LATEST

6/recent/ticker-posts

ശബരിമല സ്വർണക്കൊള്ളയിൽ കളിമാറും; സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ; സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് അന്വേഷിക്കാൻ ഇഡിയും എത്തിയേക്കും



പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) ശുപാർശ ചെയ്തെന്ന് റിപ്പോർട്ട്. കേസിന് അന്തർസംസ്ഥാനവും അന്തർദേശീയവുമായ ബന്ധങ്ങൾ ഉണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇന്റലിജൻസ് ബ്യൂറോ സിബിഐ അന്വേഷണം വേണമെന്ന നിർദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. സംസ്ഥാനത്തുനിന്ന് ശേഖരിച്ച വിവരങ്ങൾ ഐബി ഡയറക്ടർ ജനറൽ ഓഫ് ഇന്റലിജൻസിന് കൈമാറിയിട്ടുണ്ട്.നിലവിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘമാണ് (എസ്‌ഐടി) കേസ് അന്വേഷിക്കുന്നത്. അതിനാൽ ഐബിയുടെ ശുപാർശ അടങ്ങിയ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിക്ക് സമർപ്പിക്കുമെന്നാണ് വിവരം. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകളും നടന്നിട്ടുണ്ടാകാമെന്ന സംശയത്തെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അന്വേഷണം കൂടി ആവശ്യപ്പെടുന്ന നിലപാടാണ് ഐബി മുന്നോട്ടുവയ്ക്കുന്നത്.ശബരിമല കേസിൽ അന്താരാഷ്ട്ര തലത്തിലുള്ള ഇടപെടലുകളുണ്ടാകാമെന്ന ഹൈക്കോടതിയുടെ പരാമർശത്തെ തുടർന്നാണ് ഐബി പ്രാഥമിക വിവരശേഖരണം ആരംഭിച്ചത്. ദേവസ്വം ബോർഡ് ഭാരവാഹികളിലേക്കും അന്വേഷണം നീളുന്ന സാഹചര്യത്തിലാണ് ഇ.ഡി. കേസന്വേഷണ രേഖകൾ ആവശ്യപ്പെട്ട് ആദ്യം റാന്നി കോടതിയെ സമീപിച്ചത്. എന്നാൽ രേഖകൾ കൈമാറേണ്ടതില്ലെന്നായിരുന്നു കോടതിയുടെ ഉത്തരവ്. തുടർന്ന് ഹൈക്കോടതിയെ സമീപിച്ച ഇ.ഡിക്ക് കൊല്ലം വിജിലൻസ് കോടതിയെ സമീപിക്കാനായിരുന്നു നിർദേശം. ഇതനുസരിച്ച് വിജിലൻസ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കേസ് രേഖകൾ കൈമാറാൻ അനുമതി ഇ.ഡി.ക്ക് ലഭിച്ചിട്ടുണ്ട്. ഫയലുകൾ പരിശോധിച്ച ശേഷം സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഇ.ഡി. പ്രത്യേക കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം.

ശബരിമലയിൽ നടന്നത് പെരുംകൊള്ള‌യെന്ന് വ്യക്തമാക്കുന്നതാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ശബരിമല സ്വർണക്കൊള്ളയുടെ വ്യാപ്തി വളരെ വലുതാണെന്ന് പ്രത്യേക അന്വേഷണസംഘം കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, ഒമ്പതാം പ്രതി ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, പത്താം പ്രതി ബെള്ളാരിയിലെ ജൂവലറി ഉടമ ഗോവർധൻ എന്നിവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വേണമെന്ന ആവശ്യവുമായാണ് റിപ്പോർട്ട് സമർപ്പിച്ചത്.


Post a Comment

0 Comments