LATEST

6/recent/ticker-posts

ഒതായി മനാഫ് വധക്കേസ്; പ്രതി മാലങ്ങാടൻ ഷഫീഖിന് ജീവപര്യന്തം കഠിന തടവ് പിഴത്തുക കൊല്ലപ്പെട്ട മനാഫിന്‍റെ സഹോദരി ഫാത്തിമക്ക് നൽകണമെന്നും കോടതി വിധിച്ചു


മലപ്പുറം: മലപ്പുറം ഒതായി മനാഫ് വധക്കേസ് ഒന്നാം പ്രതി മാലങ്ങാടൻ ഷഫീഖിന് ജീവപര്യന്തം തടവ്. ഒരു ലക്ഷം രൂപ പിഴയും മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി ചുമത്തി. പിഴത്തുക കൊല്ലപ്പെട്ട മനാഫിന്‍റെ സഹോദരി ഫാത്തിമക്ക് നൽകണമെന്നും കോടതി വിധിച്ചു.


കേസില്‍ പ്രതികളായിരുന്ന മറ്റ് മൂന്ന് പേരെ കോടതി വെറുതെ വിട്ടിരുന്നു. ഒന്നാംപ്രതി മാലങ്ങാടന്‍ ഷെഫീഖിനെതിരെ കൊലക്കുറ്റത്തിനു കൃത്യമായ തെളിവുകള്‍ ഉണ്ടെന്ന് കോടതി കണ്ടെത്തി. മുന്‍ എംഎല്‍എ പി.വി അന്‍വറിന്‍റെ സഹോദരി പുത്രനാണ് ഷെഫീഖ്. കൂട്ടുപ്രതികളായ മാലങ്ങാടന്‍ ശരീഫ്, മുനീബ്, കബീര്‍ എന്നിവരെയാണ് വെറുതെ വിട്ടത്. പ്രധാന സാക്ഷി കൂറുമാറിയതോടെ കേസില്‍ പി.വി അന്‍വര്‍ ഉള്‍പ്പെടെ 21 പേരെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.

1995 ഏപ്രില്‍ 13നാണ് എടവണ്ണ ഒതായി അങ്ങാടിയില്‍ ലീഗ് പ്രവര്‍ത്തകനായ മനാഫ് പിതാവിന്‍റെ മുന്നില്‍ വെച്ച് കൊല്ലപ്പെട്ടത്. ഭൂമി സംബന്ധമായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. ഒന്നാം പ്രതിയായ മാലങ്ങാടന്‍ ഷെഫീഖ് 2020ല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് പിടിയിലായത്. മറ്റു മൂന്നുപേര്‍ പിന്നീട് കോടതിയില്‍ കീഴടങ്ങി. സിബിഐ മുന്‍ സീനിയര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ട് വി.എന്‍ അനില്‍കുമാറാണ് കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍.

Post a Comment

0 Comments