LATEST

6/recent/ticker-posts

എംപിമാർ മത്സരിക്കേണ്ട; നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് എംപിമാർക്ക് മത്സരിക്കാൻ അനുമതി നൽകിയേക്കില്ലെന്ന് സൂചന



ഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എംപിമാർ മത്സരിച്ചേക്കില്ല. എംപിമാരെ മത്സരിപ്പിക്കാൻ നേതൃത്വം അനുമതി നൽകിയേക്കില്ലെന്നാണ് വിവരം. നിലവിൽ എംപിമാർ മത്സരിക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. ഉപതെരഞ്ഞെടുപ്പ് സാഹചര്യമടക്കം പരിഗണിച്ചാണ് ഈ തീരുമാനത്തിലേക്ക് എഐസിസി എത്തിച്ചേര്‍ന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ചില എംപിമാർ ഹൈക്കമാൻഡിനെ മത്സര സന്നദ്ധതയറിയിച്ചിരുന്നു.തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ ഉജ്വല വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ഭരണവിരുദ്ധ വികാരം ഉണ്ടെന്നാണ് കോൺഗ്രസ് വിശ്വസിക്കുന്നത് അതുകൊണ്ടുതന്നെ കേരളത്തിൽ ഭരണമാറ്റത്തിന് കളമൊരുങ്ങിയെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് ക്യാംപ്. ഡൽഹിയിലിരിക്കെ കേരളത്തിൽ കളംപിടിക്കാമെന്ന് കോൺഗ്രസ് എംപിമാരിൽ പലർക്കും ആഗ്രഹമുണ്ട്. എന്നാൽ അതിന് സാധ്യത കുറവെന്ന് പാർട്ടി കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. എംപിമാർ ഈ സ്ഥാനം വിട്ട് എംഎൽഎമാരാകാൻ ശ്രമിക്കുന്നത് എതിരാളികൾ പ്രചാരണ ആയുധമാക്കുമെന്നാണ് ഒരു വിഭാഗത്തിന്‍റെ നിലപാട്. എംപിമാർ എംഎൽഎ സ്ഥാനം ലക്ഷ്യമിട്ടിറങ്ങുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം വിലയിരുത്തുന്നത്.നിയമസഭയിലേക്ക് മത്സരിക്കാൻ ഒന്നോ രണ്ടോ എംപിമാർക്ക് അനുവാദം നൽകിയാൽ ഒരു പക്ഷെ ഇക്കാര്യം ചൂണ്ടിക്കാട്ടി കൂടുതൽ പേർ മുന്നോട്ടേക്ക് വന്നേക്കാം. ഇത് ഒരു തർക്കത്തിന് വഴിതെളിക്കുകയും ചെയ്യും അതുകൊണ്ടാണ് കോൺഗ്രസ് എംപിമാർ മത്സരിച്ചേക്കില്ല എന്ന തീരുമാനത്തിലേക്ക് എത്തിയിട്ടുള്ളതെന്നാണ് വിവരം. മാത്രമല്ല എംപിമാർ മത്സരിച്ച് ജയിച്ചാൽ ഒരു മിനി ലോക്സഭാ തെരഞ്ഞെടുപ്പ് വേണ്ടി വരുന്ന സാഹചര്യമുണ്ടാകും. കൂടാതെ പകരം സ്ഥാനാർത്ഥികളെ കണ്ടെത്തുകയും വേണം. ഇതെല്ലാം വലിയ തലവേദന സൃഷ്ടിക്കുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ടാണ് എംപിമാർ എംപിമാരായി തന്നെ ഇരുന്നാൽ മതിയെന്ന നിലപാടിലേക്ക് എഐസിസി എത്തിയതെന്നാണ് സൂചന.

Post a Comment

0 Comments