കണ്ണൂർ: ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പരസ്യമായി അപമാനിച്ചതിനു പിന്നാലെ കണ്ണൂർ എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധത്തിനൊരുങ്ങി റവന്യൂ ജീവനക്കാർ.
ബുധനാഴ്ച കൂട്ട അവധിയെടുക്കാനാണ് നീക്കം. പലയിടങ്ങളിലും റവന്യൂ ജീവനക്കാർ അവധി അപേക്ഷ നൽകിയതായാണ് റിപ്പോർട്ടുകൾ.
കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബുവിനെ ഇന്ന് രാവിലെയാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കണ്ണൂരിൽനിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച നവീൻ ബാബുവിന് ഇന്നലെ കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യാത്രയയപ്പ് നൽകിയിരുന്നു. ഈ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പങ്കെടുത്ത് നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടത്.
യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെയാണ് പി.പി. ദിവ്യ എത്തിയത്. എ.ഡി.എമ്മിനെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി കയറിവന്ന ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ചെങ്ങളായിയിൽ പെട്രോൾ പമ്പിന് അനുമതി നൽകുന്നത് മാസങ്ങളോളം വൈകിപ്പിച്ച എ.ഡി.എമ്മിന്റെ നടപടിയിൽ വിമർശനം ഉന്നയിച്ചിരുന്നു. സ്ഥലംമാറ്റം വന്നതിനുശേഷം രണ്ടുദിവസം മുമ്പ് അനുമതി നൽകിയെന്നും അത് എങ്ങനെയാണെന്ന് തനിക്കറിയാമെന്നും പറഞ്ഞ ദിവ്യ, രണ്ട് ദിവസത്തിനകം വിവരങ്ങൾ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു.
പത്തനംതിട്ട മലയാലപ്പുഴ പത്തിശേരി സ്വദേശിയാണ് നവീന്‍ ബാബു. ചൊവ്വാഴ്ച പത്തനംതിട്ടയിൽ ചുമതലയേല്‍ക്കാന്‍ ഇരിക്കെയാണ് മരണം.

0 Comments