LATEST

6/recent/ticker-posts

അമീബിക്‌ മസ്തിഷ്‌ക ജ്വരം:ജാഗ്രതയുമായി ഓമശ്ശേരി.



ഓമശ്ശേരി:അമീബിക്‌ മസ്തിഷ്ക ജ്വരം ബാധിച്ച്‌ നാലു മാസം പ്രായമുള്ള കുട്ടി മരണപ്പെട്ട സാഹചര്യത്തിൽ ജാഗ്രതയോടെ ഓമശ്ശേരി.രോഗം സ്ഥിരീകരിച്ച കുട്ടി ഒരു മാസത്തോളം കോഴിക്കോട്‌ മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ ചികിൽസയിലായിരുന്നു.ഓമശ്ശേരി പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന ജനപ്രതിനിധികളുടേയും ആരോഗ്യ പ്രവർത്തകരുടേയും അവലോകന യോഗത്തിൽ നിലവിലെ അവസ്ഥ വിശദമായി ചർച്ച ചെയ്തു.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത അനിവാര്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു.നിലവിൽ മറ്റാർക്കും രോഗം റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ബോധവൽക്കരണ പരിപാടികളും കിണർ ക്ലോറിനേഷൻ പ്രവർത്തനങ്ങളും ഗവ:ഫാമിലി ഹെൽത്ത്‌ സെന്ററിന്റെ മേൽനോട്ടത്തിൽ ആരോഗ്യ പ്രവർത്തകരുടേയും ആശ വർക്കർമാരുടേയും നേതൃത്വത്തിൽ ഊർജ്ജിതമായി നടന്നു വരികയാണ്‌.ക്ലോറിനേഷൻ പ്രവർത്തങ്ങൾക്കായി 25000 രൂപ കുടുംബാരോഗ്യ കേന്ദ്രത്തിന്‌ അടിയന്തിരമായി കൈമാറുന്നതിന്‌ പഞ്ചായത്ത്‌ തീരുമാനമെടുത്തിട്ടുണ്ട്‌.

യോഗം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർ മാൻ പി.കെ.ഗംഗാധരൻ സ്വാഗതം പറഞ്ഞു.പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി ടീച്ചർ,കെ.പി.രജിത,മെഡിക്കൽ ഓഫീസർ ഡോ:പി.രമ്യ,ഹെൽത്ത്‌ ഇൻസ്പെക്ടർ വി.സുനിൽ കുമാർ,സി.ഡി.എസ്‌.ചെയർ പേഴ്സൺ സുഹറാബി നെച്ചൂളി എന്നിവർ സംസാരിച്ചു.ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്‌ടർ മാർ,ജൂനിയർ പബ്ലിക്‌ ഹെൽത്ത്‌ നഴ്സുമാർ,മുഴുവൻ വാർഡിലേയും ചുമതലയുള്ള ആശ പ്രവർത്തകർ,എം.എൽ.എസ്‌.പിമാർ,കുടുംബശ്രീ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

Post a Comment

0 Comments