കോഴിക്കോട് : താൻ നിലവിൽ മദ്രസ ബോർഡ് ചെയർമാൻ; മാറ്റാൻ തീരുമാനമുണ്ടെങ്കിൽ സ്വാഗതം ചെയ്യുന്നു -കാരാട്ട് റസാഖ്.
കാരാട്ട് റസാഖ്. ചെയർമാൻ എന്ന ബോർഡ് വാഹനത്തിൽ നിന്നും അഴിച്ചുമാറ്റിയിട്ട് കുറേ ദിവസമായി. ചെയർമാൻ പദവിയിൽ നിന്ന് മാറ്റാൻ സി.പി.എം തീരുമാനമുണ്ടെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും കാരാട്ട് റസാഖ് വ്യക്തമാക്കി.
കാരാട്ട് റസാഖിനെ മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയേക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സി.പി.എം നേതൃത്വം രാജിവെക്കാൻ നിർദേശം നൽകിയെന്നും വാർത്തയുണ്ട്. എന്നാൽ, രാജിവെക്കാൻ പറഞ്ഞിട്ടില്ലെന്നും ആവശ്യമെങ്കിൽ പദവിയിൽ നിന്ന് തന്നെ നീക്കാമെന്നുമാണ് കാരാട്ട് റസാഖിന്‍റെ നിലപാട്.
അതേസമയം, എൽ.ഡി.എഫ് വിട്ട പി.വി അൻവറുമായി കാരാട്ട് റസാഖ് കൂടിക്കാഴ്ച നടത്തിയ സാഹചര്യത്തിലാണ് ചെയർമാൻ പദവിയിൽ നിന്ന് നീക്കാൻ സി.പി.എം തീരുമാനിച്ചെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം ചേലക്കരയിലെത്തിയാണ് റസാഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തിയത്. അൻവർ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെപറ്റി പഠിക്കാനാണ് കൂടിക്കാഴ്ചയെന്നാണ് റസാഖിന്‍റെ വിശദീകരണം.

0 Comments