തിരുവനന്തപുരം : മലബാറിൽ ഇത്തവണയും പ്ലസ് വൺ സീറ്റ് ക്ഷാമം. സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷാ സമർപ്പണം പൂർത്തിയായപ്പോൾ മലബാറിലെ നാല് ജില്ലകളിൽ ഒഴിവുള്ള മെറിറ്റ് സീറ്റുകളേക്കാൾ കൂടുതൽ അപേക്ഷകർ. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 11,633 വിദ്യാർഥികൾക്ക് മെറിറ്റിൽ പ്രവേശനം കിട്ടിയേക്കില്ല. ഒന്നിലധികം ജില്ലകളിൽ അപേക്ഷിച്ചവരുടെ എണ്ണം കുറയുമ്പോൾ ഏതാനും പേർക്ക് കൂടി പ്രവേശനത്തിന് സാധ്യതയുണ്ട്.
അതേസമയം, ആവശ്യത്തിന് അപേക്ഷകരില്ലാത്ത 10 ജില്ലകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കും. മലപ്പുറത്താണ് സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത്. 13,226 അപേക്ഷകർ. ഇവിടെ ഇനി മെറിറ്റിൽ 8,703 സീറ്റുകൾ മാത്രമാണ് ഒഴിവുള്ളത്. 4,523 വിദ്യാർഥികളുടെ പ്രവേശനമാണ് ഇവിടെ തുലാസിലാവുക. പാലക്കാട് ജില്ലയിൽ 4,493 വിദ്യാർഥികൾ പുറത്താകും. 3,850 മെറിറ്റ് സീറ്റുകളുള്ള പാലക്കാട്ട് 8,343 അപേക്ഷരാണുള്ളത്. 5,352 സീറ്റുകളുള്ള കോഴിക്കോട് ജില്ലയിൽ 7,518 പേരും 4,486 സീറ്റുകളുള്ള കണ്ണൂരിൽ 4,937 പേരും സപ്ലിമെന്ററി അലോട്ട്‌മെന്റിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 53,789 അപേക്ഷകളാണ് സപ്ലിമെന്ററി അലോട്ട്‌മെന്റിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. മൂന്ന് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിൽ ആദ്യത്തേത് നാളെ രാത്രി പ്രസിദ്ധീകരിക്കും. വെള്ളിയാഴ്ച രാവിലെ 10 മുതൽ സ്‌കൂളുകളിൽ പ്രവേശനം നേടാം. അതിനിടെ, അൺ എയ്ഡഡ് മേഖലയിൽ 335 അധിക മാർജിനൽ സീറ്റുകൾ കൂടി അനുവദിച്ചു. ഇതോടെ 50 വിദ്യാർഥികൾ പഠിക്കുന്ന ബാച്ചിൽ 55 വിദ്യാർഥികളെ പ്രവേശിപ്പിക്കാം.

0 Comments