ന്യൂഡൽഹി: രാജ്യത്ത് എഥനോൾ മിശ്രിത ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ. നിലവിലുള്ള ഇ20 (E20) മാനദണ്ഡങ്ങൾക്കും അപ്പുറം, ഉയർന്ന അളവിൽ എഥനോൾ ചേർത്ത പെട്രോളിന് കേന്ദ്ര എക്സൈസ് ഡ്യൂട്ടി പൂർണ്ണമായും ഒഴിവാക്കി. കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.പുതിയ തീരുമാനപ്രകാരം 22 ശതമാനം മുതൽ 30 ശതമാനം വരെ എഥനോൾ അടങ്ങിയ പെട്രോൾ വകഭേദങ്ങൾക്ക് ഇനിമുതൽ എക്സൈസ് ഡ്യൂട്ടി നൽകേണ്ടതില്ല. ഇ22 (E22), ഇ25 (E25), ഇ27 (E27), ഇ30 (E30) എന്നീ ഇന്ധന വകഭേദങ്ങൾക്കാണ് ഈ നികുതിയിളവിന്റെ ആനുകൂല്യം ലഭിക്കുക. ഇ20 പരിധിക്കു മുകളിലുള്ള എഥനോൾ മിശ്രിതങ്ങൾക്ക് രാജ്യം നൽകുന്ന ആദ്യത്തെ വലിയ സാമ്പത്തിക ഉത്തേജനമാണിത്. വിദേശത്തുനിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും, ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന പരിസ്ഥിതി സൗഹൃദ ജൈവ ഇന്ധനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കാനുമുള്ള ഇന്ത്യയുടെ തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമായാണ് നടപടി. നിലവിൽ ലഭ്യമാകുന്ന പെട്രോളിൻ്റെ വിലയേക്കാൾ 20 രൂപ E85 പെട്രോളിന് കുറവായിരിക്കും
0 Comments