*ജെറുസലേം* ഗാസാ സിറ്റി വളഞ്ഞതായി ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ്. നെറ്റ്സാരിം ഇടനാഴി പിടിച്ചെടുത്തുവെന്നും ഗാസയെ വടക്കും തെക്കുമായി വിഭജിച്ചതായും ഇസ്രയേൽ കാറ്റ്സ് എക്സിൽ കുറിച്ചു. അവശേഷിക്കുന്ന ജനം എത്രയും പെട്ടെന്ന് സ്ഥലം വിടണമെന്നും അല്ലാത്തവരെ ഭീകരവാദികളായി കണക്കാകുമെന്നും കാറ്റ്സ് കൂട്ടിച്ചേർത്തു.
'ഗാസയെ ഇസ്രയേൽ സൈന്യം വളഞ്ഞിരിക്കുന്നു. തെക്കോട്ട് പോകുന്ന ഏതൊരാളും ഇസ്രയേൽ സൈന്യത്തിന്റെ പരിശോധനാ ചെക്ക്പോസ്റ്റുകൾ വഴി മാത്രമേ കടന്നുപോകാവൂ. തെക്കോട്ട് നീങ്ങാൻ ആഗ്രഹിക്കുന്ന ഗാസാ നിവാസികൾക്ക് ഇത് അവസാന അവസരമാണ്. ഹമാസിനെ നഗരത്തിൽ ഒറ്റപ്പെടുത്താനും ഇസ്രയേൽ സൈന്യത്തിന്റെ പ്രവൃത്തി ശക്തിപ്പെടുത്താനുമാണ് തീരുമാനം. ഗാസയിൽ തുടരുന്ന ജനങ്ങളെ ഭീകരവാദികളായി കണക്കാക്കും. ഹമാസിനെ നിരായുധീകരിക്കുന്നത് വരെ ഇസ്രയേൽ സൈന്യം തങ്ങളുടെ പ്രവർത്തനം തുടരാൻ ദൃഢനിശ്ചയമെടുത്തിരിക്കുന്നു. എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കും,’ കാറ്റ്സ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനുള്ള പാതയിലാണ് തങ്ങളെന്നും ഇസ്രയേൽ കാറ്റ്സ് കുറിച്ചു.
രണ്ടു വർഷത്തോളമായി പശ്ചിമേഷ്യയുടെയും ലോകത്തിന്റെയും ഉള്ളുനീറ്റുന്ന ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച വെടിനിർത്തൽ പദ്ധതി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകരിച്ചിരുന്നു. തിങ്കളാഴ്ച വൈറ്റ്ഹൗസിൽ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം വിളിച്ച സംയുക്ത പത്രസമ്മേളനത്തിലാണ് ഗാസയിൽ സമാധാനം പുലരാനുള്ള തന്ത്രപരമായ കരാറിനോട് വളരെ അടുത്തെത്തിയെന്ന് ട്രംപ് അറിയിച്ചത്.
കരാർ അംഗീകരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹമാസാണ്. ഹമാസിന് നാലു ദിവസത്തെ സമയവും ട്രംപ് അനുവദിച്ചിരുന്നു. മധ്യസ്ഥരായ ഖത്തറും ഈജിപ്തും കരാറിന്റെ പകർപ്പ് തങ്ങളുമായി പങ്കുവച്ചിട്ടുണ്ടെന്നും ശുഭാപ്തിവിശ്വാസത്തോടെയും ഉത്തരവാദിത്തത്തോടെയും അത് പരിശോധിച്ച് വിലയിരുത്തിയ ശേഷം മറുപടി പറയുമെന്നാണ് ഹമാസ് പ്രതികരിച്ചത്.
അടിയന്തര വെടിനിർത്തൽ, ഹമാസിന്റെ പക്കൽ ശേഷിക്കുന്ന ബന്ദികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കൽ, ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യത്തിന്റെ പടിപടിയായുള്ള സൈനികപിന്മാറ്റം എന്നിവയാണ് ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയുടെ ലക്ഷ്യം. ഹമാസിന്റെ നിരായുധീകരണവും യുദ്ധാനന്തരം രാജ്യാന്തര നേതൃത്വത്തിലുള്ള ഇടക്കാല ഭരണവും കരാർ ആവശ്യപ്പെടുന്നു. ഈ ഇടക്കാല സർക്കാരിനെ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ നയിക്കണമെന്നാണ് ട്രംപിന്റെ ശുപാർശ.
ഇതിനിടെയാണ് ഇസ്രയേൽ സൈന്യം ഗാസയിൽ ആക്രമണം ശക്തിപ്പെടുത്തിയതും ജനങ്ങളോട് ഗാസവിട്ട് പോകാൻ നിർദേശിച്ചിരിക്കുന്നതും.
0 Comments