്കുന്ന നോർവേ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ട്രംപ് 10 ശതമാനം അധിക തീരുവ ചുമത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നോർവേ പ്രധാനമന്ത്രി ട്രംപിന് നൽകിയ സന്ദേശത്തിനുള്ള മറുപടിയിലാണ് ട്രംപ് നോബേൽ സമ്മാനം ‘നിഷേധി’ച്ചതിലുള്ള പരിഭവം അറിയിച്ചത്."
*"പിഎഫ് തുക യുപിഐ വഴി പിൻവലിക്കൽ ഏപ്രിൽമുതൽ*
ന്യൂഡൽഹി
ഏപ്രിൽ മുതൽ ഭീം യുപിഐ ആപ്പ് വഴി പിഎഫ് അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കാമെന്ന് ഇപിഎഫ്‌ഒ വൃത്തങ്ങൾ. 25 ശതമാനം നിലനിർത്തി ശേഷിച്ച തുക പിൻവലിക്കാം. ഒരോ തവണയും പിൻവലിക്കാവുന്ന പരമാവധി തുക 25,000 ആയി നിജപ്പെടുത്താനാണ് ആലോചിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്‌തു.
ആദ്യഘട്ടത്തിൽ ഭീം ആപ്പ് വഴി മാത്രമേ പണം പിൻവലിക്കാൻ സാധിക്കൂ. യുപിഐ ലിങ്ക് ചെയ്‌തി ബാങ്ക് അക്കൗണ്ടിലേക്ക് പണം ഉടൻ ക്രെഡിറ്റാകും. കഴിഞ്ഞ ഒക്ടോബറിൽ ചേർന്ന ഇപിഎഫ്‌ഒ ബോർഡ് യോഗം പിഎഫ് അക്കൗണ്ടിൽനിന്നു പിൻവലിക്കാനുള്ള ഉപാധികൾ ലളിതമാക്കാൻ തീരുമാനിച്ചിരുന്നു. 13 ആവശ്യങ്ങൾക്ക് പണം പിൻവലിക്കാമെന്ന ഉപാധികൾ ഏകോപിപ്പിച്ച് മൂന്നെണ്ണമാക്കി. യുപിഐ വഴി പണം പിൻവലിക്കാൻ സൗകര്യമൊരുക്കാനും തീരുമാനിച്ചു."
*"ഐടി നോട്ടീസ് റദ്ദാക്കി , 2 ലക്ഷം നഷ്ടപരിഹാരം നൽകണം ; പ്രണോയ് റോയിക്ക് ആശ്വസം*
ന്യൂഡൽഹി
എൻഡിടിവി സ്ഥാപകരായ പ്രണോയ് റോയിക്കും രാധിക റോയിക്കും ആദായനികുതി വകുപ്പയച്ച നോട്ടീസുകളും തുടർനടപടികളും റദ്ദാക്കി ഡൽഹി ഹൈക്കോടതി. ഇരുവരെയും അനാവശ്യമായി വകുപ്പ് ദ്രോഹിച്ചെന്ന് ജസ്റ്റിസുമാരായ ദിനേശ് മേത്ത, വിനോക് കുമാർ എന്നിവരുടെ ബെഞ്ച് ഉത്തരവിൽ പറഞ്ഞു. ഇരുവർക്കും ഒരുലക്ഷം രൂപവീതം നഷ്‌ടപരിഹാരം നൽകാനും ആദായനികുതി വകുപ്പിനോട് നിർദേശിച്ചു. ഇത്തരം കേസുകളിൽ എത്ര പിഴ ചുമത്തിയാലും മതിയാകില്ലെന്നും കോടതി നിരീക്ഷിച്ചു.
2016ൽ നോട്ടീസ് ലഭിച്ചതോടെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. എൻഡിടിവിയുടെ പ്രൊമോട്ടറായ ആർആർപിആർ ഹോൾഡിങ് ഇരുവർക്കും നൽകിയ 91.92 കോടി രൂപയുടെ പലിശരഹിത വായ്പകളിൽ ചട്ടവിരുദ്ധതയില്ലെന്ന് 2013ൽ വകുപ്പ് കണ്ടെത്തിയിരുന്നു. 2009-–10 വർഷത്തെ ഇൗ ഇടപാട് പരാതിയുടെ പേരിൽ രണ്ടാമത് 2016ൽ പുനഃപരിശോധിക്കുകയായിരുന്നു. ഒരിക്കൽ പൂർത്തിയാക്കിയ റീഅസസ്‌മെന്റ് നടപടികൾ ആരോ നൽകിയ പരാതിയുടെ പേരിൽ വീണ്ടും തുടങ്ങിയത് ചട്ടലംഘനമാണ്.
വായ്‌പ സംബന്ധിച്ച എല്ലാ രേഖകളും പരിശോധിച്ച് ചട്ടവിരുദ്ധതയില്ലെന്ന് 2013ൽ ഉത്തരവിക്കിയ വകുപ്പാണ് 2016ൽ വീണ്ടും നോട്ടീസ് നൽകിയത്. എല്ലാ രേഖകളും ഇരുവരും ഹാജരാക്കി. നികുതിദായകനെ അനാവശ്യമായി ദ്രോഹിക്കുന്നത് അരാജകത്വത്തിന് കാരണമാകും. പരാതിക്കാർ ഒരു തെളിവ് പോലും പുതിയതായി നൽകിയിട്ടില്ല –ഉത്തരവിൽ പറഞ്ഞു."
*"ജാർഖണ്ഡിൽ രക്തം സ്വീകരിച്ച
യുവതിക്കും
കുടുംബത്തിനും എച്ച്‌ഐവി*
റാഞ്ചി
ജാർഖണ്ഡിൽ സ്വകാര്യ ആശുപത്രിയിലെ രക്തബാങ്കിൽനിന്നു രക്തം സ്വീകരിച്ച യുവതിക്കും കുടുംബത്തിനും എച്ച്‌ഐവി സ്ഥിരീകരിച്ചു. പ്രസവ ശസ്ത്രക്രിയാസമയത്ത് രക്തം സ്വീകരിച്ചതാണ് രോഗകാരണമെന്ന് കുടുംബം പറഞ്ഞു.
2023 ജനുവരിയിൽ ചൈബാസ സദർ ആശുപത്രിയിൽവച്ചാണ് യുവതിയുടെ പ്രസവശസ്ത്രക്രിയ നടന്നത്. ഇതേ ആശുപത്രിയിലെ രക്തബാങ്കിൽനിന്നാണ് യുവതി ആദ്യ പ്രസവശസ്ത്രക്രിയയ്ക്കായി രക്തം സ്വീകരിച്ചത്. കഴിഞ്ഞവർഷം രണ്ടാമത് ഗർഭിണിയായപ്പോൾ നടത്തിയ പരിശോധനയിലാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്."
*"കർണാടക വടംവലി:
ചർച്ച നടത്തി ശിവകുമാർ*
ന്യൂഡൽഹി
കർണാടക സർക്കാരിലെ അധികാര വടംവലി വീണ്ടും രൂക്ഷമായതിനെ തുടർന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഡൽഹിയിലെത്തി കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്‌ച്ച നടത്തി. വിശദാംശങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്ന് ശിവകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘നല്ല വാർത്തകൾ ഉണ്ടെങ്കിൽ അത് ആരോടും പറയാതിരിക്കുന്നതാണ് തന്റെ ശൈലി’യെന്നും കൂട്ടിച്ചേർത്തു.
രാഹുലുമായി മൂന്നുമണിക്കൂർ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ശിവകുമാർ കോൺഗ്രസ് അധ്യക്ഷനുമായി കൂടിക്കാഴ്‌ച നടത്തിയത്. ദാവോസിൽ ലോക സാന്പത്തികസംഗമം ഒഴിവാക്കിയാണ് ശിവകുമാർ ഡൽഹിയിലെത്തിയത്. മുഖ്യമന്ത്രി സിദ്ദരാമയ്യയും ശിവകുമാറും തമ്മിലുള്ള അധികാരവടംവലി വലിയ പ്രതിസന്ധിയായ സാഹചര്യത്തിലാണ് ഇടപെടൽ."
*സെക്രട്ടേറിയറ്റിന് തൊട്ടടുത്ത് ഗോവധം; മധ്യപ്രദേശിൽ 260 പശുക്കളെ അറുത്തു, 26 ടൺ ഇറച്ചി പിടികൂടി*
ഭോപാൽ: കടുത്ത ഗോവധ നിരോധന നിയമങ്ങൾ നിലനിൽക്കുന്ന മധ്യപ്രദേശിൽ സർക്കാരിനെ വെട്ടിലാക്കി വൻ ഗോവധം പുറത്തുവന്നു. സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നും വെറും രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള ഭോപാൽ മുൻസിപ്പൽ കോർപ്പറേഷന്റെ ആധുനിക അറവുശാലയിലാണ് 260-ഓളം പശുക്കളെ അറുത്തതായി കണ്ടെത്തിയത്.
ഇവിടെ നിന്ന് കടത്താൻ ശ്രമിച്ച 26 ടൺ ഇറച്ചി കഴിഞ്ഞ ഡിസംബറിൽ പിടികൂടിയിരുന്നു. ഇതിന്റെ ഫോറൻസിക് പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് കൊല്ലപ്പെട്ടത് പശുക്കളാണെന്ന് സ്ഥിരീകരിച്ചത്. ഭോപാൽ മുൻസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള 'ജിൻസി' അറവുശാലയിലാണ് നിയമവിരുദ്ധമായി പശുക്കളെ അറുത്തത്.
എരുമകളെ അറുക്കാൻ മാത്രമാണ് ഈ കേന്ദ്രത്തിന് അനുമതിയുള്ളത്. പിടികൂടിയ ഇറച്ചി എരുമ ഇറച്ചിയാണെന്ന് മുനിസിപ്പൽ വെറ്ററിനറി ഡോക്ടർ ആദ്യം സർട്ടിഫിക്കറ്റ് നൽകിയിരുന്നു. എന്നാൽ മഥുരയിലെ ലാബിൽ നടത്തിയ പരിശോധനയിൽ ഇത് പശു ഇറച്ചിയാണെന്ന് തെളിഞ്ഞു.
ഇതോടെയാണ് ബിജെപി സർക്കാർ പ്രതിരോധത്തിലായത്. സംഭവവുമായി ബന്ധപ്പെട്ട് മുനിസിപ്പൽ വെറ്ററിനറി ഡോക്ടർ ബി.പി ഗൗർ ഉൾപ്പെടെ പത്ത് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. അറവുശാലയുടെ കരാറുകാരനായ അസ്‌ലം ഖുറേഷിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
35 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ആധുനിക അറവുശാല ഉദ്ഘാടനം ചെയ്ത് ഒരു മാസം തികയും മുൻപാണ് ഈ ക്രമക്കേട് നടന്നത്. പശു സംരക്ഷണത്തിനായി പ്രത്യേക വർഷമായി ആചരിക്കുന്നതിനിടെ തലസ്ഥാന നഗരിയിൽ തന്നെ ഇത്രയും വലിയ നിയമലംഘനം നടന്നത് ഭരണകൂടത്തിന് കനത്ത തിരിച്ചടിയായി.
സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷമായ കോൺഗ്രസും വലതുപക്ഷ സംഘടനകളും തെരുവിലിറങ്ങി. നിലവിൽ ഈ അറവുശാല നഗരസഭ
എന്നെന്നേക്കുമായി അടച്ചുപൂട്ടിയിരിക്കുകയാണ്.
*"മദ്യപാന മത്സരം ദുരന്തമായി; ആന്ധ്രയിൽ 19 ബിയറുകൾ കുടിച്ച രണ്ട് പേർ മരിച്ചു*
അമരാവതി: ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിൽ മദ്യപാന മത്സരത്തെത്തുടർന്ന് രണ്ട് സോഫ്റ്റ്‌വെയർ എൻജിനീയർമാർ മരിച്ചു. മണികുമാർ (34), പുഷ്പരാജ് (26) എന്നിവരാണ് മരിച്ചത്. സംക്രാന്തി ആഘോഷങ്ങൾക്കിടെ സുഹൃത്തുക്കളുമായി ചേർന്ന് നടത്തിയ മദ്യപാന മത്സരമാണ് മരണത്തിൽ കലാശിച്ചത്.
അന്നമയ്യ ജില്ലയിലെ കെ.വി. പള്ളി മണ്ഡലത്തിലുള്ള ബണ്ഡ വഡ്ഡിപ്പള്ളിയിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം ആറ് സുഹൃത്തുക്കൾ ചേർന്ന് നടത്തിയ പാർട്ടിയിലാണ് മണികുമാറും പുഷ്പരാജും പരസ്പരം മത്സരിച്ച് മദ്യപിച്ചത്.
മൂന്ന് മണിക്കൂറിനുള്ളിൽ ഇരുവരും ചേർന്ന് 19 ടിൻ ബിയറുകൾ കുടിച്ചതായി പൊലീസ് കണ്ടെത്തി. അമിതമായി മദ്യം ഉള്ളിലെത്തിയതിനെത്തുടർന്ന് ഇരുവർക്കും കടുത്ത നിർജ്ജലീകരണവും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മണികുമാർ വഴിമധ്യേ മരണപ്പെട്ടു. ചികിത്സയിലിരിക്കെയാണ് പുഷ്പരാജ് മരിച്ചത്. അമിതമായ മദ്യപാനമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതായി റായച്ചോട്ടി ഡിഎസ്പി കൃഷ്ണമോഹൻ അറിയിച്ചു."
*"നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹങ്ങളും കെട്ടിടങ്ങളും
തകർത്തു , മോദിക്കും ആദിത്യനാഥിനും എതിരെ പ്രതിഷേധം*
*വാരാണസിയിൽ ക്ഷേത്രങ്ങൾ തകർത്ത്
ബിജെപി സർക്കാർ ; മണികർണികാ ഘാട്ടിൽ വ്യാപക ഇടിച്ചുനിരത്തൽ*
ന്യൂഡൽഹി
ഉത്തർപ്രദേശിൽ വാരാണസിയിലെ മണികർണിക ഘാട്ടിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളും വിഗ്രഹങ്ങളും കെട്ടിടങ്ങളും പടവുകളും ബുൾഡോസറുകൾ കൊണ്ട് ഇടിച്ചുനിരത്തിയ ബിജെപി സർക്കാരിന് എതിരെ വ്യാപക പ്രതിഷേധം. ഗംഗാതീരത്തെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ മൃതദേഹ സംസ്‌കാര സ്ഥലങ്ങളിൽ ഒന്നായ മണികർണിക ഘാട്ടിൽ നവീകരണത്തിന്റെ പേരിലാണ് ഇടിച്ചുനിരത്തൽ.
18–ാം നൂറ്റാണ്ടിൽ കാശിവിശ്വനാഥ ക്ഷേത്രത്തിന്റെയും മണികർണിക ഘാട്ടിന്റെയും നവീകരണപ്രവർത്തനങ്ങൾ നടത്തിയെന്ന് കരുതപ്പെടുന്ന മറാത്താ റാണിയായിരുന്ന അഹില്യാഭായ് ഹോൾക്കറുടെ വിഗ്രഹം ഉൾപ്പടെ തകർത്തു. പുരാതനമായ മുക്തേശ്വർ മഹാദേവ ക്ഷേത്രം, ലക്ഷ്‌മിനാരായണ ക്ഷേത്രം തുടങ്ങിയവ തകർത്തതായും അക്ഷയവത വൃക്ഷം നശിപ്പിച്ചതായും പ്രതിപക്ഷകക്ഷികൾ ചൂണ്ടിക്കാട്ടി. നിരവധി വിഗ്രഹങ്ങൾ കാണാതായതായും പരാതിയുണ്ട്.
തകർന്ന വിഗ്രഹങ്ങളുടെയും കെട്ടിടങ്ങളുടെയും മറ്റും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. ബിജെപി, ആർഎസ്‌എസ് അനുഭാവികൾ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി ആദിത്യനാഥിനും എതിരെ രംഗത്തെത്തി. ‘വികസനത്തിന്റെ പേരിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃകം ഇടിച്ചുപൊളിക്കുക’യാണെന്ന് ഇവർ കുറ്റപ്പെടുത്തി. അതേസമയം, ‘പുറത്ത് നിന്നുള്ളവരാണ് പ്രശ്‌നങ്ങൾ ഉണ്ടാക്കിയതെന്ന’ – ബിജെപിയുടെ പതിവ് പല്ലവിയാണ് മുഖ്യമന്ത്രി ആദിത്യനാഥ് പാടുന്നത്. ‘വ്യാജ ദൃശ്യങ്ങൾ’
വ്യാജ ദൃശ്യങ്ങൾ’ പ്രചരിപ്പിച്ചെന്ന പേരിൽ എംപിമാരായ സഞ്‌ജയ്‌സിങ്, പപ്പുയാദവ് തുടങ്ങി എട്ട് പേർക്കെതിരെ കേസെടുത്തു.
അഹില്യാഭായ് ഹോൾക്കറുടെ വിഗ്രഹം തകർത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്‌ച്ച നിരവധിപേർ മണികർണികയിൽ പ്രതിഷേധിച്ചു. പൊലീസ് 16 പേരെ കസ്‌റ്റഡിയിലെടുത്തു. വാരാണസിയുടെ സഹസ്രാബ്‌ദങ്ങൾ പഴക്കമുള്ള പ്രകൃതിയും ഘടനയും വാസ്‌തുശിൽപ്പശൈലിയും മാറ്റിമറിച്ചുള്ള നവീകരണപ്രവർത്തനങ്ങളിൽ ചരിത്രകാരൻമാരും ആശങ്ക രേഖപ്പെടുത്തി." *ശുഭദിനം*
0 Comments