ന്യൂഡൽഹി: മനുഷ്യജീവന് ഭീഷണിയാകുന്ന വന്യജീവികളെ പിടികൂടാനും കൊല്ലാനും മാറ്റിപാർപ്പിക്കാനുമുള്ള അധികാരം സംസ്ഥാന സർക്കാരിനുണ്ടെന്ന് കേന്ദ്രവനംപരിസ്ഥിതി മന്ത്രി ഭൂപ്രേന്ദ്ര യാദവ്. ഇതിന് കേന്ദ്രസർക്കാരിൻ്റെ അനുമതി ആവശ്യമില്ല. വന്യജീവി സംരക്ഷണ നിയമത്തിൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. കേരളത്തിൽ പല തദ്ദേശസ്ഥാപനങ്ങളും ഈ അധികാരം ഉപയോഗിച്ച് കാട്ടുപന്നികളെ വെടിവച്ചുകൊന്നിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തന്നെ സന്ദർശിച്ച ബിജെപി സം സ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറുമായി സംസാരിച്ചശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.ഷെഡ്യൂൾ ഒന്നില്‍ ഉള്‍പ്പെട്ട വന്യമൃഗങ്ങൾ മനുഷ്യജീവന് ഭീഷണിയാകുന്ന സാഹചര്യമുണ്ടെങ്കിൽ കൊല്ലാൻ ചീഫ് വൈൽഡ് വാർഡന് അനുമതി നൽകാം. ഷെഡ്യൂൾ രണ്ടിൽ ഉൾപ്പെട്ടവയാണെങ്കിൽ വൈൽഡ് ലൈഫ് വാർഡനോ ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥനോ അനുമതി നൽകാം. തദ്ദേശ സ്ഥാപനങ്ങൾക്കും അധികാരമുണ്ട്. വന്യമൃഗങ്ങളെ വേട്ടയാടുന്നതിനാണ് നിയന്ത്രണമുള്ളതെന്നും മന്ത്രി പറഞ്ഞു. അതേസമയം, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കഴിയില്ലെന്നും വനംപരിസ്ഥിതി മന്ത്രാലയ ഉദ്യോഗസ്ഥർ വ്യക്തമാക്കി.കേരളത്തിൽ അഞ്ചുവർഷത്തിനിടെ കൊന്നത് 4663 കാട്ടുപന്നികളെകഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് വെടിവച്ചു കൊന്നത് 4663 കാട്ടുപന്നികളെ. ജനവാസമേഖലയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാൻ ആദ്യമായി ഉത്തരവിറങ്ങിയ 2020 മേയ് 18 മുതലുള്ള കണക്കാണിത്. കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ 420 അംഗീകൃത ഷൂട്ടർ മാരാണ് സംസ്ഥാനത്തുള്ളത്. എൻ എ നെല്ലിക്കുന്ന് എംഎൽഎയുടെ ചോദ്യത്തിനു മന്ത്രി എ കെ ശശീന്ദ്രൻ നൽകിയ മറുപടിയിലാണ് നിയമസഭാ മണ്ഡലം തിരിച്ചുള്ള കണക്കുള്ളത്. മലപ്പുറത്തെ വണ്ടൂർ മണ്ഡലത്തിൽ ഇതുവരെ 383 കാട്ടുപന്നികളെ കൊന്നു. നെന്മാറയിൽ 333 കാട്ടുപന്നികളെ കൊന്നു.നിലമ്പൂർ: 213, മണ്ണാർക്കാട് 185, കോങ്ങാട് : 141, പാലക്കാട് 186, പട്ടാമ്പി 269, ഷൊർണൂർ 110, തിരുവമ്പാടി 217, വാമനപുരം 254, പുനലൂർ 107, ചേലക്കര 236 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ കണക്ക്. വടക്കൻ ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങൾ അധികാരം കൂടുതലായി വിനിയോഗിക്കുന്നതായി കണക്കുകൾ പറയുന്നു. 2020ൽ ആദ്യം അനുമതി നൽകുമ്പോൾ തോക്ക് ലൈസൻസുള്ളവരെ വനംവകുപ്പ് എംപാനൽ ചെയ്താണ് ഇതിനുപയോഗിച്ചിരുന്നത്. പിന്നീട് ഇതു ഫലപ്രദമല്ലെന്നു കാട്ടി തദ്ദേശസ്ഥാപനങ്ങൾക്കു സർക്കാർ അനുമതി നൽകി.

0 Comments