മലപ്പുറം: മലബാറിലെ മൂന്ന് ജില്ലകളില്‍ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ ആശങ്ക കൂടുന്നു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി ഏഴുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മൂന്ന് ജില്ലകളിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത് ആരോഗ്യവകുപ്പിന് വലിയ ആശങ്കയുണ്ടാക്കുന്നു. ഈ ജില്ലകളിലായി ഏഴുപേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
രോഗത്തിന്റെ ഉറവിടം കൃത്യമായി കണ്ടെത്താൻ കഴിയാത്തതാണ് ആരോഗ്യ വകുപ്പിനെ പ്രധാനമായും വലയ്ക്കുന്നത്. നിലവിൽ രോഗം സ്ഥിരീകരിച്ച ഏഴു പേരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇതിൽ കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. മലപ്പുറം ചേലമ്പ്ര സ്വദേശിയായ യുവാവും താമരശ്ശേരി സ്വദേശിയായ കുട്ടിയും ഉൾപ്പെടെയുള്ളവരാണ് ചികിത്സയിലുള്ളത്.
*എന്താണ് അമീബിക് മസ്തിഷ്ക ജ്വരം?*
കെട്ടിക്കിടക്കുന്നതോ ഒഴുക്കുള്ളതോ ആയ ജലസ്രോതസ്സുകളുമായി ബന്ധപ്പെടുന്നവരിലാണ് സാധാരണയായി ഈ അപൂർവ രോഗം കാണപ്പെടുന്നത്. 'നേഗ്ലെറിയ ഫൗലേറി', 'അക്കാന്ത അമീബ' തുടങ്ങിയ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ മൂക്കിലൂടെ തലച്ചോറിലേക്ക് കടക്കുമ്പോഴാണ് രോഗം ബാധിക്കുന്നത്.
രോഗം മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരില്ല. 97 ശതമാനത്തിലധികം മരണ നിരക്കുള്ള രോഗമാണിത്.
> *രോഗ ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും*
തീവ്രമായ തലവേദന, പനി, ഛർദ്ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ. കുട്ടികളിൽ ഭക്ഷണം കഴിക്കാനുള്ള വിമുഖതയും രോഗ ലക്ഷണമായി കണ്ടു വരുന്നു.
രോഗം ഗുരുതരമായാൽ അപസ്മാരം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളും കാണാം.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും പൂർണ്ണമായും ഒഴിവാക്കണം. വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം ശുദ്ധമാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.
കൂടാതെ, മലിനമായ ജലത്തിൽ കുളിക്കുമ്പോൾ മൂക്കിലേക്ക് വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കണം. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.
0 Comments