*കടമെടുക്കലിൽ കേന്ദ്രവും മോശമല്ല!*
കൊച്ചി: സാന്പത്തിക പ്രതിസന്ധി മറികടക്കാനുള്ള കേരളസർക്കാരിന്റെ കടമെടുപ്പിനു കടിഞ്ഞാണിടാൻ കേന്ദ്രം ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെ, കേന്ദ്രസർക്കാരിനു കീഴിലുള്ള ദേശീയപാത അഥോറിറ്റിയുടെ (എൻഎച്ച്എഐ) കടബാധ്യത കണക്കുകൾ പുറത്ത്. കഴിഞ്ഞ പത്തു വർഷത്തിനിടെ എൻഎച്ച്എഐയുടെ പേരിലുള്ളത് 3.74 ലക്ഷം കോടിയുടെ കടം.
മസാല ബോണ്ടുകളിലൂടെ 3000 കോടി രൂപ അഥോറിറ്റി സമാഹരിച്ചതായും വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നു.
2019-20 സാമ്പത്തികവർഷത്തിലാണ് എൻഎച്ച്എഐ ഏറ്റവുമധികം തുക കടമെടുത്തത്. 74,986.81 കോടി രൂപയാണ് ആ വർഷം മാത്രമെടുത്ത കടം. 2020-21, 2021-22 സാമ്പത്തികവർഷങ്ങളിൽ യഥാക്രമം 65,079 കോടിയും 65,149 കോടിയും കടമെടുത്തു.
2015-16ൽ 23281.17 കോടി രൂപ കടമെടുത്തപ്പോൾ അടുത്തവർഷം ഇത് 33,117.74 കോടിയായി. 2017-18ൽ അര ലക്ഷം കോടിയിലധികമായാണു കടമെടുപ്പ് വർധിച്ചത്.
അതേസമയം, കഴിഞ്ഞ രണ്ടു സാമ്പത്തികവർഷങ്ങളിൽ എൻഎച്ച്എഐ കടമെടുത്തിട്ടില്ലെന്നും രേഖകൾ ചൂണ്ടിക്കാട്ടുന്നു. മസാല ബോണ്ടുകളിലൂടെ 2017 ലാണ് ദേശീയപാത അഥോറിറ്റി 3000 കോടി സമാഹരിച്ചത്.
*റിമാൻഡിൽ കഴിയുന്ന മരട് അനീഷിനെ തമിഴ്നാട് ചാവടി പോലീസ് കസ്റ്റഡിയിലെടുത്തു*
കോയമ്പത്തൂര്‍: കുപ്രസിദ്ധ ഗുണ്ടാനേതാവ് മരട് അനീഷിനെ തമിഴ്നാട് ചാവടി പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം സബ് ജയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് കോടതിയുടെ ട്രാന്‍സിറ്റ് വാറണ്ടോടെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയത്. മലയാളി സ്വര്‍ണ വ്യാപാരിയില്‍ നിന്ന് ഒന്നര കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ കഴിഞ്ഞയാഴ്ചയാണ് അനീഷും കൂട്ടാളികളും അറസ്റ്റിലായത്.
എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്ത് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു മരട് അനീഷ്. ഇന്നലെ രാവിലെ എറണാകുളത്ത് എത്തിയ കോയമ്പത്തൂര്‍ കെ.ജി. ചാവടിയില്‍ നിന്നുള്ള പോലീസ് സംഘം അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റ് വിവരം തമിഴ്നാട് മധുക്കരൈ കോടതിയെ അറിയിച്ചു. തുടര്‍ന്ന് മജിസ്ട്രേറ്റിന്റെ ട്രാന്‍സിറ്റ് വാറന്‍ഡോടെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ജനുവരി 15നാണ് പനമ്പുകാട് നിന്ന് വടക്കന്‍ പറവൂര്‍ പോലീസും മുളവുകാട് പോലീസും ചേര്‍ന്ന് മരട് അനീഷിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊച്ചി സെന്‍ട്രല്‍ പോലീസിന് കൈമാറി. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കൊച്ചി-സേലം ദേശീയ പാതയില്‍ തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണാഭരണ നിര്‍മാതാവ് ജെയിസണ്‍ ജേക്കബിനെയും സഹായി വിഷ്ണുവിനെയും വാഹനം തടഞ്ഞു നിര്‍ത്തിയ ശേഷം മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി അനീഷും സംഘവും സ്വര്‍ണം തട്ടിയെടുത്തത്.
*സ്വർണക്കൊള്ളയിൽ വീണ്ടുമൊരു കേസ്കൂടി ആലോചനയിൽ*
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ വീണ്ടുമൊരു കേസ്കൂടി രജിസ്റ്റർ ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം ആലോചിക്കുന്നു. ശബരിമല സ്വർണക്കൊടിമരം പുനഃപ്രതിഷ്ഠ നടത്താൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ടാകും കേസ്.
കൊടിമരം ചിതലരിച്ചതായും പുനഃപ്രതിഷ്ഠ നടത്തണമെന്നുമുള്ള തീരുമാനവുമായി ബന്ധപ്പെട്ടാണിത്. പുനഃപ്രതിഷ്ഠാ നടപടി തുടങ്ങിയപ്പോൾ കൊടിമരം കോണ്‍ക്രീറ്റിൽ തീർത്തതാണെന്നു കണ്ടെത്തിയതാണ് സംശയങ്ങൾക്കിടയാക്കിയത്.
കേസിൽ ആരെയൊക്കെ പ്രതിയാക്കണമെന്നു പരിശോധനകൾക്കു ശേഷമാകും പ്രത്യേക അന്വേഷണ സംഘം തീരുമാനിക്കുക. രണ്ടു പതിറ്റാണ്ടായുള്ള ശബരിമലയിലെ നടപടി അന്വേഷിക്കണമെന്ന ഹൈക്കോടതി നിർദേശം അടിസ്ഥാനമാക്കിയാണു കൊടിമര പുനഃപ്രതിഷ്ഠ സംബന്ധിച്ചും അന്വേഷിക്കാൻ ആലോചിക്കുന്നത്.
നേരത്തേ തടിയിൽ തീർത്ത കൊടിമരമായിരുന്നു. എന്നാൽ കോണ്‍ക്രീറ്റ് കൊടിമരം നിർമിച്ചതു സംബന്ധിച്ച രേഖകളൊന്നും ഇപ്പോൾ കണ്ടെത്താനാകാത്തതാണു പ്രത്യേക അന്വേഷണ സംഘത്തിൽ സംശയമുണ്ടാക്കിയത്.
കൊടിമരം പുനഃപ്രതിഷ്ഠ നടത്താൻ തീരുമാനിച്ചത് 2014 മുതലാണ്. അതിനാൽ 2014മുതലുള്ള നടപടി പരിശോധിക്കും. കോണ്‍ക്രീറ്റ് തൂണിൽ ചിതലരിച്ചതും പുനഃപ്രതിഷ്ഠയ്ക്കായി ഹൈദരാബാദിലെ സ്പോണ്‍സറെ കണ്ടെത്തിയതും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ആദ്യ കേസിൽ മുഖ്യ സൂത്രധാരൻ ഉണ്ണികൃഷ്ണൻ പോറ്റിക്കു ജാമ്യം ലഭിക്കുന്ന സാഹചര്യത്തിൽ കുറ്റപത്രം വൈകാതെ സമർപ്പിക്കുന്നതും പരിഗണിക്കുന്നു.
അതേസമയം, സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് വൈകാതെ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണു പ്രത്യേക അന്വേഷണ സംഘം പറയുന്നത്.
*സ്വര്‍ണക്കൊള്ളയിലെ ജാമ്യാപേക്ഷ; പോറ്റിയുടെ വിധി ഇന്നറിയാം*
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന് പോറ്റി കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹർജിയില്‍ വാദം പൂര്‍ത്തിയായി. വിധി ഇന്നു പറയും.
ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം അപഹരിച്ച ആദ്യ കേസില്‍ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാത്തതു ചൂണ്ടിക്കാട്ടിയായിരുന്നു ഉണ്ണിക്കൃഷ്ണന് പോറ്റി ജാമ്യഹർജി നല്‍കിയിരുന്നത്. റിമാന്‍ഡ് കാലാവധി 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹത ഉണ്ടെന്നു പ്രതിഭാഗം വാദിച്ചു.
എന്നാല്‍ കേസ് അന്വേഷണം നിർണായക ഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ ജാമ്യം നൽകരുത്. ഇനിയും തുടരന്വേഷണം ആവശ്യമുണ്ട്. റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരും പോറ്റിയും തമ്മിലുള്ള ബന്ധം സംബന്ധിച്ചും കൂടുതൽ വ്യക്തത വരുത്തണം. നഷ്ടപ്പെട്ട സ്വർണത്തിന്റെ കണക്ക്, ഏതെല്ലാം തരത്തിൽ നഷ്ടമുണ്ടായിട്ടുണ്ട് തുടങ്ങിയ തലങ്ങളിലും അന്വേഷണം നടത്തി അവ വീണ്ടെടുക്കണം. ഉയർന്ന ജാമ്യത്തുക ഉൾപ്പെടെയുള്ള കടുത്ത ഉപാധികൾ വ്യവസ്ഥ ചെയ്യണമെന്നും പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ വാദിച്ചു.
പ്രതിക്കു ജാമ്യം നല്കിയാല് കര്‍ശന ഉപാധികള്‍ വേണമെന്നു പ്രോസിക്യൂഷനും വാദിച്ചു. പത്തനംതിട്ട ജില്ലയിലോ കേരളത്തിനു പുറത്തോ പോകാന്‍ പാടില്ല. ആഴ്ചയില്‍ രണ്ടു പ്രാവശ്യം പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണം തുടങ്ങിയ നിര്‍ദേശങ്ങളാണ് പ്രോസിക്യൂഷന് മുന്നോട്ടുവച്ചത്. ഇരു വാദങ്ങളും കേട്ട വിജിലന്‍സ് കോടതി ഹർജിയില്‍ ഇന്നു വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു.
അതിനിടെ കേസില്‍ അറസ്റ്റിലായ ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ്. ശ്രീകുമാറിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തേക്കാണ് വിജിലന്‍സ് കോടതി കസ്റ്റഡി അനുവദിച്ചത്. വൈകുന്നേരത്തോടെ വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ദേവസ്വം ബോര്‍ഡ് മുന്‍ മെമ്പറും സിപിഎം പ്രതിനിധിയുമായ എന്‍. വിജയകുമാര്‍ സമര്‍പ്പിച്ച ജാമ്യഹർജി പരിഗണിക്കുന്നതു മറ്റൊരു ദിവസത്തേക്ക് മാറ്റിയിട്ടുണ്ട്. അതിനിടെ, തന്ത്രി കണ്ഠരെ കസ്റ്റഡിയില്‍ വേണമെന്ന എസ്ഐടിയുടെ അപേക്ഷയും തന്ത്രി നല്കിയ ജാമ്യപേക്ഷയും നാളെ പരിഗണിക്കും.
*ജാമ്യം ലഭിച്ചാലും അകത്ത് തുടരണം*
കട്ടിളപ്പാളിയിലെ സ്വര്‍ണം അപഹരിച്ച കേസില്‍ റിമാന്‍ഡ് തുടരുന്നതിനാല്‍ ദ്വാരപാലക ശില്പ കേസില്‍ ജാമ്യം ലഭിച്ചാലും പോറ്റി ജയില്‍മോചിതനാകില്ല. രണ്ടാം കേസില്‍ 90 ദിവസം തികയാന്‍ ഇനിയും മൂന്നാഴ്ചകൂടിയുണ്ട്. അതിനാല്‍ ആദ്യഘട്ട കുറ്റപത്രമെങ്കിലും സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം.
*റേഷൻ വ്യാപാരികളുടെ വേതന പാക്കേജിൽ തീരുമാനമായി: മന്ത്രി*
തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ വേതന പാക്കേജുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികളുമായി ഭക്ഷ്യ-ധനകാര്യ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ റേഷൻ വ്യാപാരികളുടെ വേതനം 2026 ജനുവരി ഒന്നുമുതൽ പരിഷ്കരിക്കാൻ ധാരണയായതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
പ്രതിമാസം 15 ക്വിന്റൽ വരെയുള്ള വിതരണത്തിന് കമ്മീഷൻ 6800 രൂപയും 15 ക്വിന്റലിനു മുകളിൽ 45 ക്വിന്റൽ വരെയുള്ള വിതരണത്തിന് അടിസ്ഥാന കമ്മീഷൻ 9000 രൂപയും വിതരണം നടത്തുന്ന ഓരോ ക്വിന്റലിനും 270 രൂപ നിരക്കിലും 45 ക്വിന്റലിനു മുകളിൽ അടിസ്ഥാന കമ്മീഷൻ 21,000 രൂപയും 45 ക്വിന്റലിനു മുകളിൽ വിതരണം നടത്തുന്ന ഓരോ ക്വിന്റലിനും 200 രൂപ നിരക്കിലും വേതനം പരിഷ്കരിക്കാൻ തീരുമാനമായി.
പരിഷ്കരിച്ച പാക്കേജു പ്രകാരം നിലവിൽ വ്യാപാരികൾക്കുള്ള പരമാവധി അടിസ്ഥാന വേതനം 18,000 രൂപയിൽ നിന്ന് 21,000 രൂപയായി വർധിപ്പിച്ചു. കൂടാതെ അധിക കമ്മീഷൻ 180 രൂപ എന്നുള്ളത് 270 രൂപയായും വർധിപ്പിച്ചു.
വളരെ കാലമായി റേഷൻ വ്യാപാരികൾ ഉന്നയിച്ച വേതന പാക്കേജ് നടപ്പിലാക്കിയ സർക്കാരിന് എല്ലാ സംഘടനകളും അഭിനന്ദനം അറിയിച്ചു. പാക്കേജ് നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി മാസം മുതൽ നടത്താൻ തീരുമാനിച്ച റേഷൻ വ്യാപാരി കൂട്ടായ്മ സമരം പിൻവലിച്ചതായി വ്യാപാരി സംഘടനകൾ അറിയിച്ചതായും മന്ത്രി പറഞ്ഞു.
യോഗത്തിൽ, വിവിധ സംഘടനകളെ പ്രതിനിധികരിച്ച്, അഡ്വ. ജി. സ്റ്റീഫൻ എംഎൽഎ, ജി. ശശിധരൻ, അഡ്വ. ജോണി നെല്ലൂർ, ടി മുഹമ്മദാലി, അഡ്വ. ജി. കൃഷ്ണപ്രസാദ്, സുരേഷ് കാരേറ്റ്, കെ.ബി. ബിജു, വി. അജിത് കുമാർ, അഡ്വ. ആർ. സജിലാൽ, പ്രിയൻ കുമാർ തുടങ്ങിയവരും സിവിൽ സപ്ലെസ് കമ്മീഷണർ ഹിമ കെ., റേഷനിംഗ് കൺട്രോളർ മോഹൻ കുമാർ, ഭക്ഷ്യ-ധന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
*പേവിഷബാധയേറ്റ് പത്തുവർഷത്തിനിടെ സംസ്ഥാനത്ത് മരിച്ചത് 118 പേർ; നഷ്ടപരിഹാരവുമില്ല*
കോട്ടയം: കഴിഞ്ഞ പത്തു വർഷത്തിനിടെ കേരളത്തിൽ പേവിഷബാധമൂലം മരിച്ചത് 118 പേർ. ഇവരിൽ മിക്കവർക്കും തെരുവുനായ്ക്കളുടെ കടിയേറ്റാണ് പേവിഷബാധയുണ്ടായത്. ഇത്തരത്തിൽ തെരുവുനായ്ക്കളുടെ കടിയേറ്റു മരിക്കുന്നവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരമോ പരിക്കേൽക്കുന്നവർക്ക് ചികിത്സച്ചെലവോ കിട്ടുന്നുമില്ല.
2016 ഏപ്രിൽ ഒന്നു മുതൽ 2025 ഒക്ടോബർ 30 വരെയുള്ള കണക്കനുസരിച്ച് ഏറ്റവും കൂടുതൽ പേർ പേവിഷബാധയേറ്റു മരിച്ചത് കൊല്ലം ജില്ലയിലാണ്; 21 പേർ. തിരുവനന്തപുരം -16, പാലക്കാട് -13, ആലപ്പുഴ -12, തൃശൂർ -11, എറണാകുളം -ഒമ്പത്, കോഴിക്കോട് -ഒമ്പത്, പത്തനംതിട്ട -എഴ്, കണ്ണൂർ -ഏഴ്, മലപ്പുറം -നാല്, ഇടുക്കി -മൂന്ന്, വയനാട് -മൂന്ന്, കോട്ടയം -രണ്ട്, കാസർഗോഡ് -ഒന്ന് എന്നിങ്ങനെയാണ് മരണമുണ്ടായത്.
ഒന്നേകാൽ വയസുള്ള പിഞ്ചുകുഞ്ഞു മുതൽ 90 വയസുള്ള വയോധിക വരെ ഈ കാലഘട്ടത്തിൽ തെരുവുനായ്ക്കളുടെ കടിയേറ്റു മരിച്ചു. പത്തു വയസിൽ താഴെയുള്ള 12 കുട്ടികളും 10 മുതൽ 20 വയസുവരെയുള്ള ഒമ്പത് പേരും മരിച്ചവരിൽ ഉൾപ്പെടുന്നു. മുപ്പതുവയസു വരെ-ആറ്, 40 വരെ-17, 50 വരെ -24, 60 വരെ-27, 70 വരെ-15, 80 വരെ-നാല്, 80നു മുകളിൽ പ്രായമുള്ളവർ മൂന്ന് എന്നിങ്ങനെയാണ് മരണസംഖ്യ.
ആരോഗ്യകേരളം ലോകനിലവാരത്തിലാണെന്ന് അവകാശപ്പെടുമ്പോഴും പേവിഷബാധയേറ്റ 95 ശതമാനം പേർക്കും വാക്സിൻ എടുക്കാൻ കഴിഞ്ഞിരുന്നില്ല എന്നും ഫാർമേഴ്സ് അവയർനസ് റിവൈവൽ മൂവ്മെൻറ്റ് (ഫാം) ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസിസിന് ലഭിച്ച വിവരാവകാശ രേഖപ്രകാരമുള്ള മറുപടിയിൽ പറയുന്നു.
തെരുവുനായ ആക്രമണങ്ങൾ സംബന്ധിച്ച കാര്യങ്ങൾ നോക്കാൻ ചുമതല ഏൽപ്പിച്ചിരിക്കുന്നത് തദ്ദേശ സ്വയംഭരണ വകുപ്പിനെയാണ്. വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽനിന്നു സിജുമോൻ ഫ്രാൻസിസിന് ലഭിച്ച മറുപടി പ്രകാരം തദ്ദേശ വകുപ്പിൽനിന്നോ ദുരിതാശ്വാസ നിധിയിൽനിന്നോ ഇത്തരം മരണങ്ങൾക്കും ചികിത്സച്ചെലവിനും നഷ്ടപരിഹാരം നല്‍കുന്നില്ല.
എന്നാൽ, സുപ്രീംകോടതി നിർദേശിച്ചതനുസരിച്ച് രൂപീകരിച്ച ജസ്റ്റീസ് സിരിജഗൻ കമ്മിറ്റിയാണ് ചികിത്സയ്ക്കായി നഷ്ടപരിഹാരം കൊടുക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം നല്കിവന്നിരുന്നത്.
സിരിജഗൻ കമ്മിറ്റി തുടരണോ വേണ്ടയോ എന്ന് നിർദേശിക്കാതെ കേസ് സുപ്രീംകോടതി തീർപ്പാക്കിയതിനാൽ കമ്മിറ്റിയുടെ പ്രവർത്തനം നിലച്ചു. പകരം കേരളാ ലീഗൽ സർവീസ് അതോറിറ്റിയുടെ കീഴിൽ എല്ലാ ജില്ലകളിലും ഡിസ്ട്രിക്ട് സ്ട്രേ ഡോഗ് വിക്ടിം കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇതുവരെയും പ്രവർത്തനം ആരംഭിച്ചിട്ടില്ല . ഫലത്തിൽ , തെരുവുനായയുടെ കടിയേറ്റാൽ സ്വന്തമായി ചികിത്സിച്ച് രക്ഷപ്പെടുക എന്നുള്ളതാണ് കേരളത്തിലെ അവസ്ഥ. എന്നാൽ, കർണാടകയിൽ തെരുവുനായ കടിച്ച് മരിച്ചാൽ സർക്കാർ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകും.
*വിമർശനത്തിന് താൻ അതീതനല്ലെന്ന് വി.ഡി. സതീശൻ*
തിരുവനന്തപുരം: വിമർശനത്തിന് താൻ അതീതനല്ലെന്നും സമുദായ നേതാക്കൾക്കും രാഷ്ട്രീയ നേതാക്കൾക്കും തന്നെ വിമർശിക്കാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പക്ഷേ വർഗീയത ആരു പറഞ്ഞാലും എതിർക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
താൻ അവരെക്കുറിച്ചു പറയുമ്പോൾ പ്രായവും ഇരിക്കുന്ന സ്ഥാനവുമൊക്കെ നോക്കി അവർ ഉപയോഗിച്ച വാചകങ്ങളൊന്നും ഉപയോഗിക്കില്ല. പക്ഷേ വർഗീയത പറഞ്ഞാൽ വർഗീയതയെ എതിർക്കുകതന്നെ ചെയ്യും. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. അത് യുഡിഎഫിന്റെ നിലപാടാണ്. ആര് വർഗീയത പറഞ്ഞാലും അതിനെ എതിർക്കും. അതിന് ജനങ്ങളുടെ പിന്തുണയുമുണ്ട്. ഈ സർക്കാർ പോകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ അറിവോടെ സിപിഎം പ്ലാൻ ചെയ്ത് നടത്തുന്ന ഭൂരിപക്ഷ വർഗീയവാദത്തിന്റെ തുടർച്ചയാണ് സജി ചെറിയാന്റെ വർഗീയ പരാമർശം. ഇത് ഡൽഹിയിലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയാണ് ആദ്യം പറഞ്ഞത്. അതിനു മുൻപ് മുഖ്യമന്ത്രിയുടെ പ
0 Comments