*തിരുവനന്തപുരം* : കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും എതിര്‍പ്പ് മറികടന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭയിലെത്തി.
അന്തരിച്ച നേതാക്കള്‍ക്ക് നിയമസഭ ചരമോപചാരം അര്‍പ്പിക്കുന്നതിനിടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയിലെത്തിയത്. രാവിലെ ഏതാനും കോണ്‍ഗ്രസ് നേതാക്കളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ ആശയവിനിമയം നടത്തിയിരുന്നതായി സൂചനയുണ്ട്.
നിയമസഭയില്‍ ചരമോപചാരം അര്‍പ്പിക്കുന്നതിനാല്‍ എതിര്‍പ്പ് ഉണ്ടാകില്ലെന്ന വിലയിരുത്തലിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ക്യാംപ്. പച്ച ഖദര്‍ ഷര്‍ട്ടും മുണ്ടും ധരിച്ച് ബാഗുമാണ് രാഹുല്‍ നിയമസഭയിലെത്തിയത്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് നേമം ഷജീറിനൊപ്പം സ്വകാര്യ വാഹനത്തിലാണ് രാഹുലെത്തിയത്. ലൈംഗികാരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രതിപക്ഷ നിരയില്‍ നിന്നും കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തിരുന്നു.
പാർലമെന്ററി പാർട്ടിയില്‍ നിന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയെന്നു കാണിച്ച് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നല്‍കിയിരുന്നു. രാഹുലിനെ പ്രത്യേക ബ്ലോക്ക് ആയി കണക്കാക്കുമെന്ന് സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയിലെത്തുന്നതിനെ എതിർത്തും അനുകൂലിച്ചും കോണ്‍ഗ്രസില്‍ തന്നെ രണ്ട് അഭിപ്രായങ്ങളുണ്ട്. രാഹുല്‍ നിയമസഭയിലെത്തിയതോടെ കോണ്‍ഗ്രസിലെ ഭിന്നത രൂക്ഷമാകാൻ സാധ്യതയേറി.
0 Comments