ന്യൂഡൽഹി: ഡൽഹിയിലെ ദരിയാഗഞ്ചിലെ ശ്യാംലാൽ മാർഗിൽ പണി പൂർത്തീകരിച്ച മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം 'ഖാഇദേ മില്ലത്ത് സെന്റർ' ഇന്ന് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങി ഇന്ത്യ സഖ്യത്തിലെ മറ്റ് ഉന്നത നേതാക്കളും രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖരും ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം വെയിറ്റ് ലിഫ്റ്റിങ് ഹാളിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ അതിഥികളായിരിക്കും. കൂടാതെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും രജിസ്റ്റർ ചെയ്ത മുസ്ലിം ലീഗ് പ്രതിനിധികളും നേതാക്കളുമടക്കം 3000 പേർ സമ്മേളനത്തിൽ പങ്കെടുക്കും. മുതിർന്ന അഭിഭാഷകനും പാർലമെന്റ് അംഗവുമായ കബിൽ സിബൽ 'ഇലക്ഷൻ ഫ്രോഡ്: ഡെത്ത് ഓഫ് ഡെമോക്രസി' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും.
അഞ്ച് നിലകളിലായി പണിതുയർത്തിയ സമുച്ചയത്തിൽ ദേശീയ ഭാരവാഹികൾക്കുള്ള ഓഫീസുകൾ, മീറ്റിങ് ഹാളുകൾ, വർക്ക് സ്‌പേസുകളും കൂടാതെ കൊമേഴ്‌സ്യൽ സ്‌പേസ്, ബോർഡ് റൂം, ഡിജിറ്റൽ സ്‌ക്രീനോടുകൂടിയ കോൺഫറൻസ് ഹാൾ, പബ്ലിക് ഹാൾ, ഡെയിനിങ് ഏരിയ, പ്രാർഥനാ മുറി എന്നിവ ഉൾപ്പെടുത്തി അത്യാധുനിക സംവിധാനങ്ങങ്ങളും സൗകര്യങ്ങളുമുള്ളതായിരിക്കും.
സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ ദേശീയ രാഷ്ട്രീയ ഉപദേശകസമിതി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ, ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ട്രഷറർ പി.വി അബ്ദുൽ വഹാബ് എംപി, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി, ഭാരവാഹികളായ അബ്ദുൽ സമദ് സമദാനി എംപി, അഡ്വ് ഹാരിസ് ബീരാൻ എംപി, ഖുറം അനീസ് ഉമർ തുടങ്ങിയവർ പങ്കെടുക്കും.
0 Comments