നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്കു (എൻ.എസ്.സുനിൽ) ജാമ്യം. വിചാരണ വൈകുന്നതിൽ കടുത്ത അതൃപ്തി അറിയിച്ചാണു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കേസിൽ ജയിലിൽ കഴിയുന്ന സുനിക്ക് ആദ്യമായാണു ജാമ്യം ലഭിക്കുന്നത്. സുനിക്കു ജാമ്യം ലഭിച്ചാൽ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്നു പറഞ്ഞ് അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നു കേരള സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു.
സുനിക്കു ജാമ്യം നൽകുന്നതിനെ കേരള സർക്കാർ ശക്തമായി എതിർത്തെങ്കിലും ഏഴര വർഷം പിന്നിട്ടിട്ടും വിചാരണയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ജാമ്യവ്യവസ്ഥകൾ തീരുമാനിക്കാൻ ഒരാഴ്ചയ്ക്കുള്ളിൽ സുനിയെ വിചാരണകോടതി മുൻപാകെ ഹാജരാക്കാനും ബെഞ്ച് നിർദേശിച്ചു. ജാമ്യവ്യവസ്ഥകൾ തീരുമാനിക്കുമ്പോൾ സംസ്ഥാന സർക്കാരിനു വിചാരണ കോടതി മുൻപാകെ വാദം ഉന്നയിക്കാവുന്നതാണെന്നും ജഡ്ജിമാരായ അഭയ് എസ്.ഓക്ക, എ.ജി.മസി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.കേസിലെ സാക്ഷികളുടെ എണ്ണം ഉൾപ്പെടെയുള്ള സാഹചര്യം ചൂണ്ടിക്കാട്ടി വിചാരണ നീണ്ടുപോകാമെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബൈജു എം.പൗലോസിനെ കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിന്റെ അഭിഭാഷകൻ തുടർച്ചയായി ക്രോസ് വിസ്താരം നടത്തുന്നതിനെക്കുറിച്ചും കോടതി പരാമർശിച്ചു. ക്രോസ് വിസ്താരം ഇങ്ങനെയാണെങ്കിൽ വിചാരണ എത്രത്തോളം നീണ്ടുപോകും? എന്തുതരം വിചാരണയാണ് കേസിൽ നടക്കുന്നത്? ബൈജു പൗലോസിനെ ദിലീപിന്റെ അഭിഭാഷകൻ നടത്തുന്ന ക്രോസ് വിസ്താരം 1800–ൽ പരം പേജുകളിലേക്ക് നീണ്ടതായും കോടതി ചൂണ്ടിക്കാട്ടി.
0 Comments