LATEST

6/recent/ticker-posts

ചിന്നിചിതറി മൃതദേഹ അവശിഷ്ടങ്ങൾ, തീയണഞ്ഞിട്ടും പൊട്ടാതെ നിരവധി സാമഗ്രികൾ; അപകടത്തിൽ 13 മരണം

തൃശൂർ ∙ തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിർമാണ കേന്ദ്രത്തിൽ സ്ഫോടനം. 13 മരണം. നാൽപതോളം തൊഴിലാളികൾക്ക് പൊള്ളലേറ്റതായാണ് വിവരം. രക്ഷാപ്രവർത്തനത്തിനിടെയും സ്ഫോടനം ഉണ്ടായി. പരുക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടതായി ദൃക്സാക്ഷികൾ പറയുന്നു. തീയണഞ്ഞിട്ടും പൊട്ടാതെ നിരവധി സാമഗ്രികൾ ഇപ്പോഴും പലഭാഗത്തായി ചിന്നിചിതറി കിടക്കുകയാണെന്ന് വിവരം. സമീപത്തെ വീടുകളുടെയെല്ലാം ജനൽ ചില്ലുകൾ തകർന്നു. മൃതദേഹ അവശിഷ്ടങ്ങൾ ഇപ്പോഴും പ്രദേശത്തുണ്ട്. അപകടം പൂർണമായും ഒഴിവായിട്ടില്ലെന്നാണ് വിവരം.

വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീശൻ ഉൾപ്പെടെയുള്ളവർക്കാണ് പൊള്ളലേറ്റത്. തിരുവമ്പാടി വെടിക്കെട്ട് ലൈസൻസ് മുണ്ടത്തിക്കോട് സതീഷിന്റെ പേരിലാണ്. ചെറിയ വഴിയായതിനാൽ ഫയർഫോഴ്സ് സംഘത്തിന് സംഭവസ്ഥലത്ത് എത്താൻ പ്രയാസം നേരിട്ടു. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയത്.

സമീപത്തെ പാടത്ത് മുഴുവൻ പടക്കങ്ങൾ തെറിച്ചു വീണ് പൊട്ടുന്ന അതീവഭീകരമായ അന്തരീക്ഷമാണ് നിലവിലുള്ളത്. ഉഗ്രസ്ഫോടനത്തെ തുടർന്ന് അവശിഷ്ടങ്ങൾ ദൂരേക്ക് തെറിച്ചു വീഴുന്നതിനാൽ ആരെയും ഉള്ളിലേക്ക് കടത്തിവിടുന്നില്ല. തീ അണച്ചതിനു ശേഷം മാത്രമേ പരുക്കേറ്റവർക്കായി കൂടുതൽ തിരച്ചിൽ നടത്താൻ സാധിക്കുകയുള്ളൂ. സ്ഫോടനം നടന്ന സമയത്ത് പടക്കശാലയിലുണ്ടായിരുന്ന പലരും ഓടി രക്ഷപ്പെട്ടതായി വിവരമുണ്ട്.

തീയണയ്ക്കുന്നതിനു റോബോട്ടിനെ ഉപയോഗപ്പെടുത്തുമെന്ന് സംസ്ഥാന ഫയർഫോഴ്‌സ് മേധാവി നിതിൻ അഗർവാൾ പറഞ്ഞു. അപകടത്തിന്റെ തീവ്രത മനസിലാക്കുന്നതിനും പരുക്കേറ്റവരോ മരിച്ചവരോ ഉണ്ടെങ്കിൽ കണ്ടെത്താൻ നിരീക്ഷണത്തിനായി പൊലീസ് സേനയുടെ സഹായത്തോടെ ഡ്രോണുകൾ അയച്ചതായും അദ്ദേഹം പറഞ്ഞു.

നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നതായും അദ്ദേഹം എക്സിൽ കുറിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും.

Post a Comment

0 Comments