*ഫിലിപ്പീൻസി* മധ്യ ഫിലിപ്പീൻസിലെ ശക്തമായ ഭൂകമ്പത്തിൽ 60 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഫിലിപ്പീൻസിലെ പാലോംപോണിന് പടിഞ്ഞാറ്, സെബു പ്രവിശ്യയിലെ ബോഗോ നഗരത്തിന് സമീപമാണ് ഭൂകമ്പം ഉണ്ടായത്. 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. മേഖലയിലുടനീളമുള്ള കുറഞ്ഞത് 22 കെട്ടിടങ്ങളെങ്കിലും തകർന്നുവീണതായി ദേശീയ ദുരന്ത സാധ്യതാ ലഘൂകരണ, മാനേജ്‌മെന്റ് കൗൺസിൽ അറിയിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ അറിയിച്ചു.
സാൻ റെമിജിയോ പട്ടണത്തിൽ ബാസ്കറ്റ്ബോൾ മത്സരത്തിനിടെ സ്പോർട്സ് കോംപ്ലക്സ് തകർന്നുവീണ് 22 പേർ മരിച്ചു. ഇതിൽ ഫിലിപ്പൈൻ കോസ്റ്റ് ഗാർഡിലെ മൂന്ന് അംഗങ്ങളും ഒരു അഗ്നിശമന സേനാംഗവും ഉൾപ്പെടുന്നു. ചില പള്ളികൾ ഭാഗികമായി തകരുകയും സ്കൂളുകൾ ഒഴിപ്പിക്കേണ്ടി വരികയും ചെയ്തു. സെബു പ്രവിശ്യയിൽ ഒരു മാളിൽ തീപിടുത്തമുണ്ടായി കെട്ടിടങ്ങൾക്ക് വിള്ളലുകളും വൈദ്യുതി തടസ്സവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭൂകമ്പത്തെ തുടർന്ന് തലസ്ഥാനമായ മനിലയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള താൽ അഗ്നിപർവ്വതത്തിൽ ചെറിയൊരു സ്ഫോടനവും ഉണ്ടായിട്ടുണ്ട്.
അപകടസാധ്യതകൾ ഉള്ളതിനാൽ പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്കരമാണ്. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭൂകമ്പത്തിന്റെ പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യാൻ ഫിലിപ്പീൻസ് സർക്കാർ വേഗത്തിൽ നടപടികൾ സ്വീകരിക്കുന്നുണ്ട്. ചെറിയ സുനാമി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലെയ്റ്റ്, സെബു, ബിലിരാൻ ദ്വീപുകളിലെ ജനങ്ങളോട് തീരപ്രദേശങ്ങളിൽ നിന്ന് മാറി നിൽക്കാനും കടലിലേക്ക് പോകരുതെന്നും നിർദേശമുണ്ട്.
0 Comments