LATEST

6/recent/ticker-posts

സായാഹ്ന വാര്‍ത്തകള്‍2026 | ജൂണ്‍ 18 , വ്യാഴം 1201 | മിഥുനം 4, പൂയം


◾ സമാധാന കരാറില്‍ ഒപ്പുവച്ച് അമേരിക്കയും ഇറാനും. സമാധാന കരാര്‍ യാഥാര്‍ത്ഥ്യമായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രാന്‍സില്‍വച്ചാണ് കരാറില്‍ ഒപ്പുവത്. ഉപരോധം അവസാനിപ്പിച്ച് ഹോര്‍മുസ് കടലിടുക്ക് തുറന്നതോടെ എണ്ണവില കുത്തനെ ഇടിഞ്ഞു. യുദ്ധകാലത്ത് 114 ഡോളറായി ഉയര്‍ന്ന ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 75.81 ഡോളറായി കുറഞ്ഞു. ഹോര്‍മൂസില്‍ മൂന്നു മാസമായി കുടുങ്ങിക്കിടന്ന ഇന്ത്യന്‍ കപ്പല്‍ 62,370 മെട്രിക് ടണ്‍ എല്‍എന്‍ജിയുമായി ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തും. ഇന്ധനവും രാസവളവും അടങ്ങിയ 34 ഇന്ത്യന്‍ കപ്പലുകള്‍ കൂടി പിറകേ എത്തും.

◾ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ തടയുമെന്നും വിജയിന്റെ ടിവികെ സര്‍ക്കാര്‍. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്നും നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി. ആദ്യം തമിഴ് തായ് വാഴ്ത്ത് ആലപിച്ചശേഷം ദേശീയഗാനം ആലപിച്ചാണു സമ്മേളനം തുടങ്ങിയത്. വന്ദേമാതരം ആലപിച്ചില്ല.

◾ വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു വിലയിരുത്തിയ ധവളപത്രത്തിലെ വിദഗ്ധ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ചാകും ബജറ്റ്. വരുമാന വര്‍ധനയക്കുള്ള നടപടികളിലൂടെ സമ്പദ് വ്യവസ്ഥ ശക്തമാക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള പദ്ധതി പ്രഖ്യാപനങ്ങള്‍ക്കും സാധ്യത. കിഫ്ബിയുടെ പുന:സംഘടനയുമുണ്ടാകും.



◾ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വിദേശ വനിതയ്ക്ക് എബോളയെന്ന് സംശയം. സൗത്ത് സുഡാനില്‍ നിന്നെത്തിയ 52കാരിക്കാണ് എബോളയുണ്ടോ എന്ന് സംശയിക്കുന്നത്. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പനി ആയി എത്തിയതാണ്.

◾ എബോള സംശയിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ കാര്യത്തില്‍ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരന്‍. നിലവില്‍ ഭയപ്പെടാനുള്ള സാഹചര്യമില്ലെങ്കിലും ഒരുശതമാനംപോലും റിസ്‌ക് എടുക്കരുത് എന്നതുകൊണ്ടാണ് നിരീക്ഷണത്തില്‍ ആക്കിയതെന്നും മന്ത്രി പറഞ്ഞു. പരിശോധനാഫലം ഇന്ന് വൈകുന്നേരത്തോടെ ലഭിക്കും.

◾ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ 2019ലെ വീഴ്ച 2025ലും ബോര്‍ഡിന് സംഭവിച്ചുവെന്ന് എസ്ഐടി റിപ്പോര്‍ട്ട്. ഭരണപരമായ വീഴ്ച പി. എസ് പ്രശാന്തിന്റെ ഭരണസമിതിക്കുണ്ടായിയെന്നും സ്വര്‍ണപാളികള്‍ സന്നിധാനത്തു നിന്നും കൊണ്ടുപോയതില്‍ വീഴ്ചയുണ്ടായിയെന്നും എസ്ഐടി ഇന്ന് നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു.

◾ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ എഡിജിപി ഓഫീസില്‍ വച്ച് കേസ് രേഖകള്‍ തിരുത്തിയെന്ന് മുന്‍ അന്വേഷണ സംഘം മൊഴി നല്‍കിയ സാഹചര്യത്തില്‍ എഡിജിപി ഓഫീസില്‍ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള എസ്ഐടി പരിശോധന നടത്തി. സന്ദര്‍ശക രജിസ്റ്റര്‍ ഓഫീസിലെ സിസിടിവിയും പൊലീസ് ക്ലബിലെ രേഖകളും എസ്ഐടി ശേഖരിച്ചു.

◾ പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകളില്‍ വ്യക്തത തേടാന്‍ കേരളം. ഇതുസംബന്ധിച്ച് കേന്ദ്രത്തിന് ഉടന്‍ കത്തയക്കും. പദ്ധതി അവസാനിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ സര്‍ക്കാര്‍ നയം മാറ്റിയതിനെ ബിജെപി ഡീല്‍ ഉയര്‍ത്തി നേരിടാനാണ് എല്‍ഡിഎഫ് തീരുമാനം.

◾ പിഎം ശ്രീ പദ്ധതിയില്‍ സര്‍ക്കാരിനെ പരിഹസിച്ച് സിപിഎം നേതാവ് എ കെ ബാലന്‍. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പിഎം ശ്രീ അറബിക്കടലില്‍ എറിയുമെന്നാണ് കെ എം ഷാജി പറഞ്ഞതെന്നും അറബിക്കടലില്‍ വലവീശി എറിഞ്ഞിട്ട് ഒരു തുമ്പ് പോലും കിട്ടിയിട്ടില്ലെന്നും എ കെ ബാലന്‍ പരിഹസിച്ചു.

◾ കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ സ്‌കൂള്‍ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള യുഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കാന്തപുരം വിഭാഗം സമസ്ത രംഗത്ത്. മുന്‍ സര്‍ക്കാര്‍ ഉപേക്ഷിച്ച പദ്ധതി വീണ്ടും നടപ്പാക്കുന്നത് രാഷ്ട്രീയ സത്യസന്ധതയ്ക്ക് നിരക്കാത്തതാണെന്ന് എസ് വൈ എസ് ജനറല്‍ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി ആരോപിച്ചു

◾ മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ഹാജരാക്കിയ രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം തുടര്‍ നടപടിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍. സിഎംആര്‍എല്‍ കമ്പനിയുമായി എക്സാലോജിക് ഉണ്ടാക്കിയ കരാറടക്കമുളള രേഖകള്‍ വീണ ഇഡിക്ക് കൈമാറിയെന്നാണ് സൂചന.

◾ മലപ്പുറം തിരൂരില്‍ 4,300 രൂപ കൈക്കൂലി വാങ്ങിയ നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റിലായി. തിരുവനന്തപുരം നെയ്യാറ്റിന്‍കര വഴുതൂര്‍ സ്വദേശി ജി.വി. വിനോദ് കുമാറിനെ (47) യാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. തിരൂര്‍ കന്മനം സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി.

◾ അവയവ കച്ചവടക്കേസില്‍ സംശയമുള്ള അഞ്ചിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ പരിശോധന. കൊച്ചിയിലെ പ്രധാന സ്വകാര്യ ആശുപത്രി അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. കൊല്ലത്ത് ഇടനിലക്കാരന്റെ വീട്ടിലും പുളിയത്തുമുക്ക് സ്വദേശി ശ്രീജയുടെ വീട്ടിലും പരിശോധന നടത്തി.

◾ ഗാര്‍ഹിക പീഡന പരാതി നല്‍കിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ബിജെപി തൃശൂര്‍ ജില്ലാ സൗത്ത് പ്രസിഡന്റ് എ ശ്രീകുമാറിനെതിരെ പോലീസ് രണ്ടാമതും കേസെടുത്തു. ഭീഷണിപ്പെടുത്തിയ പെരിഞ്ഞനം സ്വദേശി ഗിരീഷിനെ (50) അറസ്റ്റു ചെയ്തു. തന്നെ മര്‍ദ്ദിച്ചെന്ന് ആരോപിച്ചു ഭാര്യ നല്‍കിയ പരാതിയിലാണ് ശ്രീകുമാറിനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

◾ ഷിഗെല്ല രോഗവ്യാപനം തടയാന്‍ ഐസ് ഫാക്ടറികളില്‍ പ്രത്യേക പരിശോധന വേണമെന്ന് ആരോഗ്യ വിദഗ്ധര്‍. ശീതള പാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഐസ് രോഗത്തിന് കാരണമാകുന്നുണ്ടോയെന്ന് വിദഗ്ധര്‍ക്ക് സംശയമുണ്ട്.

◾ കോണ്‍ഗ്രസ് നേതാവും മൂവാറ്റുപുഴ എംഎല്‍എയുമായ മാത്യു കുഴല്‍നാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് നഗരത്തില്‍ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍. കോണ്‍ഗ്രസ് പുനഃസംഘടന ചര്‍ച്ചകള്‍ സജീവമായിരിക്കേയാണ് ഈ നീക്കം.

◾ തിരുവനന്തപുരത്ത് വില്‍പനയ്ക്കായി എത്തിച്ച 42 ഗ്രാം എംഡിഎംഎയുമായി പോത്തന്‍കോട് സ്വദേശിയായ യുവാവിനെ എക്സൈസ് സംഘം പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് പത്താംകല്ലിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. ഷുക്കൂര്‍ എന്നയാളുടെ നിര്‍ദ്ദേശപ്രകാരമാണ് മയക്കുമരുന്ന് കടത്തിയതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.

◾ വടകര കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്ഐ നേതാവ് ജിതിന്‍ ഭാസ്‌കരന്റെ ജാമ്യാപേക്ഷ തള്ളി കോടതി. പ്രതിയെ രണ്ട് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയില്‍ വിട്ടു. വടകര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയുടെ ജാമ്യം തള്ളിയത്. സ്‌ക്രീന്‍ ഷോട്ടിന്റെ ഉറവിടം കണ്ടെത്താന്‍ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

◾ വടക്കാഞ്ചേരിയില്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാത്ത സംഭവത്തില്‍ കണ്ടക്ടര്‍ രാമദാസിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. കണ്ടക്ടര്‍ക്ക് ബോധവത്കരണം നല്‍കാനും മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു. വടക്കാഞ്ചേരി ജോയിന്റ് ആര്‍ടിഓ ഓഫീസിലേക്ക് കണ്ടക്ടറെ വിളിച്ചു വരുത്തി വിശദീകരണം കേട്ട ശേഷമാണ് നടപടി.

◾ രാഹുല്‍ ഗാന്ധിക്ക് സവര്‍ണ ബോധമുള്ളതിനാലാണ് പിണറായിയെ ആലിംഗനം ചെയ്യില്ലെന്നു രാഹുല്‍ ഗാന്ധി പറഞ്ഞതെന്ന് സിപിഎം നേതാവ് എകെ ബാലന്‍. മോദിയെ കെട്ടിപ്പിടിക്കുന്നതില്‍ രാഹുല്‍ ഗാന്ധിക്ക് കുഴപ്പമില്ലെന്നും ബാലന്‍ പറഞ്ഞു.

◾ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ മോഹിനിയാട്ടത്തിനുള്ള ജൂനിയര്‍ ഫെല്ലോഷിപ്പ് കലാമണ്ഡലം വേണിക്ക്. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റിയിലെ മോഹിനിയാട്ടം വിഭാഗം അധ്യാപികയാണു കലാമണ്ഡലം വേണി. മലപ്പുറം വട്ടംകുളം പ്രേമന്റേയും സരസ്വതിയുടേയും മകളാണ്. കലാമണ്ഡലത്തിലെ മൃദംഗ അധ്യാപകനായ ഷൈജുവാണ് ഭര്‍ത്താവ്. മക്കള്‍ : സങ്കീര്‍ത്തന, സൗപര്‍ണിക.

◾ ഡ്രൈവിങ് ലൈസന്‍സില്‍ പേരിനൊപ്പം എം.എല്‍.എ. എന്ന പദവി അനധികൃതമായി കൂട്ടിച്ചേര്‍ത്തത് കെ.ബി. ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണെന്നു കണ്ടെത്തി. ആധാര്‍ ഉള്‍പ്പെടെയുള്ള അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകളില്‍ ഉള്ളതുപോലെ വേണം ലൈസന്‍സിലെ പേര്.

◾ തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജിലെ 25 ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കു ഭക്ഷ്യ വിഷബാധ. ഛര്‍ദിയും വയറിളക്കവും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കോളേജിന് താത്ക്കാലിക അവധി പ്രഖ്യാപിച്ചു.

◾ പി എസ് സി ബുള്ളറ്റിനില്‍ മികച്ച തിരക്കഥാകൃത്തിന്റെ ഫോട്ടോയ്ക്കു പകരം കൊലക്കേസ് പ്രതിയുടെ ഫോട്ടോ. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് നേടിയ രാജേഷ് തില്ലങ്കേരിക്കു പകരം ഷുഹൈബ് വധ കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ഫോട്ടോയാണ് പ്രസിദ്ധീകരിച്ചത്. മേയ് 15ലെ ബുള്ളറ്റിനിലാണ് ഗുരുതര പിഴവ്.

◾ ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെന്നു സംശയിക്കുന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബലാല്‍സംഗത്തിനിടെയുള്ള കൊലപാതകമെന്ന സംശയത്തിലാണ് പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ വണ്ടിപ്പെരിയാര്‍ പൊലീസ് പിടികൂടി ചോദ്യം ചെയ്തുവരികയാണ്.

◾ ആഭിചാരക്രിയകള്‍ക്കിടെ പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മുന്‍ ബിജെപി നേതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റിയംഗവും പോരുവഴി പഞ്ചായത്ത് സമിതി മുന്‍ പ്രസിഡന്റുമായിരുന്ന പോരുവഴി ഇടയ്ക്കാട് തെക്ക് കാഞ്ഞിരവിള വടക്കതില്‍ (അമ്പാടി) ടി. രഞ്ജു (52) ആണ് അടൂര്‍ പൊലീസിന്റെ പിടിയിലായത്.

◾ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കെ സുധാകരന്‍ എംപി നല്‍കിയ മാനനഷ്ട കേസ് കോടതി തള്ളി. പരാതിക്കാരന്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതെ വന്നതോടെയാണ് എറണാകുളം സിജെഎം കോടതി കേസിന്ന് തള്ളിയത്. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സുധാകരന്റെ അഭിഭാഷകന്‍ അറിയിച്ചു..

◾ ചെര്‍പ്പുളശ്ശേരി ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു. സ്‌കൂളിന് ചുറ്റും ആറു മാസം മുമ്പ് പണിത മതിലാണ് തകര്‍ന്നു വീണത്. നിര്‍മ്മാണത്തിലുണ്ടായ അശാസ്ത്രീയതയാണ് മതില്‍ തകര്‍ന്നു വീഴാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

◾ കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ നാടകീയ ചുവടുമാറ്റങ്ങള്‍. പുറത്താക്കിയ ബിജെപി എംഎല്‍എമാര്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ കണ്ടാണ് പിന്തുണ അറിയിച്ചത്. മൂന്ന് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയും കോണ്‍ഗ്രസിനാണ്. ഇതോടെ അഞ്ച് സ്ഥാനാര്‍ത്ഥികളെയും ജയിപ്പിക്കാനാവശ്യമായ വോട്ട് കോണ്‍ഗ്രസ് ഉറപ്പാക്കി.

◾ ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ദില്ലിയില്‍ നടന്ന നിര്‍ണായക പാര്‍ലമെന്ററി യോഗത്തില്‍ പങ്കെടുത്തത് മൂന്ന് എംപിമാര്‍ മാത്രം. പാര്‍ട്ടിയുടെ ഒന്‍പത് എംപിമാരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് വിപ്പ് നല്‍കിയിരുന്നെങ്കിലും പാര്‍ട്ടിയുടെ ഏക രാജ്യസഭാ എംപിയായ സഞ്ജയ് റാവത്തും ലോക്സഭാ എംപിമാരായ അരവിന്ദ് സാവന്ത്, അനില്‍ ദേശായ്, രാജുഭാവ് വാജെ എന്നിവര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. പാര്‍ട്ടി വിപ്പ് ലംഘിച്ച എംപിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ച് അംഗത്വം റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കാനാണ് ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ തീരുമാനം.

◾ സമാജ് വാദി പാര്‍ട്ടിയിലും പിളര്‍പ്പ് ഭീഷണി. മുതിര്‍ന്ന നേതാവ് രാംഗോപാല്‍ യാദവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി പിളര്‍ത്തി ബിജെപിയിലേക്കു പോകുമെന്ന അഭ്യൂഹം ശക്തമായി. രാംഗോപാല്‍ യാദവ് അമിത്ഷാക്ക് കത്തു നല്‍കിയെന്ന ആരോപണം ആവര്‍ത്തിച്ച് ഓംപ്രകാശ് രാജ്ഭര്‍ രംഗത്തെത്തി. രാംഗോപാല്‍ യാദവ് പ്രതികരിച്ചിട്ടില്ല. സമാജ് വാദി പാര്‍ട്ടി പിളരില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു.  

◾ കേന്ദ്ര സര്‍ക്കാരിനെതിരേ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ വീണ്ടും സമരത്തിന്. ഓഗസ്റ്റ് 10 മുതല്‍ രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങാനാണ് തീരുമാനം. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചപ്പോള്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടാണു പ്രക്ഷോഭം. ഇന്ത്യ യുഎസ് വ്യാപാര കരാര്‍ കര്‍ഷകര്‍ക്കു ദോഷമാണെന്നും കര്‍ഷക നേതാക്കള്‍.

◾ അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ജഹാംഗീര്‍ ഖാനുള്‍പ്പെടെയുള്ള നേതാക്കളെ തെരുവിലൂടെ നടത്തിച്ച് ബംഗാള്‍ പോലീസ്. പാര്‍ട്ടിക്കും ജഹാംഗീറിനും ഏറെ സ്വാധീനമുള്ള മണ്ഡലമായ ഫാല്‍ത്തയിലെ റോഡിലൂടെയാണ് വിലങ്ങണിയിച്ചും അരയില്‍ കയര്‍ കെട്ടിയും നടത്തിച്ചത്. പോലീസ് സ്റ്റേഷന് നേരെ പ്രതിഷേധവുമായി ജഹാംഗീറിന്റെ ഭാര്യയും കൂട്ടാളികളുമെത്തി.

◾ സര്‍ക്കാരിന്റെ ജവാന്‍ റം ഉല്‍പ്പാദനം മുടങ്ങിയിട്ട് നാല് ദിവസം. തിരുവല്ല പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലാണ് ജവാന്‍ റം ഉല്‍പ്പാദിപ്പിക്കുന്നത്. മദ്യം നിറയ്ക്കേണ്ട കുപ്പി, ലേബല്‍, അടപ്പ് എന്നിവ നല്‍കുന്ന കമ്പനികള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടതോടെയാണ് ഉല്‍പാദനം നിര്‍ത്തേണ്ടിവന്നത്.

◾ നാഗ്പുരില്‍ ആത്മഹത്യചെയ്ത നീറ്റ് പരീക്ഷാര്‍ഥി ആകാന്‍ക്ഷ ചതുര്‍വേദിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്കെ. സര്‍ക്കാരിന്റെ പരാജയമാണ് ആത്മഹത്യക്കു കാരണമെന്ന് അദ്ദേഹം ആരോപിച്ചു.

◾ ഫെബ്രുവരിയില്‍ ഇറാനിലെ പെണ്‍കുട്ടികളുടെ സ്‌കൂളിനു നേരെയുണ്ടായ മിസൈല്‍ ആക്രമണം ആരും മനപ്പൂര്‍വ്വം ചെയ്തതല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധത്തിലെ തെറ്റാണതെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾ പ്രതിപക്ഷ നിരയിലുണ്ടായ പിളര്‍പ്പുകള്‍ കാരണം എന്‍ഡിഎ സര്‍ക്കാര്‍ ലോക്‌സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് തൊട്ടരികെയെത്തി. ഭരണഘടനാ ഭേദഗഗതി ബില്ലുകള്‍ പാസാക്കാന്‍ ഇനി വെറും 6 വോട്ടുകള്‍ മാത്രം മതി എന്നതിനാല്‍, വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണ്ണയം പോലുള്ള നിര്‍ണ്ണായക ബില്ലുകള്‍ സര്‍ക്കാര്‍ വീണ്ടും പരിഗണിച്ചേക്കും

◾ യുദ്ധസാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും മാനുഷികതയ്ക്കാണ് ഇന്ത്യ വില നല്‍കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാന്‍സിലെ ജി 7 ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മോദി. ഗ്ലോബല്‍ സൗത്തിന് യുദ്ധം തനിയെ താങ്ങാനാകില്ലെന്നും അന്താരാഷ്ട്ര സമൂഹം സഹായത്തിന് ഇടപെടണമെന്നും മോദി ആവശ്യപ്പെട്ടു.

◾ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി എഫ്എസ്എസ്എഐ. തുരുമ്പെടുക്കാത്തതും, ഫുഡ്-ഗ്രേഡ് ഗുണനിലവാരമുള്ളതുമായ കത്തികളും ബ്ലേഡുകളും മാത്രമേ അടുക്കളകളില്‍ ഉപയോഗിക്കാവൂ എന്ന് നിര്‍ദേശം.

◾ ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ നിയന്ത്രണം വിട്ട കുതിരവണ്ടി മറിഞ്ഞ് 18 വയസ്സുള്ള ഇന്ത്യന്‍ ടൂറിസ്റ്റ് രോമഞ്ച് മഹാജന്‍ മരിച്ചു. ഡ്രൈവര്‍ കുതിരയുടെ അരികില്‍ നിന്ന് മാറിയപ്പോള്‍ നിയന്ത്രണം വിട്ട കുതിര ഓടുകയും, വണ്ടിയില്‍ നിന്ന് തെറിച്ചുവീണ രോമഞ്ചിന് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.

◾ 1971-ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തകര്‍ന്നടിഞ്ഞ ശേഷം ആദ്യമായി സൈനിക സാന്നിധ്യം ശക്തമാക്കാന്‍ പാകിസ്ഥാന്‍ നാവികസേന ഒരുങ്ങുന്നു. ചൈനയില്‍ നിന്ന് അടുത്തിടെ വാങ്ങിയ അത്യാധുനിക 'ഹംഗോര്‍ ക്ലാസ്' അന്തര്‍വാഹിനി ഇതിനായി വിന്യസിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

◾ പാക് അധിനിവേശ കശ്മീരില്‍ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധം രൂക്ഷമായി. വിലക്കയറ്റത്തിനെതിരെ തുടങ്ങിയ സമരം, നിയമസഭയിലെ സീറ്റ് സംവരണത്തിലെ തര്‍ക്കങ്ങളിലേക്ക് വഴിമാറിയതോടെ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും സംഘര്‍ഷം വ്യാപിക്കുകയുമായിരുന്നു.

◾ ലോകകപ്പ് ഗ്രൂപ്പ് കെ മത്സരത്തില്‍ ഉസ്ബെക്കിസ്ഥാനെ ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്ക് തകര്‍ത്ത് ലാറ്റിനമേരിക്കന്‍ കരുത്തരായ കൊളംബിയ. ആദ്യപകുതി തീരാന്‍ അഞ്ച് മിനിറ്റ് ശേഷിക്കെ കൊളംബിയ ലീഡെടുത്തെങ്കിലും അറുപതാം മിനിറ്റില്‍ ഉസ്ബെക്കിസ്ഥാന്‍ ഗോള്‍ മടക്കി കളി സമനിലയിലാക്കി. എന്നാല്‍ വര്‍ദ്ധിത വീര്യത്തോടെ കളിയിലേക്ക് തിരിച്ചു വന്ന കൊളംബിയ 65-ാം മിനിറ്റില്‍ ലീഡെടുത്തു. കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കേ ഒരു ഗോള്‍ കൂടി കൊളംബിയ വിജയം രാജകീയമാക്കി.

◾ പനാമയെ ഇഞ്ചുറി ടൈം ഗോളില്‍ വീഴ്ത്തി ഘാനയ്ക്ക് നാടകീയ വിജയം. കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഘാന പനാമയെ പരാജയപ്പെടുത്തിയത്. മത്സരം ഗോള്‍രഹിത സമനിലയിലേക്ക് നീങ്ങുകയാണെന്ന് ഉറപ്പിച്ചിരുന്ന ഘട്ടത്തിലാണ് 95-ാം മിനിറ്റില്‍ കലെബ് യിറെങ്കിയിലൂടെ ഘാന വിജയഗോള്‍ അടിച്ചെടുത്തത്.

◾ രാജ്യത്തിലെ ഏറ്റവും വലിയ ഓഹരി വിപണിയായ നാഷനല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) 30,000 കോടി രൂപയുടെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കായി സെബിക്ക് മുന്‍പാകെ അപേക്ഷ സമര്‍പ്പിച്ചു. യാഥാര്‍ഥ്യമായാല്‍ ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആയി മാറും. നിലവിലുള്ള ഓഹരിയുടമകള്‍ അവരുടെ കൈവശമുള്ള ഓഹരികള്‍ വില്‍ക്കുന്ന 'ഓഫര്‍ ഫോര്‍ സെയില്‍' മാതൃകയിലായിരിക്കും ഐപിഒ നടക്കുക. ഏതാണ്ട് 6 ശതമാനം ഓഹരികളാകും നിലവിലെ ഓഹരി ഉടമകള്‍ പൊതുജനങ്ങള്‍ക്കായി വില്‍ക്കുക. എന്‍എസ്ഇയുടെ വിപണി മൂല്യം 5 ലക്ഷം കോടിയിലേറെയാണ്. 14.89 കോടി ഇക്വിറ്റി ഷെയറുകളാണ് നിലവില്‍ വില്‍ക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതില്‍ 2.4 കോടി ഓഹരികള്‍ വിപണിയിലെത്തിക്കുന്ന എസ്ബിഐയാണ് ഏറ്റവും വലിയ വില്‍പ്പനക്കാര്‍. മോര്‍ഗന്‍ സ്റ്റാന്‍ലി 1.6 കോടി ഷെയറുകള്‍ വില്‍ക്കും. പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളായ ന്യൂ ഇന്ത്യ അഷ്വറന്‍സ്, ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍, നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനി എന്നിവ ചേര്‍ന്ന് 3.3 കോടി ഷെയറുകളും ബാങ്ക് ഓഫ് ബറോഡ 1.09 കോടി ഷെയറുകളും വില്‍ക്കും.

◾ ഗ്രൂപ്പ് വോയ്സ്, വീഡിയോ കോളുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ഇതുവരെ, ബ്രൗസറില്‍ വണ്‍-ഓണ്‍-വണ്‍ കോളുകള്‍ മാത്രമേ ചെയ്യാന്‍ കഴിയുമായിരുന്നുള്ളു. വാട്സ്ആപ്പ് വെബ് ഉപയോഗിക്കുമ്പോള്‍ ഗ്രൂപ്പ് ചാറ്റുകളില്‍ ഒരു കോള്‍ ബട്ടണ്‍ കാണും. അതില്‍ ക്ലിക്ക് ചെയ്ത് വോയ്സ് അല്ലെങ്കില്‍ വീഡിയോ തെരഞ്ഞെടുത്ത് കോള്‍ ചെയ്യാം. ഇനി ഗ്രൂപ്പ് കോളാണ് ചെയ്യുന്നതെങ്കില്‍ അംഗങ്ങളെ സെലക്ട് ചെയ്ത് കോള്‍ ചെയ്യാം. ഒരു ഗ്രൂപ്പ് കോളില്‍ 32 പേരെ വരെ പങ്കെടുപ്പിക്കാം. വാട്സ്ആപ്പിന്റെ മൊബൈല്‍ ആപ്പിലും ഡെസ്‌ക്ടോപ്പ് ക്ലയന്റിലും നിങ്ങള്‍ക്ക് ലഭിക്കും. കോളുകളില്‍ ജോയിന്‍ ചെയ്യുന്നതും ഇപ്പോള്‍ എളുപ്പമാണ്. കോള്‍ ലിങ്കുകള്‍ ഉപയോഗിച്ച്, നിങ്ങള്‍ക്ക് ഒരു പ്രത്യേക 'ഇന്‍വൈറ്റ് ലിങ്ക്' ഉണ്ടാക്കാം, അത് എല്ലായിടത്തും പങ്കിടാം, ലിങ്ക് ലഭിക്കുന്ന ആര്‍ക്കും അതില്‍ കയറാം. ആരും അവ ഉപയോഗിക്കുന്നില്ലെങ്കില്‍ ലിങ്കുകള്‍ 30 ദിവസത്തിനുശേഷം കാലഹരണപ്പെടും, കൂടാതെ ഹോസ്റ്റിന് ആളുകളെ ഓരോരുത്തരായി അകത്തേക്ക് പ്രവേശിപ്പിക്കാന്‍ ഒരു വെയിറ്റിങ് റൂം ഫീച്ചറുമുണ്ട്. വീഡിയോ കോളുകള്‍ക്കിടയില്‍ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാനും കഴിയും.

◾ സൂര്യയെ നായകനാക്കി തെലുങ്ക് സംവിധായകന്‍ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' എന്ന ചിത്രത്തിലെ പട്ടാമ്പൂച്ചി എന്ന ഗാനത്തിന്റെ പ്രോമോ വീഡിയോ പുറത്ത്. ഗാനത്തിന് സംഗീതം ഒരുക്കിയത് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ ജി.വി പ്രകാശ് കുമാര്‍ ആണ്. സുബ്ലഷിണി ആലപിച്ച ഗാനത്തിന് വരികള്‍ രചിച്ചത് അരുണ്‍രാജ കാമരാജ് ആണ്. മമിത ബൈജുവിന്റെ നൃത്തമാണ് ഗാനത്തിന്റെ ഹൈലൈറ്റ്. വിജയ് ബിന്നി ആണ് ഗാനത്തിന് നൃത്തം ഒരുക്കിയത്. ആഗോള റിലീസ് 2026 ഓഗസ്റ്റ് 14നാണ്. മമിത ബൈജു നായികയായി എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത്, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന് തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ സിതാര എന്റര്‍ടെയ്ന്‍മെന്റ്സ് ആണ്. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ്പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയത്.

◾ യുവത്വത്തിന്റെ നിറങ്ങളും സോഷ്യല്‍ മീഡിയ തലമുറയുടെ സ്വാധീനവും ഒരുമിക്കുന്ന പുതിയ മലയാള ചിത്രം 'പ്രേംപാറ്റ' ഈ വര്‍ഷം ഒക്ടോബറില്‍ റിലീസിനെത്തും. ചിത്രത്തിന്റെ റിലീസ് അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്തിറങ്ങി. നായകന്‍ ജോമോന്‍ ജ്യോതിറിന്റെ രസകരമായ ഒരു ലുക്ക് പുറത്തുവിട്ടാണ് അനൗണ്‍സ്മെന്റ് പ്രഖ്യാപിച്ചത്. കുളിക്കുന്നതിനിടയില്‍ കുളിമുറിയില്‍ നിന്ന് എത്തിനോക്കുന്ന ജോമോന്‍... വേണ്ടപ്പെട്ട അല്ലെങ്കില്‍ കാത്തിരുന്ന ആരെയോ കണ്ടതിന്റെ സന്തോഷം, ആവേശം ഒക്കെ നിറഞ്ഞ മുഖം....യുവത്വത്തിന്റെ ഇഷ്ടതാരമായ ജോമോന്റെ ലുക്ക് ചിത്രം രസകരമാണെന്ന സൂചന നല്‍കുന്നു. ലിജീഷ് കുമാര്‍ തിരക്കഥ ഒരുക്കി ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന 'പ്രേംപാറ്റ' ഒരു എന്‍.എസ്.എസ് ക്യാമ്പിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പൂര്‍ണ യൂത്ത് റൊമാന്റിക് എന്റര്‍ടെയ്നറാണ്. സൈജു കുറുപ്പ്, അനുശ്രീ, സിദ്ദിഖ്, രാജേഷ് മാധവന്‍, സഞ്ജു ശിവറാം എന്നിവര്‍ക്കൊപ്പം ജുനൈസ് വി.പി, സാഫ് ബോയ്, നയന എല്‍സ, ടിസ് തോമസ്, ഇന്നസെന്റ്, അശ്വിന്‍ വിജയന്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

◾ അടുത്ത തലമുറ ബജാജ് പള്‍സര്‍ ജൂലൈ അവസാനത്തോടെയോ അല്ലെങ്കില്‍ ഓഗസ്റ്റ് ആദ്യവാരമോ ഇന്ത്യയില്‍ പുറത്തിറങ്ങാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഈ പുതിയ മോഡല്‍ അടുത്ത തലമുറയില്‍പ്പെട്ട പള്‍സര്‍ 125 അല്ലെങ്കില്‍ പള്‍സര്‍ 150 ആകാനാണ് സാധ്യത. വലിപ്പമുള്ള ഇന്ധന ടാങ്ക്, ഒതുക്കമുള്ള പിന്‍ഭാഗം എന്നിവയോടെയാണ് ഈ പരീക്ഷണ മോഡല്‍ കാണപ്പെട്ടത്. ഇത് ഒറിജിനല്‍ പള്‍സര്‍ ഡിസൈനിന്റെ ഒരു പ്രധാന സവിശേഷതയാണ്. മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിച്ചിരിക്കുന്നത് സിംഗിള്‍ ഡൗണ്‍ട്യൂബ് ട്യൂബുലാര്‍ ഫ്രെയിമിലാണ്. കൂടാതെ മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും ഉണ്ട്. ബ്രേക്കിങ്ങിനായി മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കും അടങ്ങുന്ന സംവിധാനമാണ് നല്‍കിയിരിക്കുന്നത്. ബജാജ് ഇതിന്റെ എന്‍ജിനില്‍ കാര്യമായ അപ്‌ഡേറ്റുകള്‍ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ എന്‍ജിന്‍ ഉയര്‍ന്ന അളവിലുള്ള എഥനോള്‍ മിശ്രിതങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിലായിരിക്കും നിര്‍മ്മിക്കുക.

◾ നാട്ടിന്‍പുറവും കൂട്ടുകാരൊത്ത് വൈകുന്നേരത്തെ ഒരുമിച്ചുള്ള വര്‍ത്തമാനങ്ങളും, പലതരം കളികളും, ക്ലബ് വാര്‍ഷികവും. നാടകവും എന്നുവേണ്ട ബാല്യത്തില്‍ നാം എങ്ങനെയെല്ലാം ജീവിതം ആസ്വദിച്ച് നടന്നോ, അതെല്ലാം വീണ്ടും അനുഭവിക്കാന്‍ ഈ ചിത്രത്തിലൂടെ ഒന്ന് സഞ്ചരിച്ചാല്‍ മതി. സിനിമ മനസ്സിലുണ്ടെങ്കിലും, പുസ്തകങ്ങളോട് ഇഷ്ടമുള്ള ഏതൊരാള്‍ക്കും വായനയില്‍ കൂടിയും, നമ്മള്‍ കണ്ടറിഞ്ഞ നാട്ടുവഴികളിലൂടെ ബൈജുവേട്ടന്റെയും കുമ്പളം ബ്രദേഴ്സിന്റെയും ഒപ്പം വീണ്ടും നടക്കുവാനുള്ള അവസരമാണ് ഈ തിരക്കഥ സാധ്യമാക്കുന്നത്. 'രക്ഷാധികാരി ബൈജു (ഒപ്പ്)'. രഞ്ജന്‍ പ്രമോദ്. ലോഗോസ് ബുക്സ്. വില 294 രൂപ.

◾ നമ്മള്‍ കഴിക്കുന്ന ഓരോ ഭക്ഷണവും ചര്‍മത്തിന്റെ ആരോഗ്യത്തെ നേരിട്ടു ബാധിക്കുന്നു. ചില ഭക്ഷണങ്ങള്‍ ശരീരത്തില്‍ വീക്കം ഉണ്ടാക്കുകയും കൊളാജന്‍ നശിപ്പിക്കുകയും ചെയ്യാം. ഇത് കോശങ്ങളുടെ വാര്‍ധക്യത്തെ ഗണ്യമായി വേഗത്തിലാക്കും. ചര്‍മത്തിലെ കൊളാജനും ഇലാസ്തികതയ്ക്കും പഞ്ചസാരയുമായി ക്രോസ്ലിങ്ക് ചെയ്യപ്പെടുമ്പോഴോ, ഓക്സിഡന്റുകള്‍ ചര്‍മത്തെ ദോഷകരമായി ബാധിക്കുമ്പോഴോ അകാല വാര്‍ധക്യം സംഭവിക്കുന്നു. ഇഡ്‌ലിയും പുട്ടുമൊക്കെ റൈസ് കേക്ക് വിഭാഗത്തിലാണ്. ഇവയുടെ ഉയര്‍ന്ന ഗ്ലൈസെമിക് സൂചിക രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് വര്‍ധിപ്പിക്കുന്നു. ഇത് ചര്‍മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടാന്‍ കാരണമാവുന്നു. ഗ്രില്ലിങ്, ഫ്രൈയിങ്, ബ്രോയിലിങ് എന്നിവ ഭക്ഷണത്തില്‍ 'അഡ്വാന്‍സ്ഡ് ഗ്ലൈക്കേഷന്‍ എന്‍ഡ് പ്രൊഡക്ട്സ്' രൂപപ്പെടുന്നതിന് കാരണമാകുന്നു. ഇവ ചര്‍മത്തിലെ പ്രോട്ടീനുകളെ തകര്‍ക്കുകയും കൊളാജന്‍ നശീകരണത്തിന് വഴിവയ്ക്കുകയും ചെയ്യുന്നു. ഡ്രൈ-ഹീറ്റ് രീതികള്‍ക്ക് പകരം സ്റ്റീമിങ്, ബോയിലിങ് രീതികള്‍ ശീലമാക്കാം. സാധാരണ ഭക്ഷണരീതികളും നിലവിലെ ലഘുഭക്ഷണ ശീലങ്ങളും പരിശോധിച്ച് സംസ്‌കരിച്ചതും പഞ്ചസാര അടങ്ങിയതുമായ ഭക്ഷണങ്ങള്‍ക്ക് പകരം പോഷകഗുണമുള്ള മികച്ച ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. ചര്‍മത്തിന്റെ അകാല വാര്‍ധക്യം തടയാനും ദീര്‍ഘകാല ആരോഗ്യം ഉറപ്പാക്കാനും സാധിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 94.29, പൗണ്ട് - 125.37, യൂറോ - 108.51, സ്വിസ് ഫ്രാങ്ക് - 117.82, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 66.28, ബഹറിന്‍ ദിനാര്‍ - 250.07, കുവൈത്ത് ദിനാര്‍ -306.15, ഒമാനി റിയാല്‍ - 245.26, സൗദി റിയാല്‍ - 25.12, യു.എ.ഇ ദിര്‍ഹം - 25.89, ഖത്തര്‍ റിയാല്‍ - 25.86, കനേഡിയന്‍ ഡോളര്‍ - 66.82.

Post a Comment

0 Comments