LATEST

6/recent/ticker-posts

ദുരന്തവക്കിൽകൂടത്തായ് പാലം കണ്ണ് തുറക്കാതെ സർക്കാർ യൂത്ത് ലീഗ് സംസ്ഥാന പാത ഉപരോധിച്ചു.


കൂടത്തായി : എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിലെ കൂടത്തായ് പാലം അപകട ഭീഷണിയിൽ. പാലത്തിനു താഴെ കാണുന്ന തൂണിൽ വലിയ വിള്ളൽ വീണതും മുകളിൽ മധ്യഭാഗത്ത് ടാറിംഗ് പൊട്ടി പൊളിഞ്ഞതും വലിയൊരു ദുരന്തത്തിന് കാരണമായേക്കുമെന്ന ആശങ്കയിലാണ് പ്രദേശ വാസികൾ. 1966 മലബാർ കൺസ്ട്രക്ഷൻസ് കമ്പനിയാണ് പാലം നിർമ്മിച്ചത്. സംസ്ഥാന പാതയായ ഈ പാലത്തിലൂടെ ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് കടന്നു പോകുന്നത്. സ്കൂൾ - മദ്രസ വിദ്യാർത്ഥികളടക്കം കാൽ നടയാത്രക്കാരും നിരവധിയാണ്. അര നൂറ്റാണ്ടിലധികം പഴക്കമുള്ള പാലത്തിന് ബലക്ഷയം സംഭവിച്ചത് ഇതിനകം നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതാണ്. എന്നാൽ കാര്യമായ ഇടപെടലുകൾ സർക്കാറിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.

  228 കോടി രൂപ ചിലവഴിച്ച് കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാത നവീകരണ പ്രവർത്തി നടന്നപ്പോൾ കൂടത്തായ് പാലത്തിൻ്റെ അപകടാവസ്ഥ പരിഹരിക്കുന്നതിന് ഇതിൽ നടപടിയുണ്ടാകുമെന്ന് അധികൃതർ പറഞ്ഞിരുന്നു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീ ധന്യ കൺസ്ട്രക്ഷൻ കമ്പനിയാണ് പ്രവർത്തി ഏറ്റെടുത്ത് നിർവ്വഹിച്ചിരുന്നത്. എന്നാൽ പാലത്തിൻ്റെ അപകടാവസ്ഥ പരിഹരിക്കാൻ പ്രസ്തുത കമ്പനി യാതൊരു നടപടിയും സ്വീകരിച്ചില്ല.
                   സംസ്ഥാന പാതയിലെ ഈ പ്രദേശങ്ങളിൽ അശാസ്ത്രീയമായ ടാറിംഗ് സംവിധാനം കൊണ്ട് പലയിടത്തും വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ അപകടങ്ങളും പതിവാണ്. റോഡിൽ കുഴികൾ രൂപപ്പെട്ടതിനാൽ കഴിഞ്ഞ ദിവസം ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് എതിരെ വന്ന വാഹനത്തിലിടിച്ച് ഒരാൾ മരണപ്പെട്ടിരുന്നു.
ഭാരമുള്ള വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടെന്ന് ബോർഡ് വെച്ചു എന്നല്ലാതെ കാര്യമായ നിയന്ത്രണ സംവിധാനമില്ലാത്തത് റോഡ് തകരാൻ പ്രധാന കാരണമാണ്. അപകടകരമായ ടാറിംഗ് സംവിധാനം സംബന്ധിച്ച് നിർമ്മാണ കമ്പനിക്കെതിരെ വിജിലൻസ് അന്വേഷണ റിപ്പോർട്ട് വെളിച്ചം കാണാതെ പോയത് വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നതാണ്. 
        പാലത്തിൻ്റെ അപകടാവസ്ഥക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൂടത്തായ് യൂനിറ്റ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംസ്ഥാന പാത ഉപരോധിച്ചു. സംസ്ഥാന പ്രവർത്തക സമിതിയംഗം റഫീഖ് കൂടത്തായ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ടി.കെ. ജീലാനി അദ്ധ്യക്ഷത വഹിച്ചു. യൂനിറ്റ് പ്രസിഡണ്ട് എ.കെ.ഷാനവാസ് സ്വാഗതം പറഞ്ഞു.

വി.കെ. ഇമ്പിച്ചി മോയി പി.പി. കുഞ്ഞമ്മത്, എ.കെ. അസീസ് കെ.കെ.മുജീബ്, സി.പി ഉണ്ണിമോയി , പി.പി ജുബൈർ, ഷരീഫ് പള്ളിക്കണ്ടി പ്രസംഗിച്ചു.
ഉപരോധ സമരത്തിന്
സി.പി. നുഅ്മാൻ, ജാഫർ പള്ളിക്കണ്ടി, എ.കെ.റാമിസ്, വി.കെ. മോയി, കെ.കെ.ജലീൽ, പി.കെ. മുഹമ്മദ് ഹാഫിസ് , കെ.പി ഷൗക്കത്തലി, കെ.പി നിയാസ്, എ.കെ. അതിൽ ഷാൻ തുടങ്ങിയവർ നേതൃത്വം നൽകി.


Post a Comment

0 Comments