കുന്ദമംഗലം: കേരളത്തിലേക്ക് ലഹരിമരുന്നിന്റെ മൊത്തക്കച്ചവടം നടത്തിവന്ന രണ്ടുപേരെ ബെംഗളൂരുവിൽ നിന്നും കുന്ദമംഗലം പോലീസ് പിടികൂടി. കൊടുവള്ളി സ്വദേശി തെക്കേപ്പൊയിൽ അബ്ദുൾ കബീർ (36), കൊടുവള്ളി, പരപ്പൻപൊയിൽ സ്വദേശി നങ്ങിച്ചിതൊടുകയിൽ നിഷാദ് (38) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ഏപ്രിൽ 24 ന് കുന്ദമംഗലം പൊലീസ് പടനിലം സ്വദേശി കീക്കാൽ ഹൗസിൽ റിൻഷാദിൻ്റെ (24) പക്കൽ നിന്ന് ആരാമ്പ്രം പുള്ളിക്കോത്ത് ഭാഗത്ത് സ്കൂട്ടറിൽ വിൽപ്പനയ്ക്കെത്തിച്ച 59.7 ഗ്രാം മാരകലഹരിമരുന്നായ എംഡിഎംഎ പിടികൂടിയിരുന്നു.കൊടുവള്ളി ഫുഡ് ഡെലിവറി
ഈ പ്രതിയെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നും പ്രതിയുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകൾ പരിശോധിച്ച് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ലഹരിമരുന്നു മൊത്തക്കച്ചവടം നടത്തുന്നവരെക്കുറിച്ച് മനസ്സിലാക്കിയത്. 'തുടർന്ന് കുന്ദമംഗലം പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ ബെംഗളൂരുവിലുണ്ടെന്നു കണ്ടെത്തുകയും കുന്ദമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്‌ടർ കിരണിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ നിധിൻ, എസ്‌സിപിഒമാരായ ബിജു മുക്കം, അജീഷ് താമരശ്ശേരി, വിജേഷ് പുല്ലാളൂർ എന്നിവർ ചേർന്ന് ബെംഗളൂരുവിലെ എം.എസ് പാളയം എന്ന സ്‌ഥലത്തു വെച്ച് സാഹസികമായി പ്രതികളെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.
അറസ്‌റ്റിലായ അബ്‌ദുൾ കബീറും നിഷാദും ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നൈജീരിയ സ്വദേശികളിൽ നിന്നും ലഹരിമരുന്നു മൊത്തമായി വാങ്ങി സൂക്ഷിക്കുകയും ആവശ്യപ്രകാരം വിതരണക്കാർക്ക് മൊത്തമായി നൽകി വരികയായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നതിലെ മുഖ്യകണ്ണികളാണ് ഇവരെന്നും പൊലീസ് പറഞ്ഞു. പിടിയിലായ അബ്‌ദുൾ കബീർ കൊടുവള്ളി പൊലീസ് സ്‌റ്റേഷനിൽ ഗുണ്ടാ ലിസ്റ്റിലുള്ള ആളാണ്. കൊടുവള്ളി, കുന്ദമംഗലം സ്റ്റേഷനുകളിലായി നിരവധി അടിപിടി കേസിലും ലഹരിമരുന്നു വിൽപ്പനയ്ക്കായി സൂക്ഷിച്ചതിനും ഉപയോഗിച്ചതിനും ജനുവരിയിൽ ആരാമ്പ്രത്ത് വെച്ച് 13.9 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായതിനും ഇയാൾക്കെതിരെ കേസുണ്ട്.കൊടുവള്ളി ഫുഡ് ഡെലിവറി
നിഷാദിന് സുൽത്താൻ ബത്തേരി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പൊൻകുഴിയിൽ വെച്ച് കാറിൽ എംഡിഎംഎ പിടികൂടിയത് ഉൾപ്പെടെ നിരവധി കേസുകളുണ്ട്. ലഹരിമരുന്നു വിൽപ്പനയിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് പ്രതികൾ ആർഭാട ജീവിതം നയിച്ചുവരികയായിരുന്നു. ആരൊക്കെയാണ് ഇവരുടെ ലഹരി മാഫിയ സംഘത്തിലെ കൂട്ടാളികളെന്നത് വിശദമായി പരിശോധിച്ച് അന്വേഷണം ഊർജിതമാക്കുമെന്ന് നാർകോട്ടിക് സെൽ അസി. കമ്മിഷണർ കെ.എ ബോസ് പറഞ്ഞു. അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.

0 Comments