തൃശൂർ: രാഹുൽ ഗാന്ധിയെ വെടിവെച്ചു കൊല്ലുമെന്ന് ചാനൽ ചർച്ചയിൽ ഭീഷണി മുഴക്കിയ ബി.ജെ.പി നേതാവ് പ്രിന്റു മഹാദേവൻ കീഴടങ്ങി. പ്രവർത്തകർക്കൊപ്പം പേരാമംഗലം പൊലീസ് സ്റ്റേഷനിൽ എത്തിയാണ് കീഴടങ്ങിയത്. ജില്ലയിലെ ബി.ജെ.പി നേതാക്കളുടെ വീടുകളിൽ പൊലീസ് റെയ്ഡ് തുടരവെയാണ് പൊലീസ് സ്റ്റേഷനിൽ ഹാജരായത്.
താൻ ഹിംസയെ പ്രോത്സാഹിപ്പിക്കുന്ന ആളല്ലെന്നും താനൊരു അധ്യാപകനാണെന്നും പ്രിന്‍റു മാധ്യമങ്ങളോട് പറഞ്ഞു. അതിനാൽ, സത്യം വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം കുന്നംകുളം മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും.
പ്രിന്റു മഹാദേവൻ ഒളിവിലാണെന്ന് പേരാമംഗലം പൊലീസ് ഇന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നു. അധ്യാപകനായ പ്രിന്റു എ.ബി.വി.പി മുൻ സംസ്ഥാന പ്രസിഡന്റും ബി.ജെ.പി ടീച്ചേഴ്സ് സെൽ സംസ്ഥാന കൺവീനറുമാണ്. കെ.പി.സി.സി സെക്രട്ടറി സി.സി. ശ്രീകുമാറിന്റെ പരാതിയിൽ ഭാരതീയ ന്യായസംഹിതയിലെ 192, 351 (2), 352 വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്.
അതേസമയം, രാഹുൽ ഗാന്ധിക്കെതിരെ ഭീഷണി മുഴക്കിയ ബി.ജെ.പി നേതാവ് പ്രിൻറു മഹാദേവിനെ ന്യായീകരിച്ചും പൊലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കിയും ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ രംഗത്തെത്തി. പ്രിൻറുവിന് സംഭവിച്ചത് നാക്കുപിഴയാണെന്നും അതിന്റെ പേരിൽ ബി.ജെ.പിയെ വേട്ടയാടാൻ ശ്രമിച്ചാൽ ഏതു പൊലീസുകാരനെയും ചാണകം മുക്കിയ ചൂൽ കൊണ്ട് അടിക്കുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
0 Comments