തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് അപേക്ഷ നല്‍കിയത്. യുവതിയുമായി ഉണ്ടായിരുന്നത് സൗഹൃദം മാത്രമെന്ന് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുലിനെതിരായ ബലാത്സംഗക്കേസില്‍ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് അപേക്ഷ.
നേരത്തെ, എഫ്‌ഐആറില്‍ ചുമത്തിയ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍ എന്ന പരാതി ശരിയല്ലെന്നും അത്തരത്തില്‍ വിവാഹവാഗ്ദാനം നല്‍കി ഉപദ്രവിച്ചിട്ടില്ലെന്നും ജാമ്യാപേക്ഷയില്‍ പറഞ്ഞിട്ടുണ്ട്. മാത്രമല്ല, കേസുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ യുവതിയുമായി സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അതിനപ്പുറമുള്ള ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും അപേക്ഷയില്‍ രാഹുല്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ കേസില്‍ തനിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യമുന്നിയിച്ചിരിക്കുന്നത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതിന് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് നേരത്തെ സൂചനകളുണ്ടായിരുന്നതെങ്കിലും ഹൈക്കോടതിയെ സമീപിക്കേണ്ടെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സെഷന്‍സ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഇത്തരം കേസുകളില്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുമ്പോള്‍ സ്വാഭാവികമായും സെഷന്‍സ് കോടതിയെ സമീപിക്കണമെന്ന് നിര്‍ദേശിക്കുമെന്നതിനാലാണ് നീക്കം.
നേരത്തെ, രാഹൂല്‍ മാങ്കൂട്ടത്തിലിനെതിരായ എഫ്ഐആറിലെ കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പുറത്തുവന്നിരുന്നു. രാഹുല്‍ യുവതിയെ മൂന്നുതവണ ബലാത്സംഗം ചെയ്തുവെന്നും നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്.
ബലാത്സംഗം, വിവാഹ വാഗ്ദാനം നല്‍കി പീഡനം, ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കല്‍, വീട്ടില്‍ അതിക്രമിച്ചുകയറല്‍ തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്.
0 Comments