LATEST

6/recent/ticker-posts

ലൈഫ്‌ ഭവന പദ്ധതി:ഓമശ്ശേരിയിൽ 90 കുടുംബങ്ങൾക്ക്‌ ശുചിമുറിക്ക്‌ 10.80 ലക്ഷം രൂപ കൈമാറി.


ഓമശ്ശേരി:ലൈഫ്‌ ഭവന പദ്ധതിയിൽ വീട്‌ നിർമ്മിച്ച ഓമശ്ശേരി പഞ്ചായത്തിലെ 90 കുടുംബങ്ങൾക്ക്‌ ശുചിത്വ മിഷന്റെ എസ്‌.ബി.എം.ഗ്രാമീൺ ഫണ്ടിൽ നിന്ന് 12000 രൂപ വീതം ആകെ 10.80 ലക്ഷം രൂപ രണ്ട്‌ ഘട്ടങ്ങളിലായി വിതരണം ചെയ്തു.ആദ്യ ഘട്ടത്തിൽ ജനറൽ,എസ്‌.സി.വിഭാഗങ്ങളിൽ നിന്നുള്ള 60 പേർക്കാണ്‌ ഫണ്ട്‌ നൽകിയത്‌.കഴിഞ്ഞ ദിവസം നടന്ന രണ്ടാം ഘട്ട വിതരണത്തിൽ 30 പട്ടിക ജാതി കുടുംബങ്ങൾക്ക്‌ കൂടി ഫണ്ട്‌ കൈമാറി.ആകെ 100 പേർക്കുള്ള ഫണ്ടിനായിരുന്നു പഞ്ചായത്ത്‌ ഭരണസമിതി ആദ്യ ഘട്ടത്തിൽ റിക്വസ്റ്റ്‌ നൽകിയത്‌.അത്‌ പൂർണ്ണമായും പഞ്ചായത്തിന്‌ അനുവദിക്കുകയായിരുന്നു.ശേഷിക്കുന്ന 10 പേർക്ക്‌ ഉടൻ ഫണ്ട്‌ ലഭ്യമാവുമെന്ന് അധികൃതർ പറഞ്ഞു.ലൈഫ്‌ ഭവന പദ്ധതിയിൽ വീട്‌ നിർമ്മിച്ച മുഴുവൻ പേർക്കും ശുചിമുറിക്കുള്ള ഫണ്ട്‌ ലഭ്യമാക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ്‌ പഞ്ചായത്ത്‌ ഭരണസമിതി.ലൈഫ്‌ ഭവന പദ്ധതിയിൽ വീട്‌ നിർമ്മിക്കാൻ നൽകിയ 4 ലക്ഷം രൂപക്ക്‌ പുറമെയാണ്‌ ശുചി മുറി നിർമ്മിക്കാൻ 12000 രൂപ വീതം 90 ലൈഫ്‌ ഗുണഭോക്താക്കൾക്ക്‌ വിതരണം ചെയ്തത്‌.ഇതിന്‌ പുറമെ തൊഴിലുറപ്പ്‌ പദ്ധതിയിലുൾപ്പെടുത്തി ലൈഫ്‌ ഭവന പദ്ധതിയിൽ വീട്‌ നിർമ്മിച്ച എല്ലാവർക്കും 31,140 രൂപ വീതം തൊഴിലുറപ്പ്‌ പദ്ധതി മുഖേനയും പഞ്ചായത്ത്‌ നൽകിയിട്ടുണ്ട്‌.

കമ്മ്യൂണിറ്റി ഹാളിൽ നടന്ന എസ്‌.സി.വിഭാഗത്തിലെ 30 ലൈഫ്‌ ഗുണഭോക്താക്കളുടെ സംഗമത്തിൽ വെച്ച്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ രണ്ടാം ഘട്ട ഫണ്ടിന്റെ വിതരണോൽഘാടനം നിർവ്വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ പി.കെ.ഗംഗാധരൻ സ്വാഗതം പറഞ്ഞു.പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,എം.ഷീല,വില്ലേജ്‌ എക്സ്റ്റൻഷൻ ഓഫീസർ കെ.മുഹമ്മദ്‌ ഹാഫിസ്‌ എന്നിവർ സംസാരിച്ചു.


Post a Comment

0 Comments