ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നിർണായക നീക്കവുമായി നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാൽ തൂക്കുസഭ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സ്ഥാനാര്‍ഥികള്‍ക്കായി റിസോര്‍ട്ട് ബുക്ക് ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിജയിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കായി മഹാബലിപുരത്തിനടുത്തുള്ള പൂഞ്ചേരിയിലെ റിസോര്‍ട്ടാണ് ബുക്ക് ചെയ്തിരിക്കുന്നത്. എക്‌സിറ്റ് പോൾ സർവേകൾ മുൻതൂക്കം നൽകിയതോടെ, വിജയിക്കുന്ന 100 സ്ഥാനാർഥികളെയെങ്കിലും ഉൾക്കൊള്ളാൻ കഴിയുന്ന റിസോർട്ട് തയ്യാറാക്കാൻ ടിവികെ മേധാവിയും നടനുമായ വിജയ് തന്റെ പാർട്ടി ഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നു. പൂഞ്ചേരിയിലെ സ്വകാര്യ റിസോർട്ടിലാണ് ടിവികെ സാധാരണയായി സംസ്ഥാനതല പ്രവർത്തകരുടെ യോഗം സംഘടിപ്പിക്കാറുള്ളത്. റിസോർട്ടിൽ 100 ൽ അധികം ആളുകളെ ഉൾക്കൊള്ളാൻ കഴിയും. "സീറ്റ് നേടിയ ശേഷം എവിടെയും പോകരുത്" എന്നും വിജയ് സ്ഥാനാർഥികളുടെ യോഗത്തിൽ തമാശ രൂപേണ പറഞ്ഞതായും ദി ന്യൂ ഇന്ത്യന്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏത് സാഹചര്യത്തിനും സജ്ജരായിരിക്കാൻ വിജയ് തന്റെ പാർട്ടിയുടെ നിയമ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടെണ്ണൽ ദിവസം ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദം നല്‍കാന്‍ പാർട്ടിയുടെ ജനറൽ സെക്രട്ടറി ആധവ് അർജുനയോട് വിജയ് നിർദേശിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ടിവികെ ഭരണം പിടിക്കുമെന്ന് ചില എക്‌സിറ്റ്‌പോള്‍ സര്‍വേകള്‍ പ്രവചിച്ചിരുന്നു. ആക്‌സിസ് മൈ ഇന്ത്യയാണ് തമിഴ്‌നാട്ടില്‍ വിജയിയുടെ ഭരണം പ്രവചിച്ചത്. ടിവികെ 98 മുതല്‍ 120 വരെ സീറ്റുകള്‍ നേടുമെന്നായിരുന്നു പ്രവചനം. രണ്ടാമതെത്തുന്ന ഡിഎംകെക്ക് പരമാവധി 110 സീറ്റുകള്‍ വരെയാകും ലഭിക്കുക. ടിവികെയുടെ വരവ് കനത്ത തിരിച്ചടിയുണ്ടാക്കുക എഐഎഡിഎംകെക്കാവുമെന്നും ആക്‌സിസ് മൈ ഇന്ത്യ പറയുന്നു. പാര്‍ട്ടിക്ക് 22 മുതല്‍ 32 സീറ്റ് വരെയാണ് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്.ആര് മുഖ്യമന്ത്രിയാകണമെന്ന ആക്‌സിസ് മൈ ഇന്ത്യയുടെ ചോദ്യത്തിനും ഏറ്റവും കൂടുതല്‍ പേര്‍ നല്‍കുന്ന ഉത്തരം വിജയ് എന്നാണ്. 37 ശതതമാനം പേരാണ് വിജയ് മുഖ്യമന്ത്രിയാകണമെന്ന് പറയുന്നത്. 35 ശതമാനം പേര്‍ സ്റ്റാലിന്‍ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ 22 ശതമാനം എടപ്പാടി പളനിസ്വാമി തമിഴ്‌നാടിനെ നയിക്കണമെന്നും പറയുന്നു.അതേസമയം, തമിഴ്‌നാട്ടില്‍ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ അധികാരത്തില്‍ തുടരുമെന്നാണ് മറ്റ് സര്‍വേഫലങ്ങള്‍ പ്രവചിക്കുന്നത്. 122 മുതല്‍ 132 വരെ സീറ്റുകളാവും ഡിഎംകെക്ക് ലഭിക്കുക. എഐഎഡിഎംകെക്ക് 87 മുതല്‍ 110 വരെ സീറ്റ് കിട്ടും. വിജയിയുടെ ടിവികെക്ക് പരമാവധി 12 സീറ്റ് കിട്ടും. മാട്രിസിന്‍റേതാണ് ഈ പ്രവചനം. പീപ്പള്‍സ് പള്‍സ് പരമാവധി 145 സീറ്റ് ഡിഎംകെക്ക് പ്രവചിക്കുമ്പോള്‍ എഐഎഡിഎംകെക്ക് 80 സീറ്റും ടിവികെക്ക് 24 സീറ്റും കിട്ടുമെന്ന് പറയുന്നു.
0 Comments