കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കാസര്‍കോടും എതിരില്ലാതെ സ്ഥാനാര്‍ത്ഥി. മംഗല്‍പാടി പഞ്ചായത്തില്‍ എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിക്ക് എതിരില്ല. പഞ്ചായത്ത് 24ാം വാര്‍ഡില്‍ മണിമുണ്ടയിലാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി സമീന ടീച്ചര്‍ എതിരില്ലാതെ മത്സരിക്കുന്നത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആണ് സമീന ടീച്ചര്‍.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ട വാര്‍ഡ് ആണിത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് ആണ് അന്ന് വാര്‍ഡില്‍ നിന്നും വിജയിച്ചത്. മുഹമ്മദ് പിന്നീട് മുസ്ലിം ലീഗില്‍ ചേര്‍ന്നു. ഇതോടെയാണ് സിപിഐഎമ്മിന് സ്ഥാനാര്‍ത്ഥി ഇല്ലാതെയായത്.
കണ്ണൂര്‍ ജില്ലയില്‍ കണ്ണപുരം, മലപ്പട്ടം ഗ്രാമപഞ്ചായത്തുകളിലെ രണ്ടിടത്തും ആന്തൂര്‍ നഗരസഭയിലെ രണ്ടിടത്തും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിര്‍സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നില്ല. കണ്ണപുരത്ത് 13ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ രേഷ്മ പി വി, 14-ാം വാര്‍ഡിലേക്ക് മത്സരിക്കുന്ന രതി പി എന്നിവര്‍ക്കാണ് എതിര്‍ സ്ഥാനാര്‍ത്ഥികളില്ലാത്തത്.
ആന്തൂര്‍ നഗരസഭയിലെ മോഴാറ വാര്‍ഡില്‍ മത്സരിക്കുന്ന കെ രജിത, പൊടിക്കുണ്ട് വാര്‍ഡിലെ കെ പ്രേമരാജന്‍, മലപ്പട്ടം പഞ്ചായത്തിലെ അടുവാപ്പുറം നോര്‍ത്തില്‍ മത്സരിക്കുന്ന ഐ വി ഒതേനന്‍, അടുവാപ്പുറം സൗത്തില്‍ മത്സരിക്കുന്ന സി കെ ശ്രേയ എന്നിവര്‍ക്കാണ് എതിര്‍ സ്ഥാനാര്‍ത്ഥികളില്ലാത്തത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായ ഇന്നലെ ആറിടങ്ങളിലും മറ്റ് പത്രികകളൊന്നും സമര്‍പ്പിക്കാതിരുന്നതോടെ എല്‍ഡിഎഫ് അവരുടെ സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പിച്ച് രംഗത്തെത്തുകയായിരുന്നു.
0 Comments