രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. നേതാക്കൾ കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്. കേസോ പരാതിയോ ഇല്ലാത്ത സാഹചര്യത്തിൽ രാജി ആവശ്യപ്പെടേണ്ടതില്ലെന്ന് കെപിസിസി തീരുമാനിച്ചിരുന്നു. വിവാദം അവസാനിപ്പിക്കാനും ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനും മറ്റ് മാർഗ്ഗങ്ങളില്ലെന്ന വിലയിരുത്തലിലാണ് തീരുമാനം. അതേസമയം എംഎൽഎ സ്ഥാനത്ത് രാഹുലിന് തുടരാം.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട കെപിസിസി നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ രാഹുലിന്റെ രാജിയിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്ന് അറിയിച്ചിരുന്നത്. എന്നാൽ രാഹുലിന് പറയാനുള്ളത് കൂടി കേൾക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ രാജി സമ്മർദത്തിൽ നിന്ന് കോൺഗ്രസ് നേതാക്കൾ പിന്നോട്ട് പോവുകയാണ്.
രാഹുലിനെക്കൊണ്ട് എംഎൽഎ സ്ഥാനം രാജിവെപ്പിച്ചാൽ പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരം ഒരു സാഹചര്യം ഒരുക്കി പാലക്കാട്ടെ സീറ്റ് കൈവിട്ടാൽ ഇനി വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളെ അത് കാര്യമായി ബാധിക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. സ്ത്രീ വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ എടുക്കുന്നുവെന്ന് പൊതുസമൂഹത്തിന് തോന്നൽ ഉണ്ടാകണം അതില്ലെങ്കിൽ വരുന്ന തിരഞ്ഞെടുപ്പുകളിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്ന് വനിതാ നേതാക്കളടക്കം നിലപാട് എടുത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.
0 Comments