കരിവെള്ളൂർ: അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധ യോഗ്യതയാക്കിയതോടെ ഇത്തവണ പരീക്ഷ എഴുതുന്നത് 40000-ത്തോളം അധ്യാപകർ. 1,35,789 പേരാണ് ഇത്തവണ കെ-ടെറ്റ് പരീക്ഷകൾക്ക് അപേക്ഷിച്ചത്. സംസ്ഥാനത്ത് 75,015 അധ്യാപകർ കെ-ടെറ്റ് യോഗ്യത നേടാൻ ബാക്കിയുണ്ടെന്നാണ് സർക്കാർ കണക്ക്. ഏറ്റവും കൂടുതൽ അധ്യാപകരെഴുതുന്ന പ്രൈമറി അധ്യാപകരുടെ യോഗ്യതയായ കെ-ടെറ്റ് ഒന്ന്, രണ്ട് പരീക്ഷകൾ ശനിയാഴ്ച കഴിഞ്ഞു.
ഹൈസ്കൂൾ അധ്യാപകരുടെ യോഗ്യതയായ കെ-ടെറ്റ് മൂന്ന് പരീക്ഷ 23-ന് നടക്കും. അധ്യാപകർക്ക് പരീക്ഷകൾ നടക്കുന്നതിനാൽ അന്നത്തെ പ്ലസ്ടു മാതൃകാ പരീക്ഷ മാറ്റിെവച്ചിട്ടുണ്ട്. കെ-ടെറ്റിന്റെ പൊതുപരീക്ഷയാണ് 21, 23 തീയതികളിലേത്. യോഗ്യതയില്ലാത്ത അധ്യാപകർക്കായി സർക്കാർ പ്രഖ്യാപിച്ച പ്രത്യേക കെ-ടെറ്റ് പരീക്ഷ എസ്.എസ്.എൽ.സി., പ്ലസ്ടു പൊതുപരീക്ഷകളും മൂല്യനിർണയവും നടക്കുന്നതിനാൽ മേയിൽ മാത്രമേ നടക്കാനിടയുള്ളു. അധ്യാപകർ പരീക്ഷാതിരക്കിലായത് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ പ്രവർത്തനത്തെ താളംതെറ്റിച്ചതായി പരാതിയുണ്ട്.
2013-ന് മുൻപ് സർവീസിൽ പ്രവേശിച്ച അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമായിരുന്നില്ല. 2027 സെപ്‌റ്റംബർ ഒന്നിന് മുമ്പ് മുഴുവൻ അധ്യാപകരും കെ-ടെറ്റ് യോഗ്യത നേടിയിരിക്കണമെന്ന ഉത്തരവ് വന്നതോടെയാണ് ഭൂരിഭാഗം വിദ്യാലയങ്ങളിലേയും പകുതിയിലധികം അധ്യാപകരും പരീക്ഷ എഴുതാൻ ഒരുങ്ങിയത്. സ്ഥാനക്കയറ്റം ലഭിക്കണമെങ്കിൽ കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കിയതോടെയാണ് വിരമിക്കാൻ ഒരുവർഷം ബാക്കിയുള്ള അധ്യാപകർ പോലും പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ തുടങ്ങിയത്.
0 Comments