*മലപ്പുറം* നിയമസഭാതിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ കിട്ടാൻ മുസ്‌ലിം ലീഗിന് അർഹതയുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.
കൂടുതൽ സീറ്റുകളിൽ മത്സരിക്കണമെന്ന് ഏതു പാർട്ടിയെയുംപോലെ ലീഗിനും ആഗ്രഹമുണ്ട്. ഇക്കാര്യം യുഡിഎഫിൽ ഉന്നയിക്കും. എന്നാൽ, കൂടിയാലോചനയ്ക്കുശേഷമേ തീരുമാനമുണ്ടാകൂ. തിരഞ്ഞെടുപ്പുവിജയമാണ് ഇപ്പോൾ പ്രധാന ലക്ഷ്യം. ആ രീതിയിൽ മാത്രമേ ലീഗ് മുന്നോട്ടുപോകൂവെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
യുഡിഎഫിലെ സീറ്റുചർച്ച ഒരാഴ്‌ചയ്ക്കകം പൂർത്തീകരിക്കും. അതിനുശേഷം ലീഗ് പാർലമെന്ററി ബോർഡ് ചേർന്ന് സ്ഥാനാർഥിനിർണയം ചർച്ചചെയ്യും. പുതുമുഖങ്ങൾക്കും വനിതകൾക്കും പരിഗണനയുണ്ടാകും. പരിചയസമ്പന്നരും സ്ഥാനാർഥി പട്ടികയിലുണ്ടാകും. ലീഗ് ഉപമുഖ്യമന്ത്രിസ്ഥാനം ചോദിക്കില്ല. അതെല്ലാം സാഹചര്യത്തിനനുസരിച്ചുമാത്രം സംഭവിക്കുന്നതാണ്. സി.എച്ച്. മുഖ്യമന്ത്രിയായതുപോലും ലീഗ് ആവശ്യപ്പെട്ടിട്ടല്ല. ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവന്നാൽ ഏറ്റെടുക്കും. ഇല്ലെങ്കിൽ പ്രശ്‌നവുമില്ല.
മുന്നണിയുടെ അടിത്തറ വിപുലീകരിക്കുക എന്നത് ലീഗിന്റെ മാത്രം ആവശ്യമല്ല. എല്ലാ ഘടകകക്ഷികളും അത് ആഗ്രഹിക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനാർഥി ആരായിരിക്കണമെന്ന് കോൺഗ്രസാണ് തീരുമാനിക്കേണ്ടത്. അതിൽ ലീഗിന് അഭിപ്രായമില്ല. കോൺഗ്രസിൽ കഴിവുള്ള ആളുകളുണ്ട്.
വെള്ളാപ്പള്ളിക്കുള്ള മറുപടി ജനം തദ്ദേശതിരഞ്ഞെടുപ്പിൽ നൽകി. അതിനപ്പുറം ഞങ്ങൾ മറുപടികൊടുക്കേണ്ട കാര്യമില്ല. ഇത്തരം പ്രസ്താവനകൾ നടത്തുന്നവരെ കൂടെക്കൂട്ടുക എന്നത് രാഷ്‌ട്രീയസത്യസന്ധതയ്ക്ക് വിരുദ്ധമാണ്. അഭിപ്രായവ്യത്യാസങ്ങൾ വർഗീയചേരിതിരിവിലേക്കു പോകാൻ പാടില്ലെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു
0 Comments