ഉസ്മാൻ ഡെംബലെയുടെ ഹാട്രിക്കിൽ നോർവെയെ 4-1ന് തകർത്ത് ഗ്രൂപ്പ് ചാംപ്യൻമാരായി ഫ്രാൻസ് നോക്കൗട്ടിൽ. 98ന് ശേഷം ആദ്യമായാണ് ഫ്രാൻസ് മൂന്ന് ഗ്രൂപ്പ് മൽസരങ്ങളും വിജയിക്കുന്നത്. ഇറാഖിനെ 5-0ന് തകർത്ത് ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായ സെനഗലും നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി.
ലോകകപ്പിലെ രണ്ടാമത്തെ അതിവേഗ ഹാട്രിക്. 32 മിനിറ്റിനകം ഉസ്മാൻ ഡെബെലെ നോർവെയുടെ വലകുലുക്കിയത് മൂന്നുവട്ടം. രണ്ടുഗോളുകൾക്ക് വഴിയൊരുക്കിയത് ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബാപ്പെ.
ഹാളണ്ടും എംബപ്പെയും തമ്മിലുള്ള ക്ലാസിക് പോരാട്ടം പ്രതീക്ഷിച്ചിരുന്നവർക്ക് പ്രീ- മാച്ച് ലൈനപ്പ് വന്നതോടെ നിരാശരാകേണ്ടി വന്നു. ഹാളണ്ടിന് വിശ്രമം നൽകിയതുൾപ്പടെ 10 മാറ്റങ്ങളുമായാണ് നോർവെ കളിക്കാനിറങ്ങിയത്. 25-ാം സെക്കൻഡിൽ എംബപെയുടെ ഷോട്ട് ക്രോസ്ബാറിലിടിച്ച് മടങ്ങിയാണ് മൽസരം തുടങ്ങിയത്. രണ്ടാം പകുതിയിൽ നോർവെയ്ക്ക് കിട്ടിയ പെനൽറ്റി ഫ്രഞ്ച് ഗോളി മിന്യോൻ രക്ഷപെടുത്തി.
ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഹാട്രികാണ് ഡെംബലെയുടേത്. 1994-ൽ റഷ്യയുടെ ഒലെഗ് സാലെങ്കോയ്ക്ക് ശേഷം ലോകകപ്പിന്റെ ആദ്യ പകുതിയിൽ ഒരു താരം മൂന്ന് ഗോളുകൾ നേടുന്നത് ഇതാദ്യമായാണ്. മത്സരത്തിൻ്റെ തുടക്കം മുതൽ നോക്കുമ്പോൾ, 1954-ൽ ഓസ്ട്രിയക്കായി എറിക് പ്രോബ്‌സ്റ്റ് 24 മിനിറ്റിൽ നേടിയ ട്രെബിളിന് പിന്നിൽ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ലോകകപ്പ് ഹാട്രിക്കാണിത്.
0 Comments